ഓർമ്മയാകുന്ന മൗനിയായ എം.ടി

എം. മുകുന്ദൻ | Friday 27 December, 2024 | 2:40 AM
എം.ടിയെക്കുറിച്ച് ഒരുപാട് ഓർമ്മകൾ എന്നിലുണ്ട്. ആദ്യമായി അദ്ദേഹത്തെ കാണുന്നത്, കോഴിക്കോട്ടെ ഹോട്ടലിൽ വെച്ചാണ്. ഞാനും പുനത്തിൽ കുഞ്ഞബ്ദുള്ളയും ഒന്നിച്ചാണ് പോയത്. ഞങ്ങൾ രണ്ടുപേരും അന്ന് സാഹിത്യത്തിൽ പിച്ചവെച്ചു നടക്കുന്നവരായിരുന്നു. എം.ടിയുടെ കൂടെ ജി. അരവിന്ദനും പട്ടത്തുവിള കരുണാകരനുമുണ്ടായിരുന്നു.
എം.ടി ഇന്നത്തെപ്പോലെ മൗനിയായിരുന്നില്ല. ധാരാളം സംസാരിച്ചു. പിന്നെ ഒരു സ്വകാര്യം പറയാം. മയ്യഴി ഭാഷയിൽ പറഞ്ഞാൽ അവരെല്ലാവരും ‘ഇത്തിരി” ഇറക്കിയിരുന്നു. കാലം കടന്നു പോയി. എം.ടി ജ്ഞാനപീഠം ലഭിച്ച വലിയ എഴുത്തുകാരനായി. അരവിന്ദൻ കാഞ്ചനസീത പോലുള്ള മികച്ച ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രശസ്തനായി. പട്ടത്തുവിള കഥാസാഹിത്യത്തിലെ നാഴികക്കല്ലുകളായ പല കഥകളും എഴുതി.
ഞാനും വളർന്നു. ഞാൻ മയ്യഴിപ്പുഴയുടെ തീരങ്ങൾ എഴുതി. പുനത്തിൽ കുഞ്ഞബ്ദുള്ളയും വളർന്നു. കുഞ്ഞബ്ദുള്ള സ്മാരകശിലകൾ എഴുതി. ഒരിക്കൽ ഞാൻ വീണ്ടും എം.ടിയെ കാണാൻ പോയി. എം.ടി ഡൽഹിയിൽ സാഹിത്യ അക്കാഡമി മീറ്റിംഗിനു വന്നതായിരുന്നു. വളരെ നാളുകൾക്ക് ശേഷം ഞങ്ങൾ തമ്മിൽ കാണുകയായിരുന്നു. പക്ഷേ എം.ടി മൗനിയായിരുന്നു. ഒരക്ഷരം മിണ്ടുന്നില്ല. ഞാനും നിശബ്ദനായി. എം.ടി തുടരെ ബീഡി വലിച്ചുകൊണ്ട് ആലോചിച്ചിരുന്നു. ഇടയ്‌ക്കൊരിക്കൽ ജനലിനരികിൽ ചെന്ന് തിരിഞ്ഞു നിന്ന് സ്വയം ഇൻസുലിൻ കുത്തിവെച്ചു.
എം.ടി ഇടയ്‌ക്കിടെ മൗനം പാലിക്കുന്ന എഴുത്തുകാരനായിരുന്നു. ചിലപ്പോൾ തുടർച്ചയായ മൗനം. സംസാരിക്കുന്ന എം.ടിയെക്കാൾ മിണ്ടാതെയിരിക്കുന്ന എം.ടിയെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. എം.ടി എനിയ്‌ക്ക് മാതൃകാപുരുഷനായിരുന്നു. ഒരോ വാക്കും അതീവ ശ്രദ്ധയോടെയാണ് എം.ടി ഉച്ചരിച്ചതും എഴുതിയതും. ഭാഷയെ ഇങ്ങനെ എഡിറ്റ് ചെയ്ത് കൈകാര്യം ചെയ്ത മറ്റൊരു എഴുത്തുകാരൻ നമ്മുക്കിടയിലില്ല. ചിലപ്പോൾ എനിയ്ക്ക് തോന്നും, എം.ടി ഭാഷയെ മാത്രമല്ല സ്വന്തം ജീവിതത്തെയും നന്നായി എഡിറ്റ് ചെയ്തിരുന്നുവെന്ന്.
ക്രമേണ ഞങ്ങൾ കൂടുതൽ തമ്മിലടുത്തു. എന്റെ മകളുടെ വിവാഹത്തിന് എം.ടി മയ്യഴിയിലെ എന്റെ വീട്ടിൽ വന്നു. ഡൽഹിയിൽ അമർകോളണിയിലെ എന്റെ വീട്ടിലും അദ്ദേഹം വന്നിരുന്നു. ആദ്യകാലത്ത് എന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ എം.ടി വലി പങ്ക് വഹിച്ചിരുന്നു. ഞാനത് കൃതജ്ഞതയോടെ ഓർക്കുന്നു. എം.ടിയെക്കുറിച്ച് ഇനിയും എന്നിൽ എത്രയോ ഓർമ്മകളുണ്ട്. എത്രയോ കഥകൾ എനിയ്ക്ക് പറയാനുണ്ട്. അതൊക്കെ മറ്റൊരിക്കലാവാം.
Source link