കെ.എസ്.ഇ.ബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തു, സർക്കാരിന് 6250കോടി വായ്പ അധികം കിട്ടും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പയെടുക്കൽ പരിധിയിൽ കേന്ദ്രം 0.5% വർദ്ധന അനുവദിക്കാൻ വേണ്ടി കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ 90% ഏറ്റെടുത്തുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കി. ഇതോടെ 6250 കോടിരൂപ കൂടുതൽ വായ്പയെടുക്കാൻ അനുമതി കിട്ടും.
വർഷതോറും കെ.എസ്.ഇ.ബിയുടെ നിശ്ചിതശതമാനം നഷ്ടം ഏറ്റെടുത്താൽ സംസ്ഥാന സർക്കാരിന് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3% എന്ന പതിവ് വായ്പാപരിധിക്ക് പുറമെ അരശതമാനംകൂടി കടമെടുക്കാൻ അർഹത ലഭിക്കും.ഇതു പ്രകാരമാണ് നടപടി.
ഓഡിറ്റ് പ്രകാരം കെ.എസ്.ഇ.ബിയുടെ 2023 – 24ലെ നഷ്ടം 549.21 കോടിയാണ്. ഇതിന്റെ 90 ശതമാനമായ 494.28 കോടി ഏറ്റെടുത്താണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
അതേസമയം ഈ നഷ്ടത്തിന്റെ പേരിലാണ് കഴിഞ്ഞ മാസം നിരക്ക് വർദ്ധന നടപ്പാക്കാൻ റെഗുലേറ്ററി കമ്മിഷൻഅനുമതി നൽകിയത്. നഷ്ടം സർക്കാർ ഏറ്റെടുത്തതോടെ നിരക്ക് വർദ്ധന സാങ്കേതികമായി അപ്രസക്തമാകും.എന്നാൽ കഴിഞ്ഞ വർഷത്തെ കെ.എസ്.ഇ.ബിയുടെ നഷ്ടം അടുത്ത വർഷത്തെ വരവിൽ ഉൾക്കൊള്ളിക്കുമെന്നും ഇനിയുള്ള വർഷങ്ങളിലെ നിരക്ക് വർദ്ധന കണക്കാക്കുമ്പോൾ അത് വെട്ടിക്കുറയ്ക്കുമെന്നുമാണ് റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണം.
2022-23വർഷം കെ.എസ്.ഇ.ബിയുടെ നഷ്ടം 913കോടിയായിരുന്നു.അതിന്റെ 75% ആയ 767.715 കോടി രൂപ സർക്കാർ ഏറ്റെടുത്തിരുന്നു.ഈ തുക ഈ വർഷം കെ.എസ്.ഇ.ബി.യുടെ നഷ്ടത്തിൽ കുറവ് ചെയ്താണ് നിരക്ക് വർദ്ധന കണക്കാക്കിയതെന്നും റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.സമാനമായ രീതി അടുത്തവർഷവും സ്വീകരിക്കും.ഉപഭോക്താക്കൾക്ക് നഷ്ടമുണ്ടാകില്ലെന്നും അവർ അറിയിച്ചു.
Source link