തൃശൂർ: ക്രിസ്‌മസ് ആഘോഷങ്ങളിലെ ആക്രമണങ്ങളിൽ പരോക്ഷ വിമർശനവുമായി തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. ‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’- എന്നാണ് യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. ‘ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തൊ പറയുമല്ലോ’ എന്നും അദ്ദേഹം കുറിച്ചു.
പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളി സർക്കാർ യുപി സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) ജില്ലാനേതാവടക്കം അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തുകയും തത്തമംഗലം ചെന്താമര നഗർ ജിബി യുപി സ്‌കൂളിലുണ്ടാക്കിയ പുൽക്കൂട് അജ്ഞാതർ തകർക്കുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നല്ലേപ്പിള്ളി സർക്കാർ യുപി സ്‌കൂളിലെ ക്രിസ്‌മസ് ആഘോഷത്തിനെതിരെ വിഎച്ച്‌പി നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് തത്തമംഗലം ചെന്താമര നഗർ ജിബി യുപി സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷത്തിനുണ്ടാക്കിയ പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. രണ്ട് സംഭവങ്ങളും അന്വേഷിക്കുന്നതിനായി ചിറ്റൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സ്‌കൂളുകൾ സന്ദർശിച്ച ശേഷം മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. സമീപത്തെ കടകളിലും വീടുകളിലുമുള്ള സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു.
Source link