ശമ്പളം 13,000; കാമുകിക്കായി ഒരു കോടിയുടെ 2 കാറുകൾ, രത്നം പതിപ്പിച്ച കണ്ണട, ആഡംബര ഫ്ലാറ്റ്! | മനോരമ ഓൺലൈൻ ന്യൂസ് – 21 Crore Embezzlement: Maharashtra Sports Department Employee’s Lavish Lifestyle Exposed | Fraud | Crime | India Maharashtra News Malayalam | Malayala Manorama Online News
ശമ്പളം 13,000; കാമുകിക്കായി ഒരു കോടിയുടെ 2 കാറുകൾ, രത്നം പതിപ്പിച്ച കണ്ണട, ആഡംബര ഫ്ലാറ്റ്!
ഓൺലൈൻ ഡെസ്ക്
Published: December 26 , 2024 07:52 PM IST
1 minute Read
Photo: Alex Mazilu/ Shutterstock
മുംബൈ∙ 13,000 രൂപ മാസശമ്പളമുള്ള യുവാവ് വാങ്ങിയത് മൂന്ന് ആഡംബര കാറുകൾ. ഛത്രപതി സാംഭാജിനഗർ വിമാനത്താവളത്തിനു സമീപം നാലു കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റും കാമുകിക്കായി വാങ്ങി നൽകി. മാത്രമല്ല, രത്നങ്ങൾ പതിപ്പിച്ച കണ്ണടകൾ വാങ്ങിയതും അന്വേഷണത്തിൽ കണ്ടെത്തി. മഹാരാഷ്ട്ര സർക്കാരിനുകീഴിലെ കായിക വകുപ്പിന്റെ കെട്ടിടത്തിലെ കംപ്യൂട്ടർ ജീവനക്കാരനായ 23കാരൻ ഹർഷൽ കുമാർ കിഷിർസാഗർ ആണ് തട്ടിച്ചെടുത്ത 21 കോടി രൂപ കൊണ്ട് ആഡംബരജീവിതം നയിച്ചത്.
ഛത്രപതി സാംഭാജിനഗറിലെ ഡിവിഷനൽ സ്പോർട്സ് കോംപ്ലക്സിലെ കരാർ ജീവനക്കാരനായിരുന്നു ഹർഷൽ കുമാർ. തട്ടിപ്പ് ഇങ്ങനെ: സ്പോർട്സ് കോംപ്ലക്സിന്റെ പഴയ ലെറ്റർഹെഡിൽ ഇമെയിൽ വിലാസത്തിൽ വ്യത്യാസമുണ്ടെന്നു കാട്ടി ബാങ്കിന് ഇമെയിൽ അയച്ചു. നിലവിലുള്ള ഇമെയിൽ വിലാസത്തിൽനിന്ന് ഒരു അക്ഷരം മാത്രം മാറ്റിയാണു പുതിയ വിലാസം ഉണ്ടാക്കിയത്. അതോടെ സ്പോർട്സ് കോംപ്ലക്സിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇമെയിൽ ഹർഷലിന്റെ കൈവശമായി. ഇതോടെ ഒടിപികളും ഇടപാടുകൾക്കാവശ്യമായി വരുന്ന മറ്റുവിവരങ്ങളും ഹർഷലിനു നേരിട്ടു ലഭിച്ചു.
പിന്നാലെ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ആക്ടിവേറ്റ് ചെയ്ത ഹർഷൽ ഈ വർഷം ജൂലൈ ഒന്നുമുതൽ ഡിസംബർ 7 വരെ 21.6 കോടി രൂപയാണ് 13 ബാങ്ക് അക്കൗണ്ടുകളിലേക്കായി വകമാറ്റിയത്. ഈ പണം ഉപയോഗിച്ച് 1.2 കോടിയുടെ കാർ, 1.3 കോടിയുടെ എസ്‌യുവി, 32 ലക്ഷത്തിന്റെ ബൈക്ക് എന്നിവ വാങ്ങി. കൂടാതെ വിമാനത്താവളത്തിന് അടുത്തായി കാമുകിക്ക് നാലു കിടപ്പുമുറികളുള്ള ഫ്ലാറ്റും വാങ്ങിച്ചു. ഇതുകൂടാതെയാണ് രത്നങ്ങൾ പതിച്ച രണ്ടു കണ്ണടകളും നൽകിയത്.
തട്ടിപ്പിനു കൂട്ടുനിന്നെന്ന പേരിൽ ഹർഷലിന്റെ കൂടെ ജോലി ചെയ്തിരുന്ന യശോദ ഷെട്ടി, ഭർത്താവ് ബി.കെ. ജീവൻ എന്നിവരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിനുപിന്നിൽ ഇനിയും കൂടുതൽപ്പേർ ഉണ്ടാവുമെന്നാണ് പൊലീസിന്റെ അനുമാനം. ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ സ്പോർട്സ് വകുപ്പ് പരാതി നൽകുകയായിരുന്നു.
English Summary:
21 Crore Embezzlement : Maharashtra government employee Harshel Kumar Kishorsagar’s 21 crore rupee embezzlement involved a sophisticated email manipulation scheme. His lavish spending spree included luxury cars and a flat, leading to his arrest and the arrest of accomplices.
mo-crime-crimeindia 2eq3mibubc1i2gnac6sq34k3i4 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-maharashtra mo-crime-fraud
Source link