adieu manmohan ‘വാചാലമായ പത്രസമ്മേളനങ്ങൾ, എന്നിട്ടും മൗനി എന്നു പറഞ്ഞു; കരുത്തുറ്റ തീരുമാനങ്ങൾ, ദുർബലനെന്നു വിളിച്ചു’

‘വാചാലമായ പത്രസമ്മേളനങ്ങൾ, എന്നിട്ടും മൗനി എന്നു പറഞ്ഞു; കരുത്തുറ്റ തീരുമാനങ്ങൾ, ദുർബലനെന്നു വിളിച്ചു’ | മനോരമ ഓൺലൈൻ ന്യൂസ് – Shashi Tharoor Remembers Former Prime Minister Manmohan Singh | Dr. Manmohan Singh | Demise | Congress | Indian Economy | Economic Reforms | Latest News | Manorama Online News
adieu manmohan
‘വാചാലമായ പത്രസമ്മേളനങ്ങൾ, എന്നിട്ടും മൗനി എന്നു പറഞ്ഞു; കരുത്തുറ്റ തീരുമാനങ്ങൾ, ദുർബലനെന്നു വിളിച്ചു’
ഓൺലൈൻ ഡെസ്ക്
Published: December 27 , 2024 10:13 AM IST
1 minute Read
ഡോ.മൻമോഹൻ സിങ്ങിനൊപ്പം ശശി തരൂർ. File Photo: PTI
തിരുവനന്തപുരം∙ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ‘ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്’ എന്നാണ് ശശി തരൂർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൻമോഹൻ ചരിത്രത്തിനു മുൻപേ നടന്നയാളാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ കഴിഞ്ഞെന്നും തരൂർ പറഞ്ഞു.
ശശി തരൂരിന്റെ ഫെയ്സ്ബുക് കുറിപ്പ്:
ഡോ. മൻമോഹൻ സിങ്, ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്…വ്യാജചരിത്ര നിർമിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിന്റെ കെടാവിളക്കുകൾ തെളിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി ,അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കൾ ചരിത്രത്തിനു മുൻപേ നടന്നയാളാണ്…
ഡോ.സിങ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിന്റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ താങ്കൾക്ക് കഴിഞ്ഞു.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഭക്ഷ്യഭദ്രതാ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു.
ലോകം മുഴുവൻ സാമ്പത്തികമാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, താങ്കൾ ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നു. അങ്ങയുടെ സാമ്പത്തിക മാന്ത്രികതയിൽ സർവ മേഖലയിലും ഇന്ത്യ കുതിച്ചുയർന്നപ്പോൾ ലോകനേതാക്കൾ അങ്ങയെ ആരാധനയോടെ കണ്ടു. സൗമ്യതയോടെ, അതിവൈകാരികതയില്ലാതെ ഇന്ത്യയെ മുന്നോട്ടുനയിച്ച മൃദുഭാഷിയെങ്കിലും ദൃഢചിത്തനായ രാഷ്ട്രനേതാവായിരുന്നു താങ്കൾ.
അങ്ങു നയിച്ച മന്ത്രിസഭയിൽ രണ്ടു തവണയായി മൂന്നു വർഷക്കാലം അങ്ങയുടെ സഹപ്രവർത്തകനായിരുന്ന എനിക്ക് താങ്കൾ വഴികാട്ടിയായിരുന്നു. ഇന്ത്യയ്ക്കു ഗുണകരമായ തീരുമാനങ്ങൾ എത്ര ശക്തമായ എതിർപ്പുണ്ടായിട്ടും മാറ്റാതെ ഒരു മഹാമേരുവായി ഉറച്ചുനിന്നു നടപ്പിലാക്കിയ ഡോ.സിങ് താങ്കളാണ് കരുത്തനായ പ്രധാനമന്ത്രി. അനേകം മഹായുദ്ധങ്ങൾ ജയിക്കുന്നതിലും ഉന്നതമായിരുന്നു അങ്ങു നമുക്കായി നേടിയ സാമ്പത്തിക യുദ്ധവിജയം. ശത കോടിക്കണക്കിനു മനുഷ്യരെ ദരിദ്ര്യരേഖയ്ക്കു മുകളിലേക്ക് കൈപിടിച്ചുയർത്തിയ അങ്ങയോട് അന്നത്തെ മാധ്യമങ്ങളും പ്രതിപക്ഷവും ജനങ്ങളും നീതി കാണിച്ചില്ല. കൂരമ്പുകൾ ഒന്നൊന്നായി നെഞ്ചിലേൽക്കുമ്പോഴും അങ്ങ് സ്വന്തം കർത്തവ്യത്തിൽ മാത്രം മുഴുകി.
വാചാലമായ എത്രയെത്ര പത്രസമ്മേളനങ്ങൾ എങ്കിലും അങ്ങയെ അവർ മൗനി എന്നു വിളിച്ചു. കരുത്തുറ്റ അനേകം തീരുമാനങ്ങൾ എടുത്തുവെങ്കിലും അവർ താങ്കളെ ദുർബലൻ എന്നു വിളിച്ചു. ജനാധിപത്യം സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കൾ. കാലവും ചരിത്രവും സാക്ഷി പറയുന്നു …
താങ്കളായിരുന്നു ശരി എന്ന്… നന്മ നിറഞ്ഞ ശരി….
പ്രണാമം ഡോ. മൻമോഹൻ സിങ്
(1932 – 2024)
English Summary:
Shashi Tharoor tribute to Dr.Manmohan SIngh : A tribute to Dr. Manmohan Singh, former Prime Minister of India, penned by Shashi Tharoor, highlighting his economic achievements and unwavering commitment to the nation despite facing unfair criticism.
3p4hf5u614bf1rmcul6odkfv07 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-drshashitharoor0 mo-news-world-countries-india-indianews mo-politics-leaders-drmanmohansingh mo-politics-parties-congress
Source link