KERALAM

ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി: വയനാട് ടൗൺഷിപ്പ് തടസ്സം നീങ്ങുന്നു

കൽപ്പറ്റ / കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ അടുത്ത മന്ത്രിസഭാ യോഗത്തിൽ ടൗൺഷിപ്പ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാദ്ധ്യത. എം.ടിയുടെ വേർപാടിനെ തുടർന്ന് മാറ്റിവച്ച മന്ത്രിസഭാ യോഗം അടുത്ത ദിവസം ചേർന്നേക്കും.

എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്നും ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിൽ നിന്നുമാണ് 143 ഏക്കർ ഏറ്റെടുക്കുന്നത്. ഇനി നിയമ തടസങ്ങളുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഒരാഴ്‌ചയ്‌ക്കുള്ളിൽ സർവേ പൂർത്തിയാക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഡി.പി.ആർ തയ്യാറാക്കും. ഇതിനായി കഴിഞ്ഞദിവസം നോഡൽ ഓഫീസറെ നിയമിച്ചിരുന്നു. അഞ്ച്, പത്തു സെന്റുകളിലായി 1,000 ചതുരശ്ര അടിവിസ്തൃതിയുള്ള ആയിരം വീടുകളാണ് നിർമ്മിക്കുക. ഒറ്റ ഘട്ടത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. മേപ്പാടി നെടുമ്പാലയിലും കൽപ്പറ്റ ബൈപ്പാസിന് സമീപവുമാണ് ടൗൺഷിപ്പ്. ഊരാളുങ്കൽ സൊസൈറ്റിക്ക് നിർമ്മാണച്ചുമതല നൽകിയേക്കും.

വീടുകൾ വാഗ്ദാനം ചെയ്തവരുമായി ജനുവരി ആദ്യവാരം മുഖ്യമന്ത്രി ചർച്ച നടത്തും. നേരത്തെ സബ് കളക്ടർ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. പരാതി പരിഹരിച്ച് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ജൂലായ് 30നുണ്ടായ ദുരന്തത്തിൽ ആയിരത്തോളം കുടുംബങ്ങളാണ് ഇരയായത്.

നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാം

നഷ്ടപരിഹാരം പൂർണമായും ഉടമകൾക്ക് നേരിട്ട്നൽകിയശേഷം രണ്ട് തേയിലത്തോട്ടങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. പട്ടയം അസാധുവാക്കി എസ്റ്റേറ്റുകൾ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുള്ളതിനാൽ തുക കോടതിയിൽ കെട്ടിവയ്ക്കാമെന്നായിരുന്നു സ‌ർക്കാർ നിലപാട്. പട്ടയക്കേസ് എതിരായാൽ എസ്റ്റേറ്റ് ഉടമകൾ തുക റീഫണ്ട് ചെയ്യണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദ്ദേശിച്ചു. ഹാരിസൺ നെടുമ്പാല ടീ എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കാനാണ് ഒക്ടോബർ നാലിന് ഉത്തരവിറക്കിയത്.

എല്ലാ കൈവശരേഖകളും ഹാജരാക്കിയ ഉടമകൾക്ക് ഭൂമിയേറ്റെടുക്കൽ, പുനരധിവാസ നിയമപ്രകാരം (2013) മതിയായ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം നൽകാതെ, ദുരന്തനിവാരണ നിയമം(2015) പ്രകാരം ഏറ്റെടുക്കാനാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

തു​ക​ ​കു​റ​ഞ്ഞാ​ൽ​ ​ത​ർ​ക്ക​പ​രി​ഹാ​ര​ ​ന​ട​പ​ടി

 ഭൂമിയേറ്റെടുക്കൽ, പുനരധിവാസ നിയമപ്രകാരം നഷ്ടപരിഹാരത്തുക സർക്കാർ നിശ്ചയിക്കണം

 തുക തൃപ്തികരമല്ലെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് തർക്കപരിഹാര നടപടി സ്വീകരിക്കാം

 ഭൂമി അളക്കാനും അതിരുകൾ നിർണയിക്കാനും മറ്റും ഉടമകൾ സഹകരിക്കണം

‘ജനുവരിയിൽ പൂർത്തിയാക്കുന്ന രണ്ടാംഘട്ട പട്ടികയിൽ തകർന്ന ലയങ്ങളിൽ താമസിച്ചിരുന്നവരെയും ഉൾപ്പെടുത്തും”.

-കെ. രാജൻ, റവന്യു മന്ത്രി

‘നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ച് അടുത്ത മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കണം”.

– മനോജ് ചൂരൽമല, ആക്ഷൻ കമ്മിറ്റി കൺവീനർ


Source link

Related Articles

Back to top button