KERALAM

നിലപാടുതറയിൽ ഉറച്ചുനിന്ന സിനിമാക്കാരൻ 

എഴുത്തിന്റെ പടിപ്പുരവിട്ട് കഥയുടെ പെരുന്തച്ചൻ യാത്രയാവുമ്പോൾ മലയാള സിനിമയുടെ ഗതിവിഗതികൾ മാറ്റിയെഴുതിയ ഒരു ചലച്ചിത്രകാരന്റെ നഷ്ടവും വലുതാണ്. വടക്കൻപാട്ടിലെ വീരനായകനായ ആരോമൽ ചേകവരെ വില്ലനും ചതിയൻ ചന്തുവിനെ നായകനുമാക്കി വടക്കൻ വീരഗാഥയൊരുക്കുമ്പോൾ സംവിധായകൻ മാത്രമല്ല അഭിനേതാക്കൾക്കുപോലും സംശയമുണ്ടായിരുന്നു ‘ഇക്കളി തീക്കളിയല്ലേയെന്ന്”… അപ്പോൾ എം.ടി ചിരിക്കുകയായിരുന്നു. ‘ നിങ്ങളാരും ചന്തുവിനെ കണ്ടില്ലല്ലോ… ഇതാണെന്റെ ചന്തു… ചതിക്കപ്പെട്ട ചന്തു…” സിനിമയുടെ മഹാവിജയത്തോടെ എം.ടിയുടെ നിലപാടുതറയിൽ ഉറച്ചുനിന്ന ആ വാക്കുകൾ ജനം തിരിച്ചറിഞ്ഞു. പഴയ വടക്കൻപാട്ടുപോലും മറന്ന് ചന്തുവായിരിക്കാം ശരിയെന്നും ചന്തു ചതിയനല്ലെന്നും ആസ്വാദകവൃന്ദം പറഞ്ഞു. ജീവിതത്തിന്റെ പലഘട്ടങ്ങളിലും അവർ പറഞ്ഞു നടന്നു ‘ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ…”

എം.ടി തിരക്കഥ രചിച്ച് തുടങ്ങിയത് മുറപ്പെണ്ണിലൂടെയായിരുന്നു. എ.വിൻസന്റായിരുന്നു സംവിധായകൻ. തുടർന്ന് ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ, താഴ്‌വാരം, അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിർമ്മാല്യം, മഞ്ഞ്, കടവ്, ബന്ധനം, വാരിക്കുഴി, ഒരു ചെറുപുഞ്ചിരി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ.

ഞങ്ങൾ ഒരുപോലെ ചിന്തിച്ചിരുന്നവർ: ഹരിഹരൻ

‘ഒരുപോലെ ചിന്തിക്കുന്നതുകൊണ്ടാവാം, ഞങ്ങൾ തമ്മിൽ വീണ്ടും വീണ്ടും സിനിമകൾ ചെയ്തു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, വെള്ളം, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, അമൃതംഗമയ, പഴശ്ശിരാജ. എന്റെ സ്‌റ്റൈൽ എന്താണെന്ന് എം.ടിക്കും എം.ടിയുടെ സ്‌റ്റൈൽ എന്തെന്ന് എനിക്കും മനസിലായി. പരസ്പരമുള്ള ചർച്ചകളിൽ പുതിയ ആശയങ്ങൾ രൂപപ്പെട്ടു. ഹരിഹരൻ- എം.ടി ടീം എന്നു കേൾക്കുമ്പോൾ ജനം എന്തൊക്കെയോ പ്രതീക്ഷിച്ചു. അധികം ബഹളമുണ്ടാക്കാതെ അണ്ടർപ്ലേ ചെയ്ത് ആസ്വാദകരെ തിയേറ്ററിലിരുത്തുന്ന മെത്തേഡാണ് എം.ടിയുടേത്. വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു ഞങ്ങളുടെ സിനിമകൾ. ഹരിഹരൻ പറഞ്ഞു.

നിർമ്മാല്യത്തിലൂടെ സംവിധായകനായി


‘പള്ളിവാളും കാൽച്ചിലമ്പും” എന്ന സ്വന്തം കഥയെ ആസ്പദമാക്കി എം.ടി.വാസുദേവൻനായർ തിരക്കഥയും സംവിധാനവും മാത്രമല്ല നിർമ്മാണവും നടത്തിയ ചിത്രമാണ് നിർമ്മാല്യം. അന്ന് എം.ടി സുഹൃത്തുക്കളോട് പറഞ്ഞു ‘കാശുണ്ടായിട്ടല്ല, ഈ കഥ കാലാതിവർത്തിയായി സംവദിക്കണം. അതുകൊണ്ടാണ് സംവിധാനവും നിർമ്മാണവും നിർവഹിച്ചത്…”
കലയ്ക്കും സാഹിത്യത്തിനും മുകളിൽ മതം വേലിക്കെട്ട് തീർക്കുന്ന പുതിയകാലത്ത് എം.ടിയുടെ നിർമ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ ഗതി എന്താകുമായിരുന്നു. ഉറഞ്ഞുതുള്ളി നെറ്റിവെട്ടിയൊലിച്ചുവരുന്ന ചോര വിഗ്രഹത്തിന് മുകളിലേക്ക് കാർക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടിനെ ഇനി ചിന്തിക്കാൻ കഴിയുമോ? അത്രമേൽ ധീരതയോടെ മലയാളിയുടെ സാംസ്‌കാരിക ബോധത്തിലേക്ക് തീനാളങ്ങളെറിഞ്ഞ് സിനിമചെയ്യാൻ ത്രാണിയുണ്ടെങ്കിൽ അത് എം.ടിക്ക് മാത്രമേയുള്ളൂ.

1965ൽ മുറപ്പെണ്ണിന്റെ തിരക്കഥയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കിറങ്ങിയ എം.ടിക്ക് മലയാള സിനിമയോടും സമൂഹത്തോടും ചിലത് പറയാനും ഓർമ്മപ്പെടുത്താനുമുണ്ടായിരുന്നു. അങ്ങനെയാണ് നിർമ്മാല്യം സംഭവിച്ചത്. എം.ടിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു അത്. ഉറഞ്ഞുതുള്ളി ദൈവമായി ജീവിച്ചിട്ടും ഗതികെട്ടു പോയൊരു വെളിച്ചപ്പാടിന്റെ കഥയാണ് നിർമ്മാല്യം. 1973ൽ എറ്റവും മികച്ച ചിത്രത്തിനും നടനുമുള്ള (പി.ജെ.ആന്റണി) ദേശീയ അവാർഡ് നിർമ്മാല്യത്തിനായിരുന്നു.

മഞ്ഞിന്റെ ഭാഗമാകാനായത് ഭാഗ്യം: ഷാജി എൻ.കരുൺ

ബോധധാര സമ്പ്രദായത്തിൽ മലയാളത്തിൽ വിരിഞ്ഞ ആദ്യ നോവലെന്ന ഖ്യാതി മഞ്ഞിനാണ്. വിമലയേയും സുധീർകുമാർ മിശ്രയേയും വെള്ളിവെളിച്ചത്തിൽ കാണാൻ മലയാളി ഏറെ ആഗ്രഹിച്ചു. അങ്ങനെയാണ് മഞ്ഞ് വിരിയുന്നത്. നോവൽ വായിച്ച് അത്രമേൽ ഹൃദയത്തിൽ ആവാഹിക്കപ്പെട്ടിരുന്നു. മലയാള സാഹിത്യം വായിക്കുന്ന ആരെങ്കിലും മഞ്ഞ് ഹൃദയത്തിലെടുത്ത് വായിക്കാതിരിക്കുമോ? അതിലെ വിമല ഇപ്പോഴും കൂടെയുള്ളതുപോലെ. വരും വരാതിരിക്കില്ലെന്ന മനസോടെ വിമല കാത്തിരിക്കുന്ന സുധീർകുമാർ മിശ്രയൊക്കെ ലൊക്കേഷനിലേക്കുള്ള യാത്രയിൽ മനസിൽ നിറഞ്ഞുനിന്നു. എഴുത്തുകാരൻ തന്നെ സംവിധായകനാവുക, അതും ഏറ്റവും പ്രിയപ്പെട്ട എം.ടി… വല്ലാത്തൊരു ആകാംക്ഷയായിരുന്നു. അതിന്റെ ക്യാമറയായിരുന്നു എന്റെ ജോലി. എം.ടി കഥയെഴുതിയ നൈനിറ്റാളും പരിസരങ്ങളുമെല്ലാം ക്യാമറയിൽ ഒപ്പിയെടുക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയായിരുന്നു. കവിതപോലെ മനോഹരമായ നോവൽ. മഞ്ഞിലുടനീളം ഒരുതരം മൗനവും കാത്തിരിപ്പും അനുഭവിക്കാം. ഒരിക്കലും തിരിച്ചുവരാത്ത, സഹൃദയനും സഞ്ചാരിയുമായ തന്റെ കാമുകൻ സുധീർ കുമാർ മിശ്രയെ കാത്തിരിക്കുന്ന വിമലയും ഇന്നേവരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദുവുമെല്ലാം വല്ലാത്തൊരനുഭവമായിരുന്നു. ഷാജി ഓർത്തെടുത്തു.

ഹൃദയത്തോട് ചേർത്ത് ‘മഞ്ഞും” ‘കടവും”

1983ലാണ് മഞ്ഞ് സിനിമയാവുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എം.ടി തന്നെയായിരുന്നു. ചിത്രം ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തി. അപൂർവമായേ എം.ടി തന്റേതല്ലാത്ത കഥയ്ക്ക് തിരക്കഥയോ സംവിധാനമോ ചെയ്തിട്ടുള്ളൂ. അതിൽ പ്രധാനമായിരുന്നു കടവ്. പ്രിയ സുഹൃത്ത് കൂടിയായ എസ്.കെ.പൊറ്റെക്കാടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി 1991ലാണ് ഈ ചിത്രം ചെയ്തത്. സന്തോഷ് ആന്റണി, ബാലൻ കെ.നായർ, തിലകൻ, മോനിഷ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രവും നിർമ്മിച്ചത് എം.ടി തന്നെയായിരുന്നു. കാഴ്ചക്കാരെ ഹൃദയത്തിലേക്ക് ആവാഹിക്കാൻമാത്രം പ്രിയപ്പെട്ടതായിരുന്നു കടവ്.

ഭീമനെ ബാക്കിവച്ച് മടക്കം

എം.ടിയുടെ ആറാമത്തെ സംവിധാന സംരംഭമാണ് 2000ത്തിൽ പുറത്തിറങ്ങിയ ഒരു ചെറുപുഞ്ചിരി. കൃഷിയെ ഒരുപാട് സ്‌നേഹിക്കുന്ന റിട്ടയർ ചെയ്ത കുടുംബനാഥനെയും അദ്ദേഹത്തിന്റെ ഭാര്യയെയുമെല്ലാം വല്ലാത്തൊരു ഇഴയടുപ്പത്തോടെയാണ് എം.ടി പകർത്തിയത്. വാർദ്ധക്യത്തിലെ കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം ഹൃദയസ്പർശിയായിട്ടാണ് അവതരിപ്പിക്കുന്നത്. ശ്രീരമണ എന്ന തെലുങ്ക് എഴുത്തുകാരന്റെ ‘മിഥുനം” എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് എം.ടി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിർമ്മാല്യവും വടക്കൻ വീരഗാഥയും പഴശ്ശിരാജയും പിറന്ന കൈകളിൽ നിന്ന് ഭീമന്റെ വരവുമാത്രം ബാക്കിവച്ചാണ് എം.ടി മടങ്ങുന്നത്. ചന്തുവിനേയും പഴശ്ശിയേയും പ്രതിഷ്ഠിച്ചിടത്ത് ഭീമനെക്കൂടി കാണാനായില്ലെന്നത് മലയാളിയുടെ ഹൃദയ നൊമ്പരം…


Source link

Related Articles

Back to top button