KERALAM

മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിക്കാൻ കാട്ടിയ ധൈര്യം, അന്ന് എം ടി ഉദാഹരണമാക്കിയത് സാക്ഷാൽ ഇഎംഎസിനെ

സമൂഹത്തിന്റെ നന്മയ്‌ക്കായി രാഷ്‌ട്രീയ യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാട്ടുന്നതും അവ തിരുത്തണം എന്നാവശ്യപ്പെടുന്നതും എഴുത്തുകാരുടെയും ചിന്തകരുടെയും പതിവാണ്. സുകുമാർ അഴിക്കോടും സച്ചിദാനന്ദനും എംഎൻ കാരശേരിയും എംടിയുമെല്ലാം പലപ്പോഴും സർക്കാരുകളുടെയും സമൂഹത്തിന്റെയും തെറ്റായ പ്രവണതകളെ ശക്തിയുക്തം എതിർത്ത് പ്രസംഗിച്ചിട്ടുള്ളവരാണ്. ഇക്കഴിഞ്ഞ ജനുവരിയിലും എം.ടി നിശിതമായ രാഷ്‌ട്രീയ വിമർശനം ഉന്നയിച്ചിരുന്നു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവെൽ വേദിയിൽ വച്ചാണ് എം.ടി അന്ന് വിമർശനം തൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും അന്ന് വേദിയിലുണ്ടായിരുന്നു എന്നത് വിഷയം ശക്തമായ ചർച്ച ചെയ്യുന്നതിന് ഇടയാക്കി.

‘അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരം എന്ന സിദ്ധാന്തത്തെ നമ്മൾ പണ്ടെന്നോ കുഴിവെട്ടി മൂടി. 1957ൽ ബാലറ്റ്‌പെട്ടിയിലൂടെ കേരളത്തിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി അധികാരത്തിൽ വന്നു. അതോടെ ലക്ഷ്യംനേടിയെന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം, അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനത്തിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള സമൂഹമായി മാറ്റിയെടുക്കാനുള്ള ഒരു മഹാ പ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ എം എസ് സമാരാദ്ധ്യനാവുന്നത്, മഹാനായ നേതാവാകുന്നത്.’ അന്ന് എം.ടി ഭരണാധികാരികളെ ഓർമ്മിപ്പിച്ചു.

സാർ ഭരണകൂടത്തെ പുറത്താക്കി റഷ്യൻ ഭരണം പിടിച്ച ഇടത‌ുപക്ഷത്തിന് പ്രശ‌സ്‌ത മനഃശാസ്‌ത്രജ്ഞൻ സി‌ഗ്‌മണ്ട് ഫ്രോയിഡിന്റെ ശിഷ്യനും മാർക്‌സിയൻ തത്വചിന്തകനുമായ വിൽഹം റീഹ്1944ൽ നൽകിയ ഉപദേശം ഓർമ്മിപ്പിച്ചായിരുന്നു എം.ടിയുടെ വിമർശനം. സേവനത്തിന്റെ സിദ്ധാന്തം വിസ്‌മരിക്കപ്പെട്ടു എന്നതും, ഭരണത്തിൽ ശിഥിലീകരണത്തിന്റെ കാരണം അപഗ്രഥിക്കുകയാണ് അതില്ലായെന്ന് നിഷേധിക്കുന്നതിലും നല്ലത് എന്നുമുള്ള റീഹിന്റെ ഉപദേശമാണ് പ്രസംഗത്തിൽ എംടി ഓർമ്മിപ്പിച്ചത്.

പ്രസംഗത്തിൽ പിണറായിയുടെ ഭരണത്തെയും എം.ടി ഉദ്ദേശിച്ചിരിക്കാം, മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞതുകൊണ്ട് അങ്ങനെ കരുതുന്നതായാണ് എം.കെ സാനു ഇതേക്കുറിച്ച് പ്രതികരിച്ചത്. എം.ടി വിമർശിച്ചത് പിണറായിയെയും സർക്കാരിനെയുമാണെന്ന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ‌് ജേതാവ് എൻ.എസ് മാധവൻ പറഞ്ഞു.

‘ഞാൻ വിമർശിക്കുകയായിരുന്നില്ല.ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.’ എന്നാണ് എം.ടി സുഹൃത്തും സാഹിത്യനിരൂപകനുമായ എൻ.ഇ സുധീറിനോട് ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്. കനപ്പെട്ട രാഷ്‌ട്രീയ വിമർശനമാകും നടത്തുകയെന്ന് താൻ കരുതിയില്ലെന്നാണ് സുധീർ പറഞ്ഞത്.


Source link

Related Articles

Back to top button