‘‘മനുഷ്യജാതിയുടെ സ്വഭാവഘടന വളരെ സങ്കീർണമാണ്. അവൻ അടിസ്ഥാനപരമായി നന്മ ചെയ്യുന്നവനല്ല. മനുഷ്യനെ ഭരിക്കുന്നത് ഹിംസ്രവാസനയാണ്. സാഹചര്യങ്ങളുടെ പ്രേരണ അവനിൽ നന്മകൾ വളർത്താൻ സഹായകമായി എന്നുവരാം. നല്ല ഉറപ്പുള്ള ഒരു അങ്കുശം അവനെന്നും ആവശ്യമുണ്ട്. അതുകൊണ്ട് നന്മയെക്കാൾ മനുഷ്യന്റെ തിന്മയിലേക്കാണ് ഞാൻ എപ്പോഴും നോക്കിയിട്ടുള്ളത്. അവിടെയാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്കെന്തെങ്കിലും ചെയ്യാനായിട്ടുള്ളതും. വളരെയധികം ഒന്നുമില്ല. ഒരു ഓർമപ്പെടുത്തൽ സാധിച്ചാൽ പോലും വലിയ കാര്യമാണ്. നല്ല ജീവിതപരിചയം നിങ്ങളെ പാകപ്പെടുത്തിയേക്കാം. പക്ഷേ എല്ലാവർക്കും വേണ്ടത്ര ജീവിതാനുഭവങ്ങൾ കിട്ടണമെന്നില്ല. പലപ്പോഴും കടം എടുക്കേണ്ടിവരും. അതിനുള്ള മനസ്സുണ്ടാകണം.
എന്നെക്കാൾ വലിയവരില്ല എന്നു വിശ്വസിച്ചാൽ പരിവർത്തനങ്ങൾ സംഭവിക്കാൻ പ്രയാസമാണ്. ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ധൈര്യമുണ്ടാവണം. അതിനെ തടയുന്ന നിരവധി ഘടകങ്ങളുണ്ട്. കുടുംബബന്ധങ്ങൾ, പലതരത്തിലുള്ള വൈകാരിക ബന്ധങ്ങൾ, ഈഗോ, ജനിതകപരമായ സവിശേഷതകൾ അങ്ങനെ അങ്ങനെ പലതുമുണ്ട്. ഇതിനെയെല്ലാം പരിഗണിക്കുന്നതു കൊണ്ടാണ് മനുഷ്യനെ പരിവർത്തനപ്പെടുത്തുക എന്നൊരു ലക്ഷ്യം എന്റെ സാഹിത്യ ജീവിതത്തിൽ ഇതുവരെ ഉണ്ടാകാതിരുന്നത്. പരിമിതമായ വിഭവങ്ങൾ കൊണ്ട് ഞാൻ ഒരുക്കുന്നത് ചിലർക്കെങ്കിലും രുചികരമായി തോന്നിയാൽ എഴുത്ത് പാഴയില്ല എന്നു കരുതാം. ഞാൻ വിശ്വസിക്കുന്നു, സാഹിത്യം ഒരു ഭാഷയിലും നന്മയുടെ പ്രഖ്യാപനമല്ല. ചെഖോവിന്റെ ഒരു പ്രസ്താവനയുണ്ട്- ‘നമുക്ക് എഴുതാനുള്ളത് എഴുതിവയ്ക്കുക. നന്മ-തിന്മകളുടെ നിർണയം വായനക്കാർക്കു വിട്ടുകൊടുക്കുക.’ വായനക്കാർ വിധിക്കുമ്പോൾ ഗോർക്കിയും വിക്ടർ ഹ്യുഗോയുമൊക്കെ മനുഷ്യരിലെ ദൈവമാകും. റ്റെഡ് ഹ്യുസ് ക്രൂരതയുടെ പ്രതീകമാകും.’’
ഒരു ചെറിയ ചോദ്യത്തിന് എംടി നൽകിയ മറുപടി സുദീർഘമായിരുന്നു. പൊതുവേ സംഭാഷണത്തിൽ വിമുഖത പ്രകടിപ്പിക്കുന്ന എംടിയുടെ മാനസിക കാലാവസ്ഥ അന്നേദിവസം തെളിഞ്ഞു നിന്നതിനാൽ സംഭവിച്ചു പോയതാണ്. അതിനെ തടസപ്പെടുത്താൻ രാവിലെ തുഞ്ചൻപറമ്പിൽ സന്ദർശകരായി ആരുംതന്നെ ഉണ്ടായിരുന്നില്ല. തലേദിവസം രാത്രിയിൽ അനുവാദം വാങ്ങിവച്ചതു കൊണ്ടും അദ്ദേഹം വർത്തമാനം പറയാൻ കനിവു കാട്ടി. മുൻപും പലതവണ എം.ടി.യോടൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും അന്നത്തെ ഗോതമ്പു ദോശയുടെയും ഉള്ളിച്ചമ്മന്തിയുടെയും സ്വാദ് വേറിട്ടതായി തോന്നി. പ്രാതലിനുശേഷം അദ്ദേഹം വെളിയിലേക്കിറങ്ങി നിന്നു. ഞാൻ ഇപ്പോൾ തൊട്ടടുത്തുള്ള താനൂർ കോളേജിലാണെന്ന കാര്യം ഓർമിപ്പിക്കേണ്ടിവന്നില്ല. വർഷങ്ങൾ ഒത്തിരി കഴിഞ്ഞെങ്കിലും മഹാരാജാസിൽ വച്ചുണ്ടായ കൂടിക്കാഴ്ച പോലും തെളിനീർപുഴയുടെ അടിത്തട്ടിൽ തിളങ്ങുന്ന വെള്ളാരം കല്ലുകൾ പോലെ അദ്ദേഹം ഓർക്കുന്നുണ്ടായിരുന്നു. മലബാർ ചരിത്രത്തിലെ ഓരോ അക്ഷരത്തിലും ആർദ്രമായി തൊട്ടുകൊണ്ട് താനൂരിൽ ചിതറി വീണ ചോരത്തുള്ളികൾ അവശേഷിപ്പിച്ച മായാത്ത പാട്ടുകൾ എംടി എന്നെ കാണിച്ചുതന്നു. ‘ഈ മണ്ണിൽ ചവിട്ടുന്നതുപോലും ബഹുമാനത്തോടെയാവണം.’ അതൊരു താക്കീതായിരുന്നു.
എം.ടി.യെ ഇങ്ങനെയൊരു വർത്തമാനത്തിലേക്കു നിർബന്ധിച്ച പ്രചോദനത്തെപ്പറ്റി ഇനിയും ഞാൻ യാതൊന്നും പറഞ്ഞിട്ടില്ല. എംടിയുടെ സിനിമകളിൽ അഗാധമായ സ്വാധീനത ചെലുത്തിയ ‘അമൃതംഗമയ’യുടെ ഉല്പത്തി രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മുഖവുരയെന്നോണം മനുഷ്യസ്വഭാവത്തെ അദ്ദേഹം ആഴത്തിൽ വിശദീകരിച്ചതാണ് മുകളിൽ എഴുതിയതത്രയും. എംടി പറയുന്നു, ‘മനുഷ്യരുടെ പ്രവൃത്തികൾ ജന്തുസഹജമായ വാസനയിൽനിന്നു ജനിക്കുന്നതാണ്. അതിനെ വ്യാഖ്യാനിക്കുമ്പോൾ മാത്രമാണ് പാപപുണ്യങ്ങളും നന്മതിൻമകളും പ്രസക്തമാകുന്നത്. മറിച്ചുള്ള സന്ദർഭങ്ങളിൽ മനുഷ്യരുടെ ഏതു ഹീനപ്രവൃത്തിയും സ്വാഭാവികമാണ്.’ ഈ വിശ്വാസത്തെ ‘അമൃതംഗമയ’യിൽ എംടി ദാർശനികമായി അവതരിപ്പിച്ചു.
‘ഇങ്ങനെയുള്ള പ്രമേയങ്ങൾ ജനപ്രിയ സിനിമകളിൽ കൊണ്ടു വരുന്നതിൽ ചില അപകടങ്ങളുണ്ട്. ജനങ്ങൾ എങ്ങനെ എടുക്കുമെന്ന് യാതൊരു നിശ്ചയമുണ്ടാവില്ല. കൈവിട്ടു പോയെന്നും വരാം. നോവൽ കുറച്ചുകൂടി സേഫാണ്. ഒരു ഡ്രൈവർ വണ്ടി ഓടിക്കുന്നതു പോലെയാണ് ഫിക്ഷൻ വായിച്ചുപോകുന്നത്. വായനക്കാരൻ അതിനെ ശരിയായ വഴിയിലൂടെ നിയന്ത്രിച്ചു കൊള്ളും. ഗുന്തർഗ്രാസ് ഇതിനെപ്പറ്റി കൃത്യമായ ഒരു അഭിപ്രായം എഴുതിവച്ചിട്ടുണ്ട്- ‘നോവൽ വായിക്കുന്നവർ താരതമ്യേന വിവേകശാലികളാണ്. കവിതയും നാടകവുമൊക്കെ വായനക്കാരെ എടുത്തുചാട്ടക്കാരാക്കും. അവരെ പിടിച്ചുനിർത്താൻ പ്രയാസമുണ്ട്.’ അതുകൊണ്ടാണ് ‘അമൃതംഗമയ’ ഒരു നോവലാകുന്നതാകും കുറേക്കൂടി ഉചിതം എന്നു ഞാൻ കരുതിയത്.
മെറ്റീരിയൽസൊക്കെ മുൻപേ എടുത്തുവച്ചിരുന്നു. മെഡിക്കൽ എത്തിക്സിലെ അപചയത്തിൽ ഊന്നൽ കൊടുത്തുകൊണ്ട് ഡോക്ടർ ഹരിദാസിൽ കുറച്ചുകൂടി ഫോക്കസ് കൊടുക്കാനുള്ള സാധ്യത നോവലിൽ ഞാൻ കണ്ടിരുന്നു. സിനിമയിൽ അതൊക്കെ വേറൊരു തരത്തിലാണ് ഉപയോഗിച്ചത്. ലാൽ മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. എല്ലാം നന്നായിത്തന്നെ വന്നു. സിനിമ റിലീസായത്തിനു ശേഷം പതിവുപോലെ പലരും ഹരിദാസിൽ അവകാശം ഉന്നയിച്ചു. കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രൊഫസറായിരുന്ന ഒരു സ്നേഹിതൻ അയാളുടെ ഒരു പൂർവ വിദ്യാർഥിയുമായി എന്നെ കാണാൻ വന്നു. ജീവിതത്തിൽ മാത്രമല്ല, രൂപത്തിൽപോലും വ്യത്യാസമില്ല. രണ്ടു തവണ ജീവനെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇപ്പോൾ ഒരു ഉറുപ്പിക പോലും പ്രതിഫലം വാങ്ങാതെ കാസർകോടെവിടെയോ മനോരോഗികൾക്കായി ഒരു ക്ലിനിക് നടത്തുന്നുണ്ട്. ചില പാപങ്ങൾ പുണ്യത്തിലേക്കുള്ള വഴിയാകും.’
വാണിജ്യ സിനിമകളുടെ ഘടകങ്ങൾ ‘അമൃതംഗമയ’ ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ വാണിജ്യസിനിമകളുടെ മൂല്യങ്ങളെ ‘അമൃതംഗമയ’ വിദഗ്ധമായി മറികടക്കുന്നു. ഏതു കാലഘട്ടത്തിനും ചേരുന്ന സിനിമ എന്ന നിലയിൽ ‘അമൃതംഗമയ’ ആവർത്തിച്ചു കാണേണ്ടതുണ്ട്. ലോകത്തിനു മുന്നിൽ അഭിമാനപൂർവം അവതരിപ്പിക്കാൻ കഴിയുന്ന പ്രമേയ ഗൗരവം കൊണ്ട് ഈ സിനിമ അമരത്വം നേടിയിരിക്കുന്നു. ഓരോ ചെറിയ വാക്കിലും നേർത്ത ചലനത്തിലും വിശ്വസാഹിത്യത്തിലെ ദുരന്ത നായകന്മാരെ ഓർമിപ്പിക്കുന്ന ഡോക്ടർ പി.കെ. ഹരിദാസ് അയാളുടെ പാപബോധത്തിൽനിന്നു മോചിതനാകാൻ മനുഷ്യസഹജമായതത്രയും പ്രവർത്തിക്കുന്നു.
പ്രായശ്ചിത്തങ്ങളിലൂടെ പരിഹരിക്കാൻ കഴിയുന്നതല്ല പാപം എന്ന തിരിച്ചറിവാണ് നിസ്സഹായനായ ഹരിദാസ് നൽകുന്നത്. കരിമ്പടത്തിനു മുകളിൽ എത്ര നിറങ്ങൾ പുരട്ടിയാലും അതിൽ വ്യത്യാസമുണ്ടാവുകയില്ല എന്നൊരു സൂഫി പാടിയതു പോലെ അയാളുടെ ശ്രമങ്ങൾ വ്യർഥമാകുന്നു. കൊടിയ പാപബോധത്തിന്റെ പഞ്ചാഗ്നിയിൽ മുഴുവനെ ദഹിക്കുവാൻ വിധിക്കപ്പെട്ട ചെറുപ്പക്കാരനെ ഇന്ത്യയിലെ ഒരു നടനും സാധിക്കാത്ത തലത്തിൽ ഉജ്വലമാക്കിയ ലാലിനോട് ഞാൻ പലകുറി ചോദിച്ചതാണ്. ആ സിനിമയിൽ എങ്ങനെ എത്തിയെന്ന കാര്യം കൃത്യമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു ലാൽ തന്ന മറുപടി. എങ്കിലും ഹരിദാസ് ഹൃദയത്തിൽ അവശേഷിപ്പിക്കുന്ന നൊമ്പരം മുപ്പത്തേഴുവർഷങ്ങൾ കടന്നുപോയിട്ടും ലാലിൽ ബാക്കി നിൽക്കുന്നതായി ഞാൻ മനസിലാക്കുന്നു.
കഥാപാത്രങ്ങളെ കഴിവതും വേഗം ഇറക്കിവച്ചു പോകാൻ പരിശീലിച്ചു വച്ചിട്ടുള്ള ലാൽ ഇരുപത്തിയേഴാം വയസ്സിൽ അവതരിപ്പിച്ച ഹരിദാസിനെ അങ്ങനെ എളുപ്പത്തിൽ മറക്കാൻ ആഗ്രഹിക്കുന്നില്ല എന്നും പറയാം. ‘ഹരിദാസ് ഒരു കഥാപാത്രം മാത്രമല്ല, അയാൾ നമ്മുടെ നടുവിൽ തന്നെയുണ്ട്. അയാളുടെ തീവ്രമായ ദുഃഖം, വിട്ടുപോകാത്ത അനുഭവങ്ങൾ, കുറ്റബോധം, കഴിഞ്ഞുപോയ കാലങ്ങൾ ഇതൊക്കെ ചില സമയങ്ങളിൽ നമ്മുടേതായി മാറും. സേതുമാധവനും അങ്ങനെയൊരാളാണ്. ഇതേ സ്വഭാവമുള്ള വേറെയും കഥാപാത്രങ്ങളുണ്ട്. എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇങ്ങനെയുള്ള ദുരന്ത കഥകൾ പറയാനുണ്ടാകും. ഏറ്റുപറയാനും പശ്ചാത്താപിക്കാനും വളരെ കുറച്ചു പേർക്കേ സാധിക്കൂ. അതിന് നല്ല ആത്മധൈര്യം ഉണ്ടാകണം. ആ ധൈര്യം ഹരിദാസിനുണ്ട്. അത് അയാളിലെ നന്മയാണ്. ആ നന്മയാണ് എംടി സാർ കാണിച്ചുതന്നത്. എനിക്കത് അഭിനയിച്ചു കാട്ടാൻ അവസരം കിട്ടി. ഭാഗ്യമുണ്ടായി എന്നു പറയുന്നതാവും കൂടുതൽ ശരി. നമ്മുടെ ഈ ചെറിയ ജീവിതത്തിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന വലിയൊരു സത്യമാണ് മരണം. അതിനെ ഒഴിവാക്കുക എന്നല്ല, അതിനെ ഉൾക്കൊള്ളാൻ സാധിക്കട്ടെ എന്ന അർഥത്തിലാണ് ‘അമൃതംഗമയ’ എന്ന മന്ത്രത്തെ ഞാൻ സ്വീകരിക്കുന്നത്. നമ്മൾ ഇതിനെക്കുറിച്ച് ഇത്രയും സംസാരിച്ചതുകൊണ്ട് തീർച്ചയായും ഞാൻ ഈ സിനിമ ഒരിക്കൽകൂടി കാണുന്നുണ്ട്.’ ലാൽ ഉറപ്പുതന്നു, പാലിച്ചു.
നോവലാകട്ടെ, സിനിമയാകട്ടെ എംടിയുടെ കഥാപാത്രങ്ങളിൽ ഏറെയും ജീവിച്ചിരിക്കുന്നവരെ മാതൃകയാക്കി നിർമിക്കപ്പെട്ടവയാണ്. ഡോക്ടർ ഹരിദാസ് ഈ ശൃംഖലയിൽ ഉൾപ്പെടുന്നില്ല. എന്നാൽ ഉയർന്ന ജീവിതമൂല്യങ്ങൾ പാലിക്കുന്ന നിരവധി ഡോക്ടർമാരെ എംടി പരിചയപെട്ടിട്ടുണ്ട്. ചെറിയ കൈപ്പിഴമൂലം ജീവിതകാലം സ്വയം കൽപ്പിച്ച തടവുശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ട പലരെയും അദ്ദേഹം കണ്ടു. അവരുടെ ആത്മസംഘർഷങ്ങൾക്ക് ഒരു ഇടം കൊടുക്കണം എന്ന വിചാരം എംടിയെ ‘അമൃതംഗമയ’യിൽ എത്തിച്ചു. ‘സോദ്ദേശ്യസിനിമയുടെ ചട്ടക്കൂടിൽപ്പെട്ടു പോകുമോ എന്നൊരു ആശങ്ക തുടക്കത്തിൽ ഉണ്ടാകാതിരുന്നില്ല, പക്ഷേ ഹരന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. കാസ്റ്റിങ്ങും നന്നായി വന്നു. എന്റെ സിനിമകളിൽ ലാൽ കുറച്ചേ വന്നിട്ടുള്ളൂ. അതിന്റെ മനപ്രയാസം ഈ ഒറ്റ വേഷത്തിലൂടെ മാറി കിട്ടി. ലാലിന് എന്തും ചെയ്യാൻ സാധിക്കും എന്നു തെളിയിച്ചതാണ് ഡോക്ടർ ഹരിദാസ്. ബാബുവും വിനീതും പാർവതിയും കഥാപത്രങ്ങളെ പരമാവധി ഉൾക്കൊണ്ടു പ്രവർത്തിച്ചു. എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നു. ഒരു നല്ല സിനിമ ഉണ്ടാകാൻ എല്ലാവരും സഹായിച്ചു. സിനിമാറ്റിക് എന്ന പ്രയോഗത്തെ സാധൂകരിക്കുന്ന ചില സന്ദർഭങ്ങൾ അമൃതംഗമയയിൽ ആരോപിക്കപ്പെട്ടിരുന്നു. അതൊന്നും പ്രേക്ഷകർ വകവച്ചു കൊടുത്തില്ല.
പശ്ചാത്തപിക്കാനും മാനസാന്തരപ്പെടാനും പലർക്കും അമൃതംഗമയ ഒരു സന്ദർഭമായതായിട്ടാണ് ഞാൻ മനസിലാക്കുന്നത്. അതൊരു നല്ല സൂചനയായി. പിന്നീടെഴുതിയ ചില സിനിമകളിൽ ഇതിനെ ഞാൻ ഒരു ഫീഡ്ബാക്കായി ഉപയോഗിച്ചിട്ടുണ്ട്.’ എംടി കൂടുതൽ ഉദാഹരണങ്ങൾ എടുത്തുവച്ചു.
1987 ഫെബ്രുവരി ആറാം തീയതി പുറത്തിറങ്ങിയ ‘അമൃതംഗമയ’ കാണാൻ 2024ലും ധാരാളം പ്രേക്ഷകരുണ്ട് . കാരണം ഹരിദാസ് നമുക്കു മുന്നിൽ അവതരിപ്പിക്കുന്ന മാനവികത ഏതു കാലത്തിനും ഏതു ലോകത്തിനും ചേരുന്നതാണ്. ദസ്തയേവ്സ്കിയുടെ സമകാലികനായിരുന്ന, എന്നാൽ തീരെ ജനപ്രിയത നേടാതെ പോയ സെവളോട് മിഖായലോവിച്ച് ഗാർഷിൻ എഴുതിയ ഒരു ചെറുകഥയുണ്ട്. അതിലെ. ഒരു കഥാപാത്രം ഇരുട്ടിൽ ഇരിക്കുകയാണ്. അയാൾ സന്ദർശകനു കൊടുക്കുന്ന ഉപദേശം ഇങ്ങനെയാണ്- ‘ഞാൻ നിന്നെ കാണുന്നതുപോലെ നിനക്ക് എന്നെ കാണാൻ സാധിക്കുകയില്ല. അതിനുവേണ്ടി നിന്റെ ഉള്ളിൽ ഒരു ജോഡി കണ്ണുകൾ നീ വേറെ ഉണ്ടാക്കിയെടുക്കണം.’ ഈ വരികൾ ഹരിദാസിന്റെ വ്യക്തിത്വത്തെ ഓർമ്മപ്പെടുത്തുന്നതാണ്. കഠിനമായ ജീവിതപരീക്ഷയിലൂടെ മറ്റുള്ളവരുടെ കണ്ണുകളിൽ മറിഞ്ഞു കിടക്കുന്നതിനെ പോലും തിരിച്ചറിയാനുള്ള ആത്മജ്ഞാനം അയാൾ സ്വായത്തമാക്കി. എന്റെ എളിയ നിരീക്ഷണത്തെ എംടി കരുണയോടെ കണ്ടു.
‘ഹരിദാസിൽ ഇങ്ങനെയൊരു സവിശേഷത എങ്ങനെ വന്നു എന്നു ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അത് അയാളിൽ വളരെ സാവധാനം വളർന്നുവന്നതാകണം. അതിന് യോജിച്ച ചില സാഹചര്യങ്ങൾ ഞാൻ ഇട്ടുകൊടുത്തിട്ടുണ്ട്. ചികിത്സ നിഷേധിക്കപ്പെടുന്ന ഗർഭിണിയും അവരുടെ നിസ്സഹായനായ ഭർത്താവും അയാളുടെ കഴിഞ്ഞ കാലത്തെ പ്രവർത്തിദോഷങ്ങളെ തീവ്രമായി ഓർമ്മിപ്പിച്ചിട്ടുണ്ടാകാം. പാപബോധത്തിന്റെ നീർക്കയത്തിൽ പെട്ടു കിടക്കുന്നവരുടെയും മനസ്സിൽ ചോരമണം പേറുന്നവരുടെയും ദൈന്യത മനസിലാക്കാൻ ബുദ്ധിമുട്ടില്ല, എഴുതി ഫലിപ്പിക്കാൻ പ്രയാസമാണ്. ‘അമൃതംഗമയ’യിലെ പല സീനുകളും ഞാൻ സ്വന്തം താല്പര്യപ്രകാരം പല തവണ മാറ്റി എഴുതിയിട്ടുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സംഭാഷണങ്ങൾ എഴുതാനുള്ള സാധ്യത അനുവദിച്ച ചില സന്ദർഭങ്ങൾ താനേ ഉണ്ടായി വന്നു. പക്ഷേ രണ്ടു ഡയലോഗുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ മനസ്സിൽ വന്നതുപോലെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ അമ്മ ബലിയിട്ട് ഈറനോടെ പുഴയിൽനിന്നു കയറിവരുന്ന സമയത്ത് ഹരിദാസിനോട് പറയുന്ന വാക്യം- ‘കൊന്നു അല്ലേ?’ ആ സ്ത്രീ വളരെ വൈകാരികതയോടെ ആ ഡയലോഗ് ഡെലിവറി നടത്തിയിട്ടുണ്ട്. വളരെ വേദനിച്ചുകൊണ്ട് എഴുതിയതാണ്. മറ്റൊരു വാക്യം ധാരാളം പേർ പല സന്ദർഭങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളതാണ്- ‘ഒരു ജീവനു പകരം മറ്റൊരു ജീവൻ തന്നാൽ …?’
‘എന്റെ സിനിമയിലെ സീനുകളും സംഭാഷണങ്ങളും മനസിൽ കൊണ്ടുനടക്കുന്ന ശീലം എനിക്കില്ല. എഴുതിക്കൊടുക്കുന്നതോടെ കഴിഞ്ഞു എന്നാണ് കരുതാറുള്ളത്. ഈ വഴക്കം ഞാൻ തെറ്റിച്ചത് നിങ്ങൾ ഇത്രയും ആത്മാർഥതയോടെ ഇതിനെപ്പറ്റി സംസാരിച്ചതു കൊണ്ടു മാത്രമാണ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, ഇതുവരെ ഇങ്ങനെ ഒരു വർത്തമാനം ആ സിനിമയെപ്പറ്റി ഉണ്ടായിട്ടില്ല, വേണ്ടിവന്നിട്ടില്ല. നിങ്ങൾക്ക് ഡോക്ടർ ഹരിദാസുമായി എന്തോ ബന്ധമുള്ളതുപോലെ എനിക്കിപ്പോൾ തോന്നുന്നു.’
ഉത്തരം പ്രതീക്ഷിക്കാതെ എംടി ഒരു ബീഡികൂടി കത്തിച്ച് ബീഡിക്കെട്ട് അലസമായി തറയിൽ ഇട്ടു. ഞാൻ അതിൽ കൊതിയോടെ നോക്കിയപ്പോൾ എംടി ഇടതു കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന തീപ്പെട്ടി എനിക്കു നേരെ നീട്ടി. ഇത്രയും സ്വാതന്ത്ര്യം പാടുണ്ടോ? ഞാനൊന്ന് സംശയിച്ചു. എങ്കിലും ഒരെണ്ണം എടുത്തു ചുണ്ടിൽ വച്ചു. വിറയ്ക്കുന്ന കൈകളോടെ തീപ്പെട്ടി ഉരച്ചു. ഒരു പുക എടുത്തപ്പോഴേക്കും പറഞ്ഞ വസനിപ്പിക്കുന്നതുപോലെ എം.ടി. ഇതും കൂട്ടിച്ചേർത്തു- ‘പാപം മണ്ണിൽ ജനിച്ചവരുടെയെല്ലാം വിധിയാണ്. പാപം ഒഴിവാക്കാൻ സാധിക്കുന്നതല്ല. അതിനുവേണ്ടി ബോധപൂർവം ശ്രമിക്കരുത്. പാപബോധത്തോടെ ജീവിക്കുക. നിങ്ങളുടെ പാപക്കറകൾ മായിക്കപ്പെടുന്ന ദിവസം വരും. അതുവരെ എരിഞ്ഞു കത്താതെ നിവൃത്തിയില്ല. അത് വേറൊരു വിധി.’
(കവിയും ഗാനരചയിതാവുമായ ലേഖകൻ മഹാരാജാസ് കോളജിൽ പ്രൊഫസറാണ്.)
Source link