KERALAM

പത്ത് ലക്ഷം ജനസംഖ്യയുള്ള 31 ജില്ലകളാക്കി തിരിക്കും; ‘മിഷന്‍ 41’ നടപ്പിലാക്കാന്‍ രണ്ടും കല്‍പ്പിച്ച് ബിജെപി

കൊച്ചി: അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ബിജെപി തീരുമാനം. ഇതിനായി ചില മുന്നൊരുക്കങ്ങളും സംഘടനാ പ്രവര്‍ത്തനം ലഘൂകരിക്കുകയും ഒപ്പം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനുള്ള തയ്യാറെടുപ്പും പാര്‍ട്ടി നടത്തും. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തെ 31 ജില്ലകളാക്കി വിഭജിക്കും. പത്ത് ലക്ഷം പേര്‍ക്ക് ഒരു ജില്ല എന്ന നിലയിലാണിത്. കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തിന്റെ ചുമതലുള്ള പ്രകാശ് ജാവദേക്കര്‍, സഹപ്രഭാരി അപരാജിത സാരംഗി എംപിയും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍ നഗരസഭകളില്‍ അധികാരം പിടിക്കുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് തവണയും ബിജെപിയാണ് പ്രധാന പ്രതിപക്ഷം. 2010ല്‍ വെറും ആറ് സീറ്റുകള്‍ മാത്രമുണ്ടായിരുന്നത് 2015,2020 വര്‍ഷങ്ങളില്‍ 35ലേക്ക് ഉയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. സംഘടനാ തലത്തില്‍ കൂടുതല്‍ ജില്ലകളാക്കിയുള്ള പ്രവര്‍ത്തനം മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സഹായകമായിരുന്നു. ഇത് കേരളത്തിലും നടപ്പിലാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 41 സീറ്റുകളില്‍ വിജയം പിടിച്ചെടുക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. ഇതിന് വേണ്ടുന്ന തരത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് കൂടുതല്‍ ഉറപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിശ്വാസം ആര്‍ജിക്കാനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങന്‍ നല്‍കരുതെന്നും തീരുമാനിച്ചു.

അതേസമയം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പാലക്കാട് ഉള്‍പ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി യോഗം ചര്‍ച്ച ചെയ്തില്ല. സമാനമായി തന്നെ പാലക്കാട് നഗരസഭയില്‍ ലീഡ് കൈവിട്ടതും യോഗത്തില്‍ ചര്‍ച്ചയായില്ല. കെ സുരേന്ദ്രന്‍ തന്നെ 2026വരെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് ഇന്നത്തെ യോഗത്തിലെ അനൗദ്യോഗിക തീരുമാനം. പാലക്കാട് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പൊട്ടിത്തെറി അവസാനിച്ചുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു.


Source link

Related Articles

Back to top button