Adieu Manmohan ‘ഞാൻ ദുർബലനായ പ്രധാനമന്ത്രിയല്ല’: മോദി ദുരന്തമാകുമെന്നു പറഞ്ഞു, പിന്നീടു ഖേദിച്ച് മൻമോഹൻ
ഇന്ത്യയിൽ പുതുയുഗത്തിനു തുടക്കമിട്ട പരിഷ്കാരങ്ങളുടെയും ഉദാരവൽക്കരണത്തിന്റെയും ശിൽപിയാണു ഡോ.മൻമോഹൻ സിങ്. 1991ൽ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്റെ കീഴിൽ ധനമന്ത്രിയായിരുന്ന മൻമോഹനാണു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാതിൽ ലോകത്തിനു തുറന്നുകൊടുത്തത്. ലൈസൻസ് രാജ് അവസാനിപ്പിക്കുകയും നികുതിയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വ്യാപാരത്തിലും ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു; ഇന്നു രാജ്യം നേടുന്ന വളർച്ചയുടെ വലിയ പങ്ക് മൻമോഹനുള്ളതാണ്.
അവിഭക്ത ഇന്ത്യയിൽ പാക്ക് പഞ്ചാബ് പ്രവിശ്യയിൽ ഗഹ് വില്ലേജിൽ ഗുരുമുഖ് സിങ്ങിന്റെയും അമൃത് കൗറിന്റെയും മകനായി 1932 സെപ്‌റ്റംബർ 26നാണു മൻമോഹന്റെ ജനനം. പഞ്ചാബ് സർവകലാശാലയിൽനിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. കേംബ്രിജ്, ഓക്സ്ഫഡ് സർവകലാശാലകളിൽ ഉപരിപഠനം. 1966 വരെ പഞ്ചാബ് സർവകലാശാലയിലും പിന്നീട് ഡൽഹി സർവകലാശാലയിലും അധ്യാപകൻ. ഇതിനിടെ 3 വർഷം യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഒാൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ സാമ്പത്തിക വിദഗ്ധനായി.
1972ൽ ധനവകുപ്പിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അദ്ദേഹം 1976ൽ ധനമന്ത്രാലയം സെക്രട്ടറിയായി. 1980–82 കാലയളവിൽ ആസൂത്രണ കമ്മിഷൻ അംഗം. 1982 ൽ റിസർവ് ബാങ്ക് ഗവർണർ. 1991ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണ് റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹനെ ധനമന്ത്രിയാക്കിയത്. ഇന്ത്യൻ സാമ്പത്തികരംഗം തകർച്ചയിലേക്കു കൂപ്പുകുത്തിനിൽക്കുകയായിരുന്നു അപ്പോൾ. മൻമോഹൻ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികൾ രാജ്യത്തെ മുന്നോട്ടു നയിച്ചു.
സോണിയ ഗാന്ധിക്കൊപ്പം മൻമോഹൻ സിങ്. (Photo by MONEY SHARMA / AFP)
ധനമന്ത്രിയായി 4 മാസത്തിനു ശേഷം 1991 ഒക്ടോബറിലാണു മൻമോഹനെ കോൺഗ്രസ് ആദ്യമായി രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തത്. അസമിൽനിന്ന് 5 തവണ രാജ്യസഭാ എംപിയായ അദ്ദേഹം 2019ൽ രാജസ്ഥാനിൽനിന്ന് അംഗമായി. ഈ വർഷം ഏപ്രിലിലാണു കാലാവധി പൂർത്തിയായത്. 33 വർഷം രാജ്യസഭാംഗമായിരുന്ന മൻമോഹൻ ലോക്സഭയിലേക്ക് ഒരു തവണയേ മത്സരിച്ചിട്ടുള്ളൂ– 1999ൽ. സൗത്ത് ഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ വി.കെ.മൽഹോത്ര ആയിരുന്നു എതിരാളി. ഇരുവരും പാക്കിസ്ഥാനിലെ പഞ്ചാബിൽ ജനിച്ചു വളർന്നവർ, ഡോക്ടറേറ്റുകാർ. വോട്ടെണ്ണിയപ്പോൾ മൻമോഹൻ തോറ്റു.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം മൻമോഹൻ സിങ്. (Photo by MONEY SHARMA / AFP)
∙ ‘ഇന്ത്യ ഉണർന്നിരിക്കുന്നു, നാം വിജയിക്കും’പൊതുവേദികളിൽ അധികം കാണാത്ത, കൂടുതൽ സംസാരിക്കാത്ത, അളന്നുതൂക്കി മാത്രം വാക്കുകൾ ഉപയോഗിക്കുന്ന മൻമോഹന്റേതായി ചരിത്രം ഓർത്തിരിക്കുന്ന ഒന്നിലേറെ പ്രസ്താവനകളുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയവും നിലപാടുകളും ഈ വാക്കുകളിൽനിന്നു വായിച്ചെടുക്കാം.
1991 ജൂലൈ 24ന് ധനമന്ത്രിയായിരിക്കെ പാർലമെന്റിലെ ആദ്യ പ്രസംഗത്തിൽ, പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ വിക്ടർ ഹ്യൂഗോയെയാണു മൻമോഹൻ ഉദ്ധരിച്ചത്. ‘‘ഭൂമിയിലെ യാതൊരു ശക്തിക്കും ഒരു ആശയത്തെ അതിന്റെ സമയം വന്നാൽ തടയാനാവില്ല. നാം ഏറ്റെടുത്ത ദീർഘവും കഠിനവുമായ യാത്രയിൽ മുന്നിൽ കിടക്കുന്ന ബുദ്ധിമുട്ടുകളെ കുറച്ചുകാണുന്നില്ല. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യയുടെ ഉയർച്ച അത്തരമൊരു ആശയമാണെന്നു സഭയെ അറിയിക്കുന്നു. ലോകമെങ്ങും ഇതു വ്യക്തമായി കേൾക്കട്ടെ. ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു. നാം വിജയിക്കും. നാം മറികടക്കും’’– സിങ് പറഞ്ഞു.
ബറാക് ഒബാമയ്ക്കൊപ്പം മൻമോഹൻ സിങ്. (Photo by SAUL LOEB / AFP)
30 വർഷങ്ങൾക്കു ശേഷം, 2021 ജൂലൈ 23ന് ഉദാരവത്കരണത്തിന്റെ വാർഷികത്തിൽ, റോബർട്ട് ഫ്രോസ്റ്റിന്റെ ‘‘എനിക്ക് നിറവേറ്റേണ്ട വാഗ്ദാനങ്ങളുണ്ട്, ഉറങ്ങുന്നതിനു മുൻപു പോകേണ്ട ദൂരങ്ങളുണ്ട്’’ എന്ന കവിതയാണു മൻമോഹൻ ഉദ്ധരിച്ചത്. 1999 ഓഗസ്റ്റിൽ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ, ഇന്ത്യയിലെ രാഷ്ട്രീയക്കാർ കഴിഞ്ഞ 50 വർഷമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്നു മുൻ യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ വാക്കുകൾ കടമെടുത്തു തുറന്നുപറയാനും മൻമോഹൻ ധൈര്യം കാണിച്ചു.
2014 ജനുവരി 3ന് പ്രധാനമന്ത്രിയായുള്ള തന്റെ രണ്ടാമത്തെ ടേമിന്റെ അവസാനഘട്ടത്തിൽ വിമർശനങ്ങളോടു മൻമോഹൻ പ്രതികരിച്ചു. ‘‘ഞാൻ ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്നു വിശ്വസിക്കുന്നില്ല. മാധ്യമങ്ങളേക്കാളോ പാർലമെന്റിലെ എതിർപ്പിനേക്കാളോ കൂടുതൽ ദയ ചരിത്രം എന്നോടു കാണിക്കുമെന്നു വിശ്വസിക്കുന്നു. രാഷ്ട്രീയ നിർബന്ധങ്ങൾ കണക്കിലെടുത്ത്, സാഹചര്യങ്ങൾക്കനുസരിച്ച്, കഴിയുന്നത്ര നല്ലതു ചെയ്തു. ഞാൻ എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നതു ചരിത്രം വിധിക്കട്ടെ’’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
രാജീവ് ഗാന്ധിയുടെ സ്മൃതികുടീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന മൻമോഹൻ സിങ്. (Photo by Money SHARMA / AFP)
∙ മോദി ദുരന്തമാകുമെന്ന് പറഞ്ഞു, ഖേദിച്ചുലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2014 ജനുവരി 4ന് നടന്ന വാർത്താസമ്മേളനത്തിൽ, നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതു രാജ്യത്തിനു ദുരന്തമായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി മൻമോഹൻ പറഞ്ഞു. എന്നാൽ 4 വർഷങ്ങൾക്കുശേഷം, ആ പ്രസ്താവനയിൽ ഖേദമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി: ‘‘മോദി പ്രധാനമന്ത്രിയാകുന്നതു ദുരന്തമായിരിക്കുമെന്നു ഞാൻ പറഞ്ഞിരുന്നു. ഉപയോഗിച്ചതു കടുത്ത വാക്കാണ്, ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല, ഖേദിക്കുന്നു’’. എന്നാൽ മോദി സർക്കാരിന്റെ നോട്ടുനിരോധനത്തെ കടുത്ത ഭാഷയിലാണു മൻമോഹൻ വിമർശിച്ചത്. 2016 നവംബർ 8ന് പ്രധാനമന്ത്രി മോദി 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ നിരോധിച്ച രീതി വൻ ഭരണപരാജയമാണെന്നു മൻമോഹൻ അഭിപ്രായപ്പെട്ടു. ഒരു വർഷത്തിന് ശേഷം, നോട്ടുനിരോധനവും ജിഎസ്ടിയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഇരട്ട പ്രഹരമാണെന്നും പറഞ്ഞു.
2004ലെ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതു സോണിയ ഗാന്ധിയെ ആയിരുന്നു. പക്ഷേ പ്രധാനമന്ത്രിയാകാൻ സോണിയ വിസമ്മതിച്ചതിനെ തുടർന്ന് മൻമോഹൻ സിങ് ആ പദവിയിലെത്തി. 2004 മേയ് 22നു പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. 2009 മേയ് 22ന് വീണ്ടും പ്രധാനമന്ത്രിപദത്തിൽ. 2014 മേയ് 26ന് സ്ഥാനം ഒഴിഞ്ഞു. സാമ്പത്തിക നയങ്ങൾക്കു പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് െഎഡറ്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയ ഭരണനേട്ടങ്ങളാലും മൻമോഹൻ ഓർമിക്കപ്പെടും.
Source link