INDIALATEST NEWS

മൗനാതീതം മൻമോഹൻ വചനങ്ങൾ

ന്യൂഡൽഹി ∙ മൃദുഭാഷിയായ മൻമോഹൻ സിങ്ങിന്റെ നേതൃത്വവും മൃദുവായിരുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങൾക്ക് മൻമോഹൻ സിങ് പറഞ്ഞ വിഖ്യാത മറുപടി സൂചിപ്പിച്ചിച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചത്.  മൻമോഹന്റെ രീതികളെയും സർക്കാരിനെയും അക്കാലത്തെ അഴിമതി ആരോപണങ്ങളെയും കുറിച്ചു തുടർച്ചയായി ചോദ്യമുയർന്നപ്പോൾ 2014–ൽ ആയിരുന്നു മൻമോഹന്റെ പ്രതികരണം. ഇക്കാലത്തെ മാധ്യമങ്ങളെക്കാൾ ചരിത്രം എന്നോടു കൂടുതൽ ദയ കാട്ടുമെന്നു സത്യസന്ധമായും ഞാൻ കരുതുന്നുവെന്നായിരുന്നു മൻമോഹന്റെ പ്രസിദ്ധമായ ആ മറുപടി. ‘മൻമോഹൻജി, ഉറപ്പായും ചരിത്രം താങ്കളെ ദയവോടെ മാത്രമേ വിലയിരുത്തൂ’ എന്ന പരാമർശത്തോടെ ഖർഗെ മൻമോഹന്റെ വാക്കുകൾ ഓർമിപ്പിച്ചു.  

‘ഒരാശയം പിറവിയോടടുത്താൽ ഭൂമിയിലെ ഒരു ശക്തിക്കും അതു തടയാനാകില്ലെ’ന്ന വിക്ടർ യൂഗോയുടെ നിരീക്ഷണം മൻമോഹൻ 1991ലെ തന്റെ ബജറ്റ് പ്രസംഗത്തിൽ  ഉദ്ധരിച്ചു. ‘ഇന്ത്യ ഇതാ ഉണർന്നെഴുന്നേറ്റിരിക്കുന്നു. നമ്മൾ നിലനിൽക്കും, നാം മറികടക്കും’ – ഉറച്ച ശബ്ദത്തിൽ മൻമോഹൻ പ്രഖ്യാപിച്ച നയങ്ങൾ ഇന്ത്യയെ മുന്നേറാൻ സഹായിക്കുന്നതു പിന്നീട് ലോകവും കാലവും കണ്ടു.  പ്രധാനമന്ത്രിപദത്തിൽ നിന്നൊഴിഞ്ഞ ശേഷവും മൻമോഹൻ സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ നിശ്ശബ്ദത പാലിച്ചില്ല.

നരേന്ദ്ര മോദി സർക്കാർ നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ, അതിനെ ചരിത്രപരമായ ഭരണപരാജയം എന്നാണ് മൻമോഹൻ വിശേഷിപ്പിച്ചത്. ജിഎസ്ടി പരിഷ്കാരത്തെ ഇരട്ട പ്രഹരമെന്നു മൻമോഹൻ നിർവചിച്ചപ്പോൾ അതിനു രാഷ്ട്രീയത്തിനുമപ്പുറം മാനം കൈവന്നു.  1999–ൽ നൽകിയ രാഷ്ട്രീയാഭിമുഖത്തിൽ ചേർത്തുനിർത്തലിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്നു മൻമോഹൻ പറഞ്ഞത് കോൺഗ്രസിന് പിന്നീടു രാഷ്ട്രീയ മുദ്രാവാക്യമായി. ബിജെപിയുടെ ഭരണകാലത്ത് പുതിയ രാഷ്ട്രീയമാണ് വേണ്ടതെന്നു പറയാൻ അദ്ദേഹം ഏബ്രഹാം ലിങ്കണെ കൂടി കൂട്ടുപിടിച്ചു പറഞ്ഞു: ‘കുറച്ചാളുകളെ നിങ്ങൾ എല്ലാകാലത്തും പറ്റിക്കാം. എല്ലാ ആളുകളെയും കുറച്ചുകാലത്തും. എന്നാൽ, എല്ലാ ആളുകളെയും എല്ലാ കാലത്തും പറ്റിക്കാനാകില്ല’

English Summary:
Remembering Manmohan Singh: Manmohan Singh’s legacy transcends his time as Prime Minister. His powerful words, from his famous defense against criticism to his insightful commentary on key economic policies, continue to resonate today.


Source link

Related Articles

Back to top button