മനുഷ്യരെ വേർതിരിക്കുന്ന മതിലല്ല മതം: മുഖ്യമന്ത്രി

തിരുവനന്തപുരം: മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ലെന്നും ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കുന്ന മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണമെന്നും മുഖ്യമന്ത്രി പിണറായിവിജയൻ. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും മാതൃകയാണെന്നും ക്രിസ്മസിനോടനുബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഏതു മതവിഭാഗത്തിന്റെ ആഘോഷമായാലും മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസിലാക്കാനും അവരുടെ സന്തോഷം തന്റെ സന്തോഷമായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്.
മതവിശ്വാസത്തെ അപര വിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണം ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കണം.
യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയർത്തുകയാണ് ചെയ്തത്.
മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിന്റെ പടിയ്ക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം.’


Source link
Exit mobile version