INDIALATEST NEWS

പുനരുജ്ജീവനത്തിന് കോൺഗ്രസ് പദ്ധതി; ഒരു വർഷം നീണ്ടു നിൽക്കുന്ന ദ്വിതല സംഘടനാ – രാഷ്ട്രീയ കർമപരിപാടി

പുനരുജ്ജീവനത്തിന് കോൺഗ്രസ് പദ്ധതി | മനോരമ ഓൺലൈൻ ന്യൂസ് – Congress plan for revival: Congress launches a nationwide campaign against BJP, focusing on organizational revival and constitutional protection. Rahul Gandhi leads the charge, emphasizing an ideological clash, not just a political battle | India News Malayalam | Malayala Manorama Online News

എല്ലാ തലങ്ങളിലുമുള്ള സംഘടനാ ദൗർബല്യങ്ങൾ തീർത്ത് കോൺഗ്രസിന് നവോന്മേഷം പകരാൻ ഉതകുന്ന കർമ പദ്ധതിക്കും ബിജെപിക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലെയും പാർട്ടിയെ അണിനിരത്തിയുള്ള വൻ രാഷ്ട്രീയ പ്രചാരണ പരിപാടിക്കും കോൺഗ്രസ്  വിശാല പ്രവർത്തകസമിതി യോഗം രൂപം നൽകി. ‘ഇതു കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമല്ല; രണ്ട് ആദർശങ്ങളുടെ ഏറ്റുമുട്ടലാണ്. അവിടെ നമുക്ക്, ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ’– കോൺഗ്രസ് നേതൃനിരയ്ക്കാകെ ആവേശം പകർന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പ്രഖ്യാപിച്ചു.

100 വർഷം മുൻപ് മഹാത്മാ ഗാന്ധി എഐസിസി സമ്മേളനത്തിന് അധ്യക്ഷത വഹിച്ച അതേ സമ്മേളന വേദിയിൽ ഗാന്ധിജിയുടെ ജ്വലിക്കുന്ന സ്മരണയിൽ ആവേശം കൊണ്ടാണ് 4 മണിക്കൂർ നീണ്ട ‘നവ സത്യഗ്രഹ സമ്മേളനം’ എന്നു പേരിട്ട  യോഗം പിരിഞ്ഞത്. ‘ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ (ഭരണഘടന)’ എന്നതായിരിക്കും ഇനിയുള്ള വർഷം കോൺഗ്രസിന്റെ മുദ്രാവാക്യം. ഇന്ന് ഇതേ മുദ്രാവാക്യം ഉയർത്തി ബെളഗാവിയിൽ തന്നെ സംഘടിപ്പിക്കുന്ന വൻറാലി ആ രാഷ്ട്രീയ പ്രചാരണപരിപാടിയുടെ തുടക്കമായി മാറും.

ഡൽഹിയും ബിഹാറും ഒഴിച്ച് തിരഞ്ഞെടുപ്പുകൾ ഇല്ലാത്ത വർഷം എന്ന നിലയിൽ സംഘടനയുടെ അലകും പിടിയും മാറ്റാൻ ഉതകുന്ന പുനരുജ്ജീവന പദ്ധതി നടപ്പാക്കാനാണു സമ്മേളനം തീരുമാനിച്ചത്. ഉദയ്പുർ, റായ്പുർ സമ്മേളനങ്ങൾ മുന്നോട്ടു വച്ച സംഘടനാ ലക്ഷ്യങ്ങൾ പൂർണമായും ഫലപ്രാപ്തിയിൽ എത്തിയില്ലെന്നു സ്വയം വിമർശനപരമായി വിലയിരുത്തി. താഴെ തട്ടിൽ പാർട്ടിയെ ശക്തമാക്കുമെന്നും പുതിയ നേതൃത്വത്തെ എല്ലാ തലത്തിലും വളർത്തിക്കൊണ്ടു വരുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചു. 
സംഘടനാപരമായ അലംഭാവം ഇനി തുടരാൻ കഴിയില്ലെന്നു വിവിധ പ്രമേയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ച അൻപതോളം പേരിൽ ഭൂരിഭാഗവും ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്ന്  രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പ്രമേയ ചർച്ചകളിൽ പങ്കെടുത്തു.സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പാർട്ടിയെ ചൈതന്യവത്താക്കാനുള്ള പരിപാടി പ്രഖ്യാപിച്ചു.

ബൂത്ത് മുതൽ എഐസിസിവരെ  പാർട്ടിക്കുള്ള ശക്തിയും ദൗർബല്യവും വിലയിരുത്തും. നേതാക്കളുടെ പ്രവർത്തനവും കാര്യക്ഷമതയും  പരിശോധിക്കും.പാർട്ടിയോട് ഉത്തരവാദിത്തബോധം ഉള്ളവരാണെന്ന് ഉറപ്പു വരുത്തും–സമ്മേളനത്തിനു ശേഷം കെ.സി.വേണുഗോപാൽ അറിയിച്ചു. അടുത്ത ഡിസംബർ 24 വരെ നീണ്ടു നിൽക്കുന്ന ഈ കർമപരിപാടിയുടെ വിശദാംശങ്ങൾ  സംസ്ഥാനഘടകങ്ങൾക്ക് എഐസിസി കൈമാറും. പിസിസികളോട് സംഘടനാ കലണ്ടർ തയാറാക്കാൻ  ആവശ്യപ്പെടും.
ഭാരത് ജോഡോ യാത്രയ്ക്കും ന്യായ് യാത്രയ്ക്കും ശേഷം ഭരണഘടനാ സംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പദയാത്രകൾ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കും. 2026 റിപ്പബ്ലിക് ദിനം വരെ തുടരുന്ന തലത്തിലാണ് ഇതു വിഭാവനം ചെയ്യുന്നത്. സംസ്ഥാനതല പദയാത്രകൾ കൂടാതെ ജില്ലാ, ബ്ലോക്ക്, മണ്ഡലം തലത്തിലും പദയാത്രകൾ ഉണ്ടാകും. സെമിനാറുകൾ, പൊതു സമ്മേളനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായിരിക്കും.ഭരണഘടനാ ശിൽപിയായ ബാബാ സാഹിബ് അംബേദ്കറുടെ ജന്മഗ്രാമമായ മധ്യപ്രദേശിലെ അംബേദ്കർ നഗറിൽ  ഏപ്രിലിൽ വൻ റാലി സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. രാഹുൽ ഗാന്ധി അടക്കമുളള നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ഈ റാലികളിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് വ്യക്തമാക്കി. അംബേദ്കറെ അപമാനിച്ച കേന്ദ്രമന്ത്രി അമിത് ഷാ രാജ്യത്തോട് മാപ്പു പറയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 

എഐസിസി സമ്മേളനം ഗുജറാത്തിൽ ബെളഗാവി∙അടുത്ത എഐസിസി സമ്മേളനം 2025 ഏപ്രിലിൽ ഗുജറാത്തിൽ സംഘടിപ്പിക്കാൻ വിശാല പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലം എന്നതു കണക്കിലെടുത്താണു ഗുജറാത്ത് വേദിയാക്കാൻ തീരുമാനിച്ചത്. രണ്ടായിരത്തോളം പേർ പങ്കെടുക്കും.

English Summary:
Congress plan for revival: Congress launches a nationwide campaign against BJP, focusing on organizational revival and constitutional protection. Rahul Gandhi leads the charge, emphasizing an ideological clash, not just a political battle

mo-politics-leaders-rahulgandhi mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 732p4f78qj122lq6480509gasa mo-politics-parties-congress


Source link

Related Articles

Back to top button