പുതിയ രൂപത്തിലും ഭാവത്തിലും നവകേരള ബസ് വീണ്ടും സർവീസിന്, ഇത്തവണയെങ്കിലും കാലക്കേട് മാറുമോ?
കോഴിക്കോട്: നവകേരള ബസ് രൂപമാറ്റത്തോടെ വീണ്ടും നിരത്തിലേക്ക്. പതിനൊന്ന് സീറ്റുകൾ അധികമായി ഘടിപ്പിക്കുകയും നിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബസിന് ഇതുവരെ ഉണ്ടായിരുന്ന കാലക്കേട് മാറുമെന്നാണ് കരുതുന്നത്. പഴയതുപോലെ കോഴിക്കോട്-ബംഗളൂരു റൂട്ടിലായിരിക്കും നവകേരള ബസ് സർവീസ് നടത്തുക. ഇതിനായി രൂപമാറ്റം വരുത്തിയ ബസ് ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിച്ചിട്ടുണ്ട്.
പതിനൊന്ന് സീറ്റുകൾ അധികമായി പിടിപ്പിച്ചതോടെ ആകെ സീറ്റുകളുടെ എണ്ണം 37 ആയി ഉയർന്നു. ബസിലെ എക്സലേറ്റർ,പിൻ ഡോർ എന്നിവ ഒഴിവാക്കിയാണ് സീറ്റുകളുടെ എണ്ണം കൂട്ടിയത്. എന്നാൽ ടോയ്‌ലറ്റ് അതേപടി നിലനിറുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം ബസിന്റെ ചാർജും കാര്യമായി കുറച്ചിട്ടുണ്ട്. നേരത്തേ 1280 ആയിരുന്നത് ഇപ്പോൾ 930 ആയി കുറച്ചുവെന്നാണ് റിപ്പോർട്ട്.
നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കേരളം മുഴുവൻ സഞ്ചരിക്കാനാണ് ഒരുകോടിയിലേറെ രൂപ മുടക്കി ആഡംബര ബസ് വാങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും പണംമുടക്കി ബസ് വാങ്ങിയത് വൻ വിവാദമായിരുന്നു. നവകേരള യാത്രയ്ക്കുശേഷം ബസ് സർവീസിനായി കെഎസ്ആർടിസിക്ക് കൈമാറുകയായിരുന്നു. ഇതുപ്രകാരം കോഴിക്കോട് – ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചെങ്കിലും കൊള്ളച്ചാർജ് മൂലം യാത്രക്കാർ സ്വീകരിച്ചില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്തതിനാൽ ഇതിൽ കയറാൻ ജനങ്ങൾ ഇടിച്ചുകയറുമെന്നും മുഖ്യമന്ത്രി ഇരുന്ന സീറ്റിൽ ഇരിക്കാൻ ആൾക്കാർ തിരക്കുകൂട്ടുമെന്നുമാണ് ബന്ധപ്പെട്ടവർ പ്രതീക്ഷിച്ചത്. യാത്രക്കാർ കൈയൊഴിഞ്ഞതോടെ ബസ് ഒതുക്കിയിട്ടു. ഇതും വിവാദമായി. തുടർന്നാണ് രൂപമാറ്റം വരുത്താനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.
Source link