‘ഞാൻ ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായ ആൾ’; എംടിയെ അവസാനമായി കണ്ട് മോഹൻലാൽ

കോഴിക്കോട്: എംടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് നടൻ മോഹൻലാൽ. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മോഹൻലാൽ കോഴിക്കോട്ടെ എംടിയുടെ സിതാര എന്ന വീട്ടിലെത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്‌മരിച്ചു.

‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരു പാട് തവണ പരസ്പരം കണ്ടിട്ടില്ലെങ്കിലും തമ്മിൽ നല്ല സ്‌നേഹബന്ധം ഉണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബയിൽ എത്തിയിരുന്നു. തമ്മിൽ വെെകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചിരുന്നു’,​- നടൻ വ്യക്തമാക്കി.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു എംടി അന്തരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ചുനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. എംടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. മന്ത്രിസഭാ യോഗം ഉള്‍പ്പെടെ ഒഴിവാക്കിയാണ് ദുഃഖാചരണം. രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പ്രിയപ്പെട്ട എംടിക്ക് അനുശോചനമറിയിച്ചത്.

1933 ജൂലായ് 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് ജനനം. മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള എം.ടി, രാജ്യത്തെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ൽ നേടി. 2005ൽ രാജ്യം അദ്ദേഹത്തിന് പദ്‌മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. മലയാളികളുടെ എന്നും പ്രിയപ്പെട്ട നോവലുകളായ മഞ്ഞ്,നാലുകെട്ട്, അസുരവിത്ത്, കാലം,രണ്ടാമൂഴം, എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് എന്നിവ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓർമ്മയ്‌ക്ക്, കുട്ട്യേടത്തി, ഓളവും തീരവും, ഷെർലക്ക്, വാനപ്രസ്ഥം, വേദനയുടെ പൂക്കൾ, രക്തം പുരണ്ട മൺതരികൾ എന്നീ കഥകളും ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്‌തു. ഈ പല കഥകളും അദ്ദേഹം പിന്നീട് തിരക്കഥയാക്കി.

നിർമ്മാല്യം, ഒരു ചെറുപുഞ്ചിരി എന്നിങ്ങനെ സംവിധാനം ചെയ്‌ത ചിത്രങ്ങൾക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കി. 1973ൽ പുറത്തിറങ്ങിയ നിർമ്മാല്യമാണ് ആദ്യമായി സംവിധാനം ചെയ്‌തത്. ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന അദ്ദേഹത്തിന്റെ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് നിർമ്മാല്യം. ഈ ചിത്രത്തിന് ആ വ‌ർഷം മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചു. ചിത്രത്തിലെ വെളിച്ചപ്പാടായി അഭിനയിച്ചതിന് പി.ജെ ആന്റണിയ്‌ക്ക് ഭരത് അവാ‌ർ‌ഡ് ലഭിച്ചു. മോഹിനിയാട്ടം, ബന്ധനം, ദേവലോകം, വാരിക്കുഴി, മഞ്ജു, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു.


Source link
Exit mobile version