ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനൊടുക്കി ജീവനക്കാരന്‍

കണ്ണൂര്‍: ജോലി ചെയ്തിരുന്ന റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനൊടുക്കി ജീവനക്കാരന്‍. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിന് സമീപമുള്ള ബാനൂസ് എന്‍ക്ലേവ് റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി പ്രേമന്‍ ആണ് മരിച്ചത്. ക്രിസ്മസ് ദിനത്തില്‍ ഉച്ചയോടൊണ് സംഭവം. റിസോര്‍ട്ടിന് തീയിട്ട ശേഷം ഓടിപ്പോയ ഇയാളെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലെ പ്രതികാരത്തെ തുടര്‍ന്നാണ് ഇയാള്‍ റിസോര്‍ട്ടിന് തീയിട്ടതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ 12 വര്‍ഷത്തില്‍ അധികമായി പ്രേമന്‍ ഈ റിസോര്‍ട്ടില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ്. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് രണ്ട് വളര്‍ത്തുനായകളെയും മുറിയില്‍ അടച്ചിട്ടശേഷം തീയിടുകയായിരുന്നു. തീ പടരുന്നത് കണ്ട് റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.റിസോര്‍ട്ടിന്റെ താഴത്തെ നിലയിലെ മുറിയില്‍ പൂര്‍ണമായും തീ പടര്‍ന്നു.തീ കൊളുത്തിയശേഷം ഇയാള്‍ ഓടിപ്പോയി സമീപത്തെ പൂട്ടിയിട്ട വീട്ടിലെ കിണറ്റിന് മുകളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

വാരം സ്വദേശി വിജിലിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. മുറിയില്‍ പെട്രോള്‍ ഒഴിച്ചശേഷവും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷവുമാണ് തീ കൊളുത്തിയത്. തീയിടുമ്പോള്‍ പ്രേമനും പൊള്ളലേറ്റിരുന്നു. പൊലീസും കണ്ണൂര്‍ മേയറും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് എത്തി. അതേസമയം, റിസോര്‍ട്ടില്‍ താമസിച്ചിരുന്ന അതിഥികളില്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. റിസോര്‍ട്ടിലെ തീപ്പിടിത്തം കണ്ട് ഓടിക്കൂടി നാട്ടുകാരാണ് പ്രേമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Source link
Exit mobile version