ന്യൂഡൽഹി∙ ‘‘നിക്ഷേപകനു പണം പിൻവലിക്കാൻ കഴിയാത്ത ഒരു രാജ്യത്തിന്റെ പേര് പറയാമോ?’’– 2 വർഷം റിസർവ് ബാങ്ക് ഗവർണറും 5 വർഷം ഇന്ത്യയുടെ ധനമന്ത്രിയും 10 വർഷം പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻസിങിന്റെ ശാന്തവും തീക്ഷ്ണവുമായ വാക്കുകൾ രാജ്യസഭയെ പിടിച്ചുലച്ചു. നോട്ടുനിരോധനമെന്ന അപ്രതീക്ഷിത നടപടിയിൽ രാജ്യം പകച്ചുനിന്ന നാളുകൾ. സാമ്പത്തിക വിദഗ്ധർക്ക് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ. സാധാരണ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കുന്നതും നിയമത്തിന്റെ മറവിൽ കവർച്ച ചെയ്യുന്നതുമാണു നോട്ടുകൾ അസാധുവാക്കിയതു നടപ്പാക്കിയ രീതിയെന്ന മൻമോഹന്റെ വിമർശനം അധികാര കേന്ദ്രങ്ങളിൽ ചെന്നു തറച്ചു. ഹ്രസ്വവും ശക്തവുമായിരുന്നു 2016 നവംബർ 25ന് മൻമോഹൻസിങ് രാജ്യസഭയിൽ നടത്തിയ പ്രസംഗം.
മൻമോഹന്റെ പ്രസംഗത്തിന്റെ പൂർണരൂപം:
‘‘500, 1000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനാണു ഞാൻ ഇവിടെ നിൽക്കുന്നത്. കള്ളപ്പണം തടയുന്നതിനും കള്ളനോട്ടുകളുടെ പ്രചാരം തടയുന്നതിനും ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് തടയുന്നതിനുമാണ് ഈ നടപടിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വാദിക്കുന്നു. ഈ ഉദ്ദേശ്യത്തോടു ഞാൻ വിയോജിക്കുന്നില്ല. എന്നാൽ നോട്ടുകൾ അസാധുവാക്കാനുള്ള ഈ നടപടി നടപ്പാക്കുന്നതിൽ വൻവീഴ്ചയുണ്ടായി എന്നതിൽ രാജ്യത്തു രണ്ടഭിപ്രായമില്ല. തൽക്കാലത്തേക്കു ചില ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യതാൽപര്യത്തിനു ഗുണകരമാണിതെന്നു വാദിക്കുന്നവരെ ജോൺ കെയ്ൻസിന്റെ ഈ വാക്കുകൾ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ‘ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ നാമെല്ലാവരും മരിച്ചവരായിരിക്കും.’
അതുകൊണ്ട്, പ്രധാനമന്ത്രി ഒരൊറ്റ രാത്രിയിൽ അടിച്ചേൽപ്പിച്ച ഈ തീരുമാനത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്ന സാധാരണക്കാരുടെ പ്രയാസങ്ങൾ പരിഗണിക്കേണ്ടതു സുപ്രധാനമാണ്. പൂർണ ഉത്തരവാദിത്തോടെ ഞാൻ പറയട്ടെ, ഈ നടപടിയുടെ അന്തിമഫലം എന്താണെന്നു നമുക്കാർക്കും അറിയില്ല. 50 ദിവസം ക്ഷമയോടെ കാത്തിരിക്കാൻ പ്രധാനമന്ത്രി പറയുന്നു. ശരിയാണ്, 50 ദിവസം ചെറിയൊരു കാലയളവാണ്. എന്നാൽ പാവപ്പെട്ടവരും അടിസ്ഥാന ആവശ്യങ്ങൾപോലും നിർവഹിക്കാൻ പ്രയാസപ്പെടുന്നവരുമായ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് ഈ 50 ദിവസം ദുരിതങ്ങളുടെ പെരുമഴക്കാലമാണ്.
അതുകൊണ്ടാണ്, 60–65 പേർ ഈ നടപടിയെ തുടർന്നു മരണത്തിനു കീഴടങ്ങേണ്ടിവന്നത്. നമ്മുടെ കറൻസി, ബാങ്കിങ് സമ്പ്രദായത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ബലഹീനമാകാനേ ഇപ്പോഴത്തെ നടപടി ഉപകരിച്ചിട്ടുള്ളൂ. ജനം ബാങ്കുകളിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ അവരെ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേരു പറയാൻ പ്രധാനമന്ത്രിക്കു കഴിയുമോ എന്നറിയാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കെന്ന പേരിലുള്ള ഈ നടപടിയെ അപലപിക്കാൻ ഈ ഒരൊറ്റ കാര്യം മാത്രം മതിയെന്നു ഞാൻ കരുതുന്നു.
സർ, ഒരുകാര്യം കൂടി വ്യക്തമാക്കട്ടെ. രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ചയെ, ചെറുകിട വ്യവസായ രംഗത്തെ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു ജനസമൂഹത്തെ വല്ലാതെ മുറിപ്പെടുത്തുന്നതാണ് ഈ നടപടി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഇതുമൂലം 2 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നു ഞാൻ കരുതുന്നു. ഇത് ഏറ്റവും ലഘുവായ വിലയിരുത്തലാണ്. അതുകൊണ്ട്, സാധാരണക്കാർക്കുണ്ടാകുന്ന വിഷമതകൾ ലഘൂകരിച്ച് ഈ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന നിർദേശവുമായി പ്രധാനമന്ത്രി രംഗത്തുവരണം.
ദിനംപ്രതി നിയമഭേദഗതിയും പണം പിൻവലിക്കുന്നതു സംബന്ധിച്ച നിബന്ധനകളുമായി റിസർവ് ബാങ്ക് മുന്നോട്ടുവരുന്നത് ആർക്കും നല്ലതല്ല. ഇതു പ്രതിഫലിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസും ധനമന്ത്രിയുടെ ഓഫിസും റിസർവ് ബാങ്കും എത്ര ശോച്യമായ നിലയിലാണെന്നാണ്. റിസർവ് ബാങ്ക് ഇത്രയേറെ വിമർശന വിധേയമാകേണ്ടി വരുന്നതിൽ, ജനപക്ഷത്തു ന്യായീകരിക്കാവുന്നതാണെങ്കിലും, എനിക്ക് അതിയായ വിഷമമുണ്ട്.
ഇക്കാര്യത്തിൽ എനിക്കു കൂടുതൽ പറയാനില്ല. സാധാരണ ജനങ്ങളുടെ പ്രയാസങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രായോഗിക നടപടികളുമായി മുന്നോട്ടുവരാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. നമ്മുടെ സമൂഹത്തിലെ 90% ആളുകളും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണ്. കാർഷിക മേഖലയിൽ ജോലിചെയ്യുന്നവരാണ് 55 ശതമാനവും. അവരെല്ലാം അതീവ ബുദ്ധിമുട്ടിലാണ്.
ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം പേർക്കും പ്രയോജനകരമായിരുന്ന സഹകരണ ബാങ്ക് മേഖലയെ പണം കൈകാര്യം ചെയ്യുന്നതു വിലക്കിയതു മൂലമുള്ള ദുരിതത്തിനു കണക്കില്ല. ഈ പദ്ധതി നടപ്പാക്കിയതിൽ വൻവീഴ്ചയുണ്ടായിരിക്കുന്നു. സാധാരണക്കാരുടെ പേരുപറഞ്ഞു നിയമസാധുത അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു തികച്ചും സംഘടിതമായ കൊള്ളയാണ്. മറിച്ചാണെങ്കിൽ അതു ദയവായി ബോധ്യപ്പെടുത്തൂ.
സർ, ഞാൻ അവസാനിപ്പിക്കട്ടെ. വീഴ്ചകൾ ചൂണ്ടിക്കാട്ടുകയല്ല എന്റെ ലക്ഷ്യം. ഈ രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രയാസങ്ങൾ കുറയ്ക്കാനുള്ള പ്രായോഗിക വഴികളുമായി പ്രധാനമന്ത്രി രംഗത്തുവരുമെന്ന് ആത്മാർഥമായി ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി ’’.
Source link