KERALAM

വൈദ്യുതി പ്രതിസന്ധിയിലും കേന്ദ്രസഹായം തേടി

തിരുവനന്തപുരം:കേന്ദ്രവിരുദ്ധ നിലപാടെടുത്ത് സ്മാർട്ട് മീറ്റർപോലും നിരസിച്ച കേരളം ഒടുവിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന്റെ സഹായം തേടി.

വലിയ ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കാനും പഡ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കാനും സാമ്പത്തിക സഹായം വേണം. രാത്രികാലങ്ങളിൽ പുറമെ നിന്ന് വൈദ്യുതി വൻവിലയ്ക്ക് വാങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാൻ കേന്ദ്രധനസഹായം വേണം. കേന്ദ്രതാപനിലയങ്ങളിൽ നിന്ന് അധിക വൈദ്യുതി വേണം. ഇവയാണ് ആവശ്യപ്പെട്ടത്.

കേന്ദ്രപൂളിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കാൻ കർശന വ്യവസ്ഥകളുണ്ട്. അതു സാദ്ധ്യമല്ലാതെ വന്നാൽ, എൻ.ടി.പി.സിയുടെ താപനിലയങ്ങളിലും ആണവനിലയങ്ങളിലും നിന്ന് അധികവൈദ്യുതി കുറഞ്ഞ നിരക്കിൽ നൽകണമെന്നാണ് ആവശ്യം.രാജസ്ഥാനിലെ അറ്റോമിക് പവർ സ്റ്റേഷനിൽ നിന്ന് 350മെഗാവാട്ടും, തൽച്ചാറിലെ എൻ.ടി.പി.സിതാപനിലയിൽ നിന്ന് അധികമായി 220മെഗാവാട്ടും എൻ. ടി. പി.സിയുടെ ബാർഹ് താപനിലയത്തിൽ നിന്ന് അധികമായി 233മെഗാവാട്ടും അടുത്ത വർഷം ജൂൺ വരെ നൽകണമെന്നാണ് ആവശ്യം. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ വേനൽക്കാലത്ത് രൂക്ഷമായ വൈദ്യുതി ക്ഷാമമുണ്ടാകുമെന്നതാണ് സ്ഥിതി.

6000 മെഗാവാട്ട് വേണം

# കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ ക്രമക്കേടിന്റെ പേരിൽ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയെങ്കിലും പകരം പുതിയ കരാറുണ്ടാക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികൾ പൂർത്തിയാക്കാനാകാതെ പോകുകയും മഴ കുറയുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.

# വരുന്ന വേനലിൽ 6000 മെഗാവാട്ടായി ഉപഭോഗം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം 5200 മെഗാവാട്ടിൽ എത്തിയിരുന്നു. കരാർ പ്രകാരം കിട്ടുന്ന വൈദ്യുതിയും ജലവൈദ്യുതി,സോളാർ ഉൽപാദനവും കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയും ഉൾപ്പെടെ 4300 മെഗാവാട്ടണ് നിലവിലെ ലഭ്യത.

#കാസർകോട്ട് ബാറ്ററി

സ്റ്റോറേജിന് ടെൻഡർ

കേന്ദ്രസർക്കാർ 135കോടിരൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചത് കണക്കിലെടുത്ത് കാസർകോട് മൈലാടിയിൽ 500 മെഗാവാട്ടിന്റെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാൻ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ വിളിച്ചു. ഫെബ്രുവരിയിൽ നടപടി പൂർത്തിയാകും. കെ.എസ്.ഇ.ബിക്ക് വേണ്ടി നാഷണൽ സോളാർ എനർജി കോർപറേഷനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. സ്വകാര്യ സംരംഭമാണിത്.അവയിൽ നിന്ന് കെ.എസ്.ഇ.ബി നിശ്ചിതനിരക്കിൽ വൈദ്യുതി വാങ്ങണമെന്നാണ് വ്യവസ്ഥ. 2026 മുതലാണ് പ്രയോജനപ്പെടുക.


Source link

Related Articles

Back to top button