 ശേഖരിക്കാൻ തട്ടിക്കൂട്ട് ഏജൻസികൾ മാലിന്യം അതിർത്തി കടക്കുന്നത് പതിവ്

കെ.എസ്.അരവിന്ദ് | Wednesday 25 December, 2024 | 1:59 AM

വേസ്റ്റ് ഓഡിറ്റ് ആവശ്യം ശക്തം

തിരുവനന്തപുരം: ശുചിത്വമിഷനും മലിനീകരണനിയന്ത്രണബോർഡും വരുത്തുന്ന ഗുരുതവീഴ്ചയാണ് കേരളത്തിലെ മാലിന്യങ്ങൾ തമിഴ്നാട്ടിലും കർണാടകയിലും കൊണ്ടുതള്ളാൻ കാരണം.

മാലിന്യശേഖരണത്തിനുള്ള ഏജൻസികളായി കടലാസു കമ്പനികളെയാണ് നിയോഗിക്കുന്നത്. മലിനീകരണ നിയന്ത്രണബോർഡ് അനുമതി നൽകുന്ന സ്ഥാപനങ്ങൾക്ക് ശുചിത്വമിഷൻ അംഗീകാരം നൽകുന്നതാണ് പതിവ്. അമ്പതിലധികം ഏജൻസികളുണ്ട്. ഇവ മാലിന്യം ശേഖരിച്ച് എവിടെയാണ് കൊണ്ടുപോകുന്നത്, സംസ്കരിക്കാൻ സംവിധാനങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും അന്വേഷിക്കാറില്ല. ഉപയോഗശൂന്യമായ മാലിന്യങ്ങൾ സിമന്റ് കമ്പനികൾക്ക് ഇന്ധനമാക്കാനാണ് നൽകേണ്ടത്. ഇതിനുള്ള കരാർ തട്ടിക്കൂട്ട് കമ്പനികൾക്കില്ല.

കടലാസ് കമ്പനികൾ തമിഴ്നാട്ടിലെയും കർണാടകയിലെയും ഇടനിലക്കാർക്കാണ് കൈമാറുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളും. തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിൽ തിരുവനന്തപുരത്തെ ആശുപത്രികളിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലെയും മാലിന്യങ്ങൾ എത്തിയ സംഭവത്തിന് പിന്നിലും സമാനമായ സാഹചര്യമാണ്.

സൺ ഏജ്, യൂസ് എഗെയിൻ തുടങ്ങിയ കമ്പനികളാണ് ഇപ്പോൾ പ്രതികൂട്ടിലുള്ളത്. ഇതുപോലെ മാലിന്യം അയൽ സംസ്ഥാനങ്ങളിലേക്ക് തള്ളിവിടുന്ന ഏജൻസികൾ നിരവധിയാണ്. മാലിന്യം എവിടേക്ക് കൊണ്ടുപോകുന്നെന്ന് ക്രമമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കുന്ന വേസ്റ്റ് ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തണം. ഇല്ലെങ്കിൽ നിലിവിലെ രീതി തുടരും. അത് സംസ്ഥാനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീണ്ടേക്കും.

മീൻലോറിയിലും

ട്രക്കിലും മാലിന്യം

 കേരളത്തിലേക്കെത്തുന്ന മീൻലോറികൾ, വാഹനങ്ങളുമായെത്തുന്ന ട്രക്കുകൾ എന്നിവ തിരികെ മടങ്ങുന്നത് മാലിന്യങ്ങളുമായി. അടച്ചുറപ്പുള്ള വാഹനങ്ങളായതിനാൽ പരിശോധന മറികടക്കാനാണിത്

 കഴിഞ്ഞമാസം കർണാകടകയിലെ ഗുണ്ടൽപേട്ടിൽ മാലിന്യങ്ങളുമായി ആറ് കേരള ലോറികളെ പിടികൂടി. കേരളത്തിലെ മാലിന്യങ്ങൾ കോയമ്പത്തൂരിൽ തള്ളിയ ലോറി ഡ്രൈവറെയും അടുത്തിടെ പിടികൂടിയിരുന്നു

ക്ലീൻകേരളയ്ക്ക് കൊടുക്കില്ല,

ചെലവ്കുറവ് സ്വകാര്യൻ

തദ്ദേശവകുപ്പിന് കീഴിലുള്ള ക്ലീൻകേരള കമ്പനി അജൈവ മാലന്യങ്ങൾ ശേഖരിക്കുന്നുണ്ട്. പക്ഷേ, തദ്ദേശസ്ഥാപനങ്ങൾ പോലും ക്ലീൻകേരളയ്ക്ക് മാലിന്യം കൈമാറില്ല. സർക്കാർ സംവിധാനമായതിനാൽ പേരിന് കുറിച്ച് നൽകും. ബാക്കിയെല്ലാം സ്വകാര്യ ഏജൻസികൾക്കാണ്. തരംതിരിയ്ക്കാത്ത മാലിന്യങ്ങൾ കിലോയ്ക്ക് പത്തുരൂപ ഈടാക്കിയാണ് ക്ലീൻകേരള ശേഖരിക്കുന്നത്. സ്വകാര്യ ഏജൻസികൾക്ക് ഇതിനേക്കാൾ കുറഞ്ഞ തുക കൊടുത്താൽ മതി. അവർ മറ്റുസംസ്ഥാനങ്ങളിൽ കൊണ്ടു തള്ളിക്കൊള്ളും.


Source link
Exit mobile version