എംടിയെ കണ്ട് വികാരാധീനനായി സംവിധായകൻ ഹരിഹരൻ; വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു
കോഴിക്കോട്: എംടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് സംവിധായകൻ ഹരിഹരൻ. ഇന്ന് രാവിലെയാണ് ഹരിഹരൻ എംടിയുടെ വീട്ടിലെത്തിയത്. വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പരിണയം, പഞ്ചാഗ്നി, അമൃതംഗമയ, പഴശ്ശിരാജ, ഏഴാമത്തെ വരവ്, ആരണ്യകം, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് തുടങ്ങിയ സിനിമകൾ എംടി – ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന സൃഷ്ടികളായിരുന്നു. രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് എംടിയെ അവസാനമായി കാണാൻ സിതാര എന്ന അദ്ദേഹത്തിന്റെ വീട്ടിൽ എത്തുന്നത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു എംടി അന്തരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ചുനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
1933 ജൂലായ് 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് ജനനം. മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള എം.ടി, രാജ്യത്തെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ൽ നേടി. 2005ൽ രാജ്യം അദ്ദേഹത്തിന് പദ്‌മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. മലയാളികളുടെ എന്നും പ്രിയപ്പെട്ട നോവലുകളായ മഞ്ഞ്,നാലുകെട്ട്, അസുരവിത്ത്, കാലം,രണ്ടാമൂഴം, എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് എന്നിവ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓർമ്മയ്‌ക്ക്, കുട്ട്യേടത്തി, ഓളവും തീരവും, ഷെർലക്ക്, വാനപ്രസ്ഥം, വേദനയുടെ പൂക്കൾ, രക്തം പുരണ്ട മൺതരികൾ എന്നീ കഥകളും ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്‌തു.
Source link