കൂടല്ലൂര്‍ വിട്ട് കോഴിക്കോടിന്റെ ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്നു; എം ടി ഇനി ഓര്‍മകളില്‍
കോഴിക്കോട്: അക്ഷരങ്ങളുടെ മാന്ത്രികതയുമായി മാനാഞ്ചിറയേയും മിഠായിത്തെരുവിനേയും വിസ്മയിപ്പിച്ച ആ കാലൊച്ചകള്‍ ഇനിയില്ല. പിറന്ന നാടായ കൂടല്ലൂര്‍ വിട്ട് കോഴിക്കോടിന്റെ ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന എം.ടി ഇനി ഓര്‍മ്മകളില്‍ പുഞ്ചിരി തൂകും.പന്ത്രണ്ടാമത്തെ വയസിലാണ് എം.ടി ആദ്യമായി കോഴിക്കോടന്‍ മണ്ണില്‍ കാല് കുത്തുന്നത്. അച്ഛന്‍ നാരായണന്‍ നായരുടെ കൈപിടിച്ച് കോഴിക്കോടെത്തിയപ്പോള്‍ അത് വരെ കേട്ടറിഞ്ഞ നാട് സ്വന്തമായിത്തോന്നി. മണികിലുക്കിയോടുന്ന കുതിരവണ്ടികള്‍, മറ്റ് നഗരക്കാഴ്ചകള്‍…. പാലക്കാട് കുഗ്രാമത്തില്‍ നിന്ന് വന്ന കൊച്ചു പയ്യന്റെ മനസില്‍ കൗതുകത്തിന്റെ വേരുകള്‍ പടര്‍ത്താന്‍ അതുമതിയായിരുന്നു.
കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കണ്ടു തീരാതെയായിരുന്നു അന്ന് എം.ടിയുടെ മടക്കം. പിന്നീട് തൊഴില്‍ തേടിയും മറ്റുംനിരവധി തവണ കോഴിക്കോട്ടെത്തി. 1956-ല്‍ മാതൃഭൂമിയില്‍ ജോലി കിട്ടിയതോടെ കോഴിക്കോട് എം.ടിയുടെ സ്വന്തം തട്ടകമായി മാറി. അക്ഷരങ്ങളുടെ മാന്ത്രികതയിലൂടെ എം.ടി. മലയാളികളുടെ ആരാധനയ്ക്ക് പാത്രമായത് ഈ നഗരത്തിന്റെ പല കോണുകളിലിരുന്നാണ്. കൂടല്ലൂരില്‍ നിന്ന് എം.ടി എഴുതുമായിരുന്നെങ്കിലും എംടിക്ക് എഴുത്തിന്റെ ആകാശം തുറന്നത് കോഴിക്കോടന്‍ മണ്ണാണ്. മാനാഞ്ചിറയും മിഠായിത്തെരുവലും ബീച്ചുമെല്ലാം അദ്ദേഹത്ത സ്വാതന്ത്ര്യത്തോടെ വരവേറ്റു. എം.ടി. കോഴിക്കോട്ടെത്തിയ സമയം സാഹിത്യത്തില്‍ എസ്.കെ. പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും ഉറൂബും എന്‍.പി. മുഹമ്മദും തിളങ്ങിയ സമയമായിരുന്നു. അക്കൂട്ടത്തിലേക്ക് എം.ടിയേയും അവര്‍ സ്വീകരിച്ചു.
മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായെത്തിയ എം.ടി ആദ്യം താമസിച്ചത് ചാലപ്പുറത്തുള്ള ഒരു ലോഡ്ജ് മുറിയിലായിരുന്നു. അധികം വൈകാതെ അവിടെനിന്ന് മാറി ആനിഹാള്‍ റോഡിലെ ഒരു വീടിന്റെ മുകള്‍നിലയിലായി. മൂന്ന് കൊല്ലം അവിടെ തങ്ങി. ഇരുട്ടിന്റെ ആത്മാവ് ‘ എഴുതിയത് അവിടെനിന്നാണ്. സാഹിത്യ ലോകത്തെ എംടിയുടെ ആദ്യ സുഹൃത്ത് എന്‍.പി. മുഹമ്മദായിരുന്നു. ഇരുവരും പരിജയപ്പെട്ടതാവട്ടെ മിഠായിത്തെരുവിലെ ലക്കി ഹോട്ടലില്‍നിന്നു ചായ കുടിച്ച്. പിന്നീടങ്ങോട്ട് ഞായറാഴ്ചകളില്‍ തിയറ്ററില്‍ മാറ്റിനിക്ക് പോകുന്നത് ഇരുവരും സ്ഥിരമാക്കി. വൈകുന്നേരങ്ങളില്‍ ആകാശവാണിയിലെത്തി അക്കിത്തം, തിക്കോടിയന്‍, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരുമായെല്ലാം ചര്‍ച്ചകളും വര്‍ത്തമാനവും. പിന്നെ രുചികരമായ ഭക്ഷണം തേടി ബോംബെ ഹോട്ടല്‍, മോഡേണ്‍ ഹോട്ടല്‍, കോര്‍ട്ട്‌റോഡിലെ വീറ്റ് ഹൗസ്, കല്ലായി റോഡിലെ കോമളവിലാസ് ഹോട്ടല്‍, ഇപ്പോഴത്തെ ഇംപീരിയല്‍ ഹോട്ടലിനു കുറച്ചപ്പുറത്ത് ഉണ്ടായിരുന്ന പാരീസ് ഹോട്ടല്‍ ബീച്ച് ഹോട്ടല്‍ എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങും. എം.ടിയും ബേപ്പൂര്‍ സുല്‍ത്താനും തമ്മില്‍ വല്ലാത്ത ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ബഷീറിന് ഇംഗ്ലീഷ് പുസ്തകം എത്തിക്കുന്നതും എം.ടി തന്നെ.സുല്‍ത്താന്റെ പ്രിയപ്പെട്ട നൂലന്‍ വാസു’വും ‘നൂല്‍ മാസ്റ്ററു’മായിരുന്നു എം.ടി.
വീട്ടില്‍ നിന്നെഴുതുന്ന പതിവ് കുറവായതിനാല്‍ നഗരത്തിലെ പല ഹോട്ടലുകളും എംടിയുടെ എഴുത്തിന് സക്ഷിയായി. ആനിഹാളിന്റെ എതിര്‍വശത്ത് ഉണ്ടായിരുന്ന രത്‌നഗിരിഹോട്ടലില്‍ മുറിയെടുത്താണ് നിര്‍മാല്യം, ഓളവും തീരവും എഴുതിയത്. ബീച്ചിലെ ഹോട്ടല്‍ സീക്വീനില്‍ മുറിയെടുത്ത് താഴ്വാരം, സദയം എന്നിവയുടെ തിരക്കഥ പൂര്‍ത്തിയാക്കി. ഹോട്ടല്‍ കാലിക്കറ്റ് ടവേഴ്‌സിലും താമസിച്ചിട്ടുണ്ട്. നീലത്താമരയുടെ റീമേക്ക് എഴുതിയതു വീടിനു തൊട്ടടുത്തുള്ള ഈസ്റ്റ് അവന്യൂ ഹോട്ടലിലിരുന്നാണ്. പഴശ്ശിരാജയുടെ തിരക്കഥയുടെ കുറെ ഭാഗങ്ങളും ഇവിടെ നിന്നെഴുതിയിട്ടുണ്ട്. അങ്ങനെ നീളുന്നു എംടിയും ഹോട്ടല്‍ ബന്ധങ്ങളും.
തന്നെ തിരിച്ചറിഞ്ഞ നഗരം എന്നാണ് എന്ന് എം.ടി. കോഴിക്കോടിനെ വിളിച്ചിരുന്നത്. അത്രയുമധികം എംടി ഏരോ മനുഷ്യമനസിലും ആഴ്ന്നിറങ്ങിക്കഴിഞ്ഞിരുന്നു. സ്വന്തം പേരു പറഞ്ഞു പരിചയപ്പെടേണ്ടിവന്ന ഒരനുഭവവും ഇവിടെ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല.അതേ മേല്‍ എംടി ഇവിടെ ആഴ്ന്നിറങ്ങിയിരുന്നു. എംടിയില്ലാത്ത സാഹിത്യ ചര്‍ച്ചകളുംഅരങ്ങുകളും കോഴിക്കോട്ട് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. അസുഖബാധിതനായിരുന്നിട്ടും എം.ടിയെ വേദിയിലെത്തിക്കാന്‍ ആളുകള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എംടിയില്ലെങ്കില്‍ ഒന്നിനും പൂര്‍ണ്ണതയില്ലാതായി മാറി. പ്രിയ എം.ടി ഇനി നിങ്ങള്‍ക്ക് വിശ്രമിക്കാം…. ഈ നഗരം നിങ്ങളെ എന്നും ഓര്‍ത്തുകൊണ്ടേയിരിക്കും.
Source link