‘ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്ന് തെളിയിച്ചു’ : തൃശൂർ മേയർക്കെതിര വിഎസ് സുനിൽകുമാർ
തൃശൂർ: കോർപ്പറേഷൻ മേയർ എംകെ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ. ചോറ് ഇവിടെയും കൂറ് അവിടെയുമെന്ന രീതിയാണ് മേയർക്കെന്നും അദ്ദേഹം ആരോപിച്ചു.സ്നേഹ സന്ദേശയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനിൽ നിന്ന് ക്രിസ്മസ് കേക്ക് സ്വീകരിച്ചതാണ് സുനിൽകുമാറിനെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. കേക്ക് സ്വീകരിച്ച നടപടി ആസൂത്രിതമാണന്നും അദ്ദേഹം ഒരു വാർത്താചാനലിനോട് പറഞ്ഞു.
‘ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിന്റെ ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് സഹായകമാകുന്ന നടപടികളാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്ന് അന്നുതന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് എൽഡിഎഫ് തീരുമാനിക്കേണ്ട കാര്യമാണ്. എന്തുചെയ്താലും സ്ഥാനം നഷ്ടപ്പെടില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്തുചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാൽ നമുക്ക് ഒന്നും ചെയ്യാനാവില്ല’- സുനിൽകുമാർ പറഞ്ഞു.
എംകെ വർഗീസിന്റെ സീറ്റിന്റെ ബലത്തിലാണ് തൃശൂർ കോർപ്പറേഷനിലെ ഇടതുഭരണം മുന്നോട്ടുപോകുന്നത്. മേയർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയാൽ പിന്തുണ പിൻവലിക്കുമെന്നും അങ്ങനെ കോർപ്പറേഷൻ ഭരണം പോകുമെന്നും സിപിഎം ഭയക്കുന്നുണ്ട്. അതിനാലാണ് മേയർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ അദ്ദേഹം പലപ്പോഴും പുകഴ്ത്തിയിരുന്നു. ഇത് വിമർശനത്തിനിടയാക്കിയതോടെ വാക്കുകളിൽ രാഷ്ട്രീയം കലർത്തേണ്ട എന്ന മറുപടിയുമായി മേയർ രംഗത്തെത്തിയിരുന്നു.
സ്നേഹത്തിന്റെ ദിവസമായ ക്രിസ്മസിന് വീട്ടിൽ ആരുവന്നാലും സ്വീകരിക്കുമെന്നും മറ്റൊരു ചിന്തയും ഇല്ലായിരുന്നു എന്നുമാണ് സുരേന്ദ്രന്റെ സന്ദർശനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സുരേന്ദ്രൻ വന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. മേയറുമായുളള കൂടിക്കാഴ്ച രാഷ്ട്രീയ പരമല്ലെന്നും സ്നേഹത്തിന്റെ സന്ദർശം മാത്രമായിരുന്നു എന്നാണ് സുരേന്ദ്രനും പറഞ്ഞത്.
Source link