കോഴിക്കോട്: രണ്ടാമൂഴം സിനിമായാക്കാൻ എംടി വാസുദേവൻ നായർ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. അതിന് കഴിയാത്തതിൽ എംടിക്ക് നിരാശയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ എംടിയുടെ വസതിയിലെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ.
സിനിമയുടെ മുടക്ക് മുതൽ വൻ പ്രതിസന്ധിയായി. ആയിരം കോടിയിലേറെ ചെലവ് വരുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു അത്. രണ്ടാമൂഴം സിനിമയാകാത്തതിൽ തനിക്ക് വിഷമവും കുറ്റബോധവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാമൂഴം സിനിമയാക്കാൻ തനിക്ക് ഇനി കഴിയില്ലെന്നും അതിന് യോഗമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
‘വളരെ കഴിവുള്ള എത്രയോ സംവിധായക നമുക്കിടയിലുണ്ട്. ഇനി അതൊരു സിനിമയായി മാറുകയെന്നത് എംടിയുടെ കാലശേഷം അദ്ദേഹത്തിന് നൽകാനാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയായിരിക്കും. രണ്ടാമൂഴം നല്ലൊരു കലാസൃഷ്ടിയായി കാണാൻ ആഗ്രഹിക്കുന്നു. കോടതി വ്യവഹാരങ്ങൾ അവസാനിപ്പിച്ചത് അത്തരം ഒരു ധാരണയിലാണ്’,- സംവിധായകൻ വ്യക്തമാക്കി. ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
ഒരു ഊഴം കൂടി തരുമോ… അങ്ങയുമായി കഥ പറഞ്ഞിരിക്കുവാൻ. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്.
എന്റെ അച്ഛൻ വിക്ടോറിയ കോളേജിൽ അങ്ങയോടൊപ്പം പഠിച്ചിരിന്നു. അച്ഛനാണ് “വളർത്തു മൃഗങ്ങൾ” എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങു പറഞ്ഞിട്ടുണ്ട്. എന്റെ ഒരു അമ്മാവൻ അന്ന് ജെമിനി സർക്കസിന്റെ മാനേജരായിരുന്നു. അച്ഛനും അങ്ങയുമെന്നിച്ച് സർക്കസ് കാണാൻ പോവുകയും ആ ജീവിതം നേരിൽ കാണുകയും ചെയ്തതെല്ലാം.
സർക്കസ് വൈകുന്നേരമാണല്ലോ. അതിനു മുൻപ് അച്ഛൻ പെർമിഷൻ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകൾ സർക്കസ് കൂടാരത്തിൽ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്റെയും ഫലമായി അങ്ങ് എഴുതിയതാണ് വളർത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്…
രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല. അങ്ങയ്ക്കുള്ള സ്മരണാഞ്ജലിയായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്ക്കരിക്കാൻ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
രണ്ടു കയ്യും എന്റെ ശിരസിൽ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാർത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരുത്തിന് അങ്ങു നൽകിയ ഈ ശക്തി കൂടിയുണ്ട്. വിട, ഏറ്റവും ബഹുമാന്യനായ എന്റെ എഴുത്തുകാരാ…
Source link