തൃശൂരിൽ സ്നേഹയാത്ര നടത്തി കെ സുരേന്ദ്രൻ, മേയറുടെ വീട്ടിലും എത്തി
തൃശൂർ: ബിജെപി സംസ്ഥാനതലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ബിഷപ് ഹൗസിലെത്തി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവും ക്രിസ്മസ് മധുരവും അദ്ദേഹം ബിഷപ്പിന് കൈമാറി. സ്നേഹ യാത്രയെക്കുറിച്ചും അതിന് വിശ്വാസികളിൽ നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും സുരേന്ദ്രൻ വിവരിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
തൃശൂർ മേയർ എം.കെ വർഗീസിന്റെ വീട്ടിലെത്തിയ കെ സുരേന്ദ്രൻ അദ്ദേഹത്തിനും ക്രിസ്തുമസ് മധുരവും പ്രധാനമന്ത്രിയുടെ സന്ദേശവും കൈമാറി. ഹൃദ്യമായ സ്വീകരണമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേതാക്കൾക്കും മേയർ ഒരുക്കിയത്.
ക്രൈസ്തവ സമുദായവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ബി ജെ പി സ്‌നേഹയാത്ര എന്നപേരിലുളള ഭവന സന്ദർശനം നടത്തുന്നത്. കഴിഞ്ഞകൊല്ലവും സ്നേഹയാത്ര നടത്തിയിരുന്നു. ക്രിസ്മസ് അവധിക്കാലംമുതൽ പുതുവർഷംവരെയാണ് ഇത്തവത്തേയും സ്‌നേഹയാത്ര. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ്‌ഗോപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത് ക്രിസ്ത്യൻ സമുദായത്തിന്റെ പിന്തുണയോടെയാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അടുത്തുനടക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ കോർപ്പറേഷനും തൃശൂർ നിയസഭാ മണ്ഡലവും പിടിക്കാനുള്ള അണിയറ നീക്കങ്ങൾ പാർട്ടി ശക്തമാക്കിയിട്ടുണ്ട്. അതിന് ബലമേകാനാണ് ജില്ലയിൽ സ്നേഹയാത്രയ്ക്ക് കൂടുതൽ ശ്രദ്ധനൽകുന്നത്.
Source link