KERALAM

തൊട്ടതെല്ലാം പൊന്നാക്കുന്ന ഗാന്ധര്‍വ്വം!


നവോത്ഥാന കാലഘട്ടത്തിലെ യാഥാതഥമായ രചനാശൈലിയില്‍ നിന്നും സ്വന്തമായ വഴിവെട്ടിത്തെളിച്ച് അതിലൂടെ പോയ കാവ്യകാരനായിരുന്നു എം.ടി.ആ രണ്ടക്ഷരത്തിന്റെ കാവ്യഗന്ധം പാരിജാതം പോലെ ശ്രേഷ്ഠം. അമരത്വമാണല്ലോ ആ ദേവ പുഷ്പത്തിന്റെ ശ്രേഷ്ഠത !

കാലം കല്പിച്ചു പേറെടുത്ത കഥാകാരനാണ് എം.ടി. സര്‍ഗാത്മക വൈഭവത്തെ മുന്‍ഗാമികള്‍ തെളിച്ച പാതയിലൂടെ തെളിക്കാതെ , ആ അനുധാവനമോ അനുകരണമോ ഇല്ലാതെ സ്വന്തമായി സ്വച്ഛമായി യാത്ര തുടര്‍ന്നു. കവി കഥാകൃത്താകുകയും, കഥാകൃത്ത് കവിയാകുകയും ചെയ്യുന്ന പ്രതിഭാവിലാസം ആ കൃതിയിലൂടെ വായനക്കാരന്‍ കണ്ടു.

സാമൂഹികവ്യവസ്ഥകളല്ല കഥയ്ക്ക് വിഷയമായി ഭവിച്ചത്, മനുഷ്യമനസ്സില്‍ അന്തര്‍ലീനമായിക്കിടക്കുന്ന വിഷാദഛവി തന്നെയായിരുന്നു നിതാന്ത വര്‍ണ്ണന. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും,നിഷ്‌ക്കാസിതനായവന്റെയും വേദനയ്ക്കൊപ്പം മാനസികമായി ഐക്യപ്പെടാന്‍ എം.ടി എന്ന എഴുത്തുകാരന് കഴിഞ്ഞു.


ഭൂതകാലത്തെ,(ബാല്യകാലത്തെ) ദുരനുഭവങ്ങളാകണം ആ പ്രജ്ഞാ ബോധത്തില്‍ അന്തര്‍ലീനമായി മയങ്ങിയ ബീജതന്തുവിന്റെ ഉല്പത്തിയും വളര്‍ച്ചയും പിന്നീട് ഉല്പന്നവുമായത്.


ദൈന്യവും ക്രൗര്യവും ,ശാന്തിയും അശാന്തിയും സ്നേഹവും ആത്മനീരാസവും പേറുന്ന ദ്വൈതവിപര്യയങ്ങളെ സമര്‍ത്ഥ സങ്കേതങ്ങളുപയോഗിച്ച് വര്‍ണ്ണിക്കുവാന്‍ ഈ സര്‍ഗകാരന് കഴിഞ്ഞിട്ടുണ്ട്. സുഗന്ധവും ചൈതന്യവും പേറുന്ന ഈ ആവിഷ്‌ക്കാരങ്ങള്‍ ഇനിയും കലാതിവര്‍ത്തിയായ് നിലനില്‍ക്കും.

അന്നുവരെ അനുഭവിച്ച സാമൂഹിക നോവലില്‍ നിന്നും എം.ടീ രചനകള്‍ വ്യത്യസ്തസങ്കേതങ്ങളാല്‍ രചിക്കപ്പെട്ടതില്‍ എഴുത്തുകാരന്റെ ദീര്‍ഘവീക്ഷണവും സ്വതസിദ്ധിയും ഉണ്ടായിരിക്കണം.കാരണം മനുഷ്യമനസ്സിന്റെ ആത്മനൊമ്പരങ്ങളെ യഥാതഥമായി അവതരിപ്പിക്കുകയും, നിശബ്ദമായി കരയുകയും വേദനയോടെ മന്ദഹസിക്കുകയും ചെയ്ത കാലാതിവര്‍ത്തിയായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും ചെയ്തപ്പോള്‍; അത് ആത്മനീരാസം അനുഭവിക്കുന്ന,? പരിത്യക്തനായി മാറിയ ഏവരുടേയും വേദനയായി മാറി. അനുവാചകര്‍ അതില്‍ ആത്മാവ് കൊണ്ട് പങ്കാളിയുമായി.

മനുഷ്യമനസിന്റെ ഏകതാനതയില്‍, ഏകശ്രുതിയില്‍,വിഷാദഛവിയില്‍ ഈ പ്രമേയവും പാത്രസൃഷ്ടികളും സമരസപ്പെടുന്നുവെന്നതുകൊണ്ടാണ് എന്നും കാലാതിവര്‍ത്തിയായി ഈ കൃതികള്‍ നിലനില്‍ക്കുന്നത്.

ഇനി വരുന്ന കാലഘട്ടത്തിലും ഈ കാവ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടാകും. കാരണം, ഒറ്റപ്പെട്ട ജീവിതതുരുത്തില്‍ കരഞ്ഞും നിലവിളിച്ചും കൈകാലിട്ടടിച്ചും, ദു:ഖം പോലും പങ്കിടാനാകാത്ത ഒരു തലമുറ വിഷാദരോഗം വഹിച്ച് വരുന്നുണ്ട് .അവന്റെ കൂടി നൊമ്പരമാണ് കാവ്യകാരന്‍ ഇന്നലെകളില്‍ കുറിച്ചുവെച്ചത്.അതാണ് എഴുത്തുകാരന്റെ ക്രാന്തദര്‍ശിത്വം. ഇന്നലെകളില്‍ കൊണ്ടാടപ്പെട്ടു ,ഇന്ന് പ്രകീര്‍ത്തിക്കുന്നു ,നാളേകളില്‍ വീണ്ടും കണ്ടെത്തപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യും.തീര്‍ച്ച!


കഥയും നോവലും കവിതയായ് ഒഴുകുന്ന പ്രതിഭാസമൃദ്ധി എം.ടി യുടെ കൃതികള്‍ക്കുണ്ട്. പല ഭാഗങ്ങളിലും കഥ കവിതയായ് മാറുന്നുമുണ്ട്.അത് എം.ടീ രചനയുടെ മഹാവൈഭവമാണ്. രണ്ടാമൂഴത്തിലെ രംഗമിതാണ്; ദ്രൗപദീ വര്‍ണ്ണന
‘ഉദയകിരണം ഇപ്പോള്‍ തൊട്ടുണര്‍ത്തിയ ഇന്ദീവരം ജ്വലിക്കുന്ന സുന്ദരി! പ്രഭാവതി!’

കവിയാകേണ്ട കാഥികനാണ് എം.ടി എന്നതില്‍ തര്‍ക്കമില്ല. ആ കവിഭാവനയും കാലം അനുഗ്രഹിച്ചു നല്‍കിയ ശൈലിയും പദപ്രയോഗങ്ങളും അത്യത്ഭുതമായ കൈവഴക്കവും അനുപമമായ പ്രജ്ഞാഭാവനാബോധവും ചേര്‍ത്തുവെയ്ക്കുന്നതാണ് എം.ടിയുടെ എല്ലാ കൃതികളും. കാഥികന്‍ തന്നെ കലയായ് മാറുന്ന സ്ഥൂലപൂര്‍ണ്ണിമ ഈ എഴുത്തിനുണ്ട്.

ഭാവിതലമുറയ്ക്ക് പ്രകാശം ചൊരിഞ്ഞ് കൈപിടിച്ചാനയിച്ച ഗുരുവാണ് എം.ടി.ഇന്നറിയപ്പെടുന്ന എഴുത്തുകാരില്‍ എത്രയോ പേര്‍ ആ ആചാര്യന്റെ പരിഗണനയ്ക്ക് പാത്രമായി. കരുതലും വാത്സല്യവും, തനിക്ക് ശേഷവും ഈ മണ്ഡലം നിലനില്‍ക്കണമെന്ന സാഹിത്യ പ്രതിബദ്ധതയും കൊണ്ടുകൂടിയായിരുന്നു.

ഇരുപത് വര്‍ഷത്തോളമായി ഞങ്ങള്‍ക്കിടയിലെ ആത്മബന്ധം. ഉടലെടുത്തിട്ട്.അന്നൊരു നാള്‍ ‘രണ്ടാമൂഴ’ത്തിന് ആസ്വാദനമെഴുതി അയച്ചുകൊടുത്തു .കൃത്യം പത്തു ദിവസത്തിനുള്ളില്‍ അതിനുള്ള മറുപടിയും ഒപ്പം അഭിനന്ദനവും വന്നു. ആ വരികള്‍ക്കിടയില്‍ ഈ വാക്യങ്ങള്‍ ഇന്നും ഹൃദിസ്ഥം.


‘ഉണര്‍വ്വുള്ള ഒരു മനസ്സുണ്ട് എഴുതണം നന്‍മവരട്ടെ ,എന്നും നന്‍മവരട്ടെ’.
ഞാന്‍ ഏറെ ആദരിക്കുന്ന മഹാ മനുഷ്യനില്‍ നിന്നും കൈപ്പറ്റിയ ആ കത്താണ് എന്റെ ജീവിതത്തിലെ സാഹിത്യപ്രയാണത്തിലേക്കുള്ള ദിശ തിരിച്ചുവിട്ട നിമിഷങ്ങള്‍ …. പിന്നെയും കത്തുകള്‍ എഴുതി മറുപടിയുീ പ്രോത്സാഹനവും തന്നു. ആ കത്തുകള്‍ ദിവ്യാക്ഷരങ്ങളായിരുന്നു. അന്ന് അവ വന്നില്ലായിരുന്നുവെങ്കില്‍ ഇന്നീ വഴികളില്‍ ഞാന്‍ ഉണ്ടാകുമായിരുന്നോ !

ചികിത്സയിലായിരുന്നെങ്കില്‍ കൂടി എന്റെ ആദ്യ കൃതിയായ ‘ദൈത്യരാജ ഹൃദയ ‘ത്തിന് ,പരിമിതമായ സമയത്തിനുള്ളില്‍ അവതാരിക എഴുതി അനുഗ്രഹിച്ചു ആ ആചാര്യന്‍ .അദ്ദേഹം അയച്ച കത്തുകള്‍ നിധിപോലെ ഇന്നും ഭദ്രം ,ആ കയ്യൊപ്പ് ചാര്‍ത്തിയ അവതാരികയും സൂക്ഷിച്ചുവെയ്ക്കുന്നു. അമൂല്യമായ നിധിയാണെനിക്കെന്നും. കാലം കഴിയുംതോറും സുഗന്ധീ ആരൂഢമാകുന്ന കളഭമാണത്. ആ വരികള്‍ എനിക്കുവേണ്ടിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു.

കാലം എപ്പഴും ഗുരുനാഥന്‍ന്മാരെ നിയോഗിക്കും വരുംതലമുറയെ കൈ പിടിച്ചുയര്‍ത്താന്‍. അത് അനിവാര്യമായ കര്‍മ്മസങ്കല്പമാണ്. ആ കാര്‍മ്മികത്വത്തില്‍ മഹാഗുരുഭൂതന്‍മാരില്‍ എം.ടി എന്ന ദിവ്യാക്ഷരം അഗ്രഗാമിയായി തന്നെ നിലനില്‍ക്കുന്നു.
കര്‍ക്കിടകം പഞ്ഞമാസമെന്നത് അന്ധവിശ്വാസം മാത്രം. ആഷാഢത്തിലെ ഉത്തൃട്ടാതിക്ക് ഒരു സാരസ്വതബ്രഹ്‌മകല്പനയുണ്ട്. മഷിയുണങ്ങാത്ത ആ പ്രജ്ഞാ വൈഭവത്തിന് വയസ് എണ്‍പത്തിയേഴ് പൂര്‍ത്തിയാകുന്നു. ഉറവവറ്റാത്ത ,യൗവ്വനയുക്തമായ ഈ പ്രതിഭാവിലാസമാണ് മലയാള സാഹിത്യത്തിന്റെ വരപ്രസാദം; പുണ്യം .


എം.ടി മലയാളിയുടെ സ്വകാര്യഅഹങ്കാരമാണ് എന്നത് അതിശയോക്തിയല്ല യാഥാര്‍ത്ഥ്യമാണ്.തൊട്ടതെല്ലാം പൊന്നാക്കുന്ന ഗാന്ധര്‍വ്വം!

വ്യാസകാളിദാസ അക്ഷര പാരമ്പര്യത്തിന്റെ ദീപ്തമായബിംബമാണ് എം.ടിയെന്ന ദ്വയാക്ഷരം .


കാലം എന്നും പ്രകീര്‍ത്തിക്കുന്ന മഹാകാവ്യകാരന്, എന്റെ സ്നേഹനിധിയായ എം.ടി മാഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
‘ ശതം ജീവശരദോ വര്‍ദ്ധമാന: ‘
‘ഗുരുഭ്യോ നമ:’


Source link

Related Articles

Back to top button