‘ബംഗ്ളാദേശികൾക്ക് ചികിത്സ നൽകരുത്’; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം, രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് ബിജെപി

കൊൽക്കത്ത: ബംഗ്ളാദേശിൽ നിന്നുള്ള ഹിന്ദു ഇതര രോഗികൾക്ക് ചികിത്സ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. ഇന്നലെ കൊൽക്കത്തയിലെ മുകുന്ദ്‌പൂരിലുള്ള സ്വകാര്യ ആശുപത്രിക്ക് മുന്നിലായാണ് ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജിയുടെ നേതൃത്വത്തിൽ സന്യാസിമാർ ഉൾപ്പെടെ പ്രതിഷേധ റാലി നടത്തിയത്.
‘ബംഗാളി ഹിന്ദു സുരക്ഷാ സമിതി’ എന്ന ബാനറുമായാണ് ബിജെപി പ്രവർത്തകർ റാലി സംഘടിപ്പിച്ചത്. ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു റാലി. ‘രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. നമ്മുടെ സഹോദരന്മാരും സഹോദരികളും അവിടെ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്. അതിനാൽ അഹിന്ദുക്കളായ ബംഗ്ളാദേശികൾക്ക് ചികിത്സ നൽകരുത്. രാജ്യത്തിന്റെയും ത്രിവർണ പതാകയുടെയും ബഹുമാനത്തിനായി നമ്മുടെ ധാർമികതയും ബിസിനസും മാറ്റിവയ്ക്കണം’-എന്ന് ആവശ്യപ്പെടുന്ന മെമ്മോറാണ്ടവും ആശുപത്രി അധികൃതർക്ക് ബിജെപി നൽകി. രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികൾക്കും മുന്നിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സല്യൂട്ട് തിരംഗ ബാനറുകളുമായി പ്രതിഷേധിച്ച പ്രവർത്തകർ അറിയിച്ചു.
ബംഗ്ളാദേശിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് അടുത്തിടെ കൊൽക്കത്തയിലെ ഒരു ആശുപത്രി അറിയിച്ചിരുന്നു. ബംഗ്ളാദേശിൽ ഇന്ത്യൻ പതാകയെ അധിക്ഷേപിച്ചതിനെതിരായി ആയിരുന്നു പ്രതിഷേധം. കൊൽക്കത്തയിലെ മറ്റൊരു ആശുപത്രിയും സമാന നിലപാട് സ്വീകരിച്ചിരുന്നു.
ഇതിന് പുറമെ, കൊൽക്കത്തയിലെ പ്രധാന മേളകളായ കൊൽക്കത്ത അന്താരാഷ്ട്ര പുസ്‌തകമേള, ബിധാന്നഗർ മേള ഉത്‌സവ് എന്നിവിടങ്ങളിൽ ഇത്തവണ ബംഗ്ളാദേശിൽ നിന്നുള്ള സ്റ്റാളുകൾ ഒരുക്കിയിരുന്നില്ല. 30ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ബംഗ്ളാദേശിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, KOLKATA, NON HINDU PATIENTS, BANGLADESH
Source link