CINEMA

‘‘എങ്ങനെയാണ് ആദ്യമായി എഴുതാൻ തോന്നിയത്?’’; എംടിയോട് മമ്മൂട്ടി; വിഡിയോ അഭിമുഖം

‘‘എങ്ങനെയാണ് ആദ്യമായി എഴുതാൻ തോന്നിയത്?’’; എംടിയോട് മമ്മൂട്ടി; വിഡിയോ അഭിമുഖം | Mammootty MT

‘‘എങ്ങനെയാണ് ആദ്യമായി എഴുതാൻ തോന്നിയത്?’’; എംടിയോട് മമ്മൂട്ടി; വിഡിയോ അഭിമുഖം

മനോരമ ലേഖകൻ

Published: July 16 , 2023 12:28 PM IST

1 minute Read

‘‘എങ്ങനെയാണ് ആദ്യമായി എഴുതാൻ തോന്നിയത്?’’ – എംടിയോട് ഈ ചോദ്യം ചോദിച്ചത് മമ്മൂട്ടിയാണ്. കുറേക്കാലം മുൻപ്, മമ്മൂട്ടിയും എം.ടി.വാസുദേവൻ നായരും തമ്മിലുള്ള ഒരു അഭിമുഖ സംഭാഷണത്തിനിടെയായിരുന്നു ചോദ്യം. തന്നിലെ എഴുത്തുകാരന്റെ തുടക്കവും വളർച്ചയും എംടി വിശദമായി മമ്മൂട്ടിയോടു പറഞ്ഞു. മനോരമ ബുക്സിന്റെ യുട്യൂബ് ചാനലിൽ ലഭ്യമായ ആ സംഭാഷണത്തിൽ രണ്ട് മഹാപ്രതിഭകൾ മുഖാമുഖമിരുന്നു സംസാരിക്കുന്ന അപൂർവത കാണാം.
മഹാനടന്റെ ചോദ്യത്തിന് എഴുത്തിന്റെ പെരുന്തച്ചന്റെ മറുപടി ഇങ്ങനെയായിരുന്നു:

‘‘കുഞ്ഞുനാൾ മുതൽ കവിതകൾ എഴുതുമായിരുന്നു. അന്നത്തെ ചുറ്റുപാടുകൾ അനുസരിച്ച് കവിതയൊക്കെ എഴുതിയാൽ മാഷുമാരെ കാണിക്കാം, മലയാളം പണ്ഡിറ്റിനെ കാണിക്കാം. പക്ഷേ ഞാൻ അതിനൊന്നും പോയിട്ടില്ല. ഒരുപക്ഷേ ലജ്ജ കൊണ്ടായിരിക്കും. കുറച്ചു കഴിഞ്ഞു ഞാൻ ചിലതൊക്കെ എഴുതാൻ തുടങ്ങി. അതും ഞാൻ ആരെയും അങ്ങനെ കാണിച്ചിട്ടൊന്നുമില്ല. ആരെയും കാണിക്കുന്നതിനു മുമ്പേ എഴുതുന്നത് ഞാൻ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചു തുടങ്ങി. പക്ഷേ ആരും ഒന്നും പബ്ലിഷ് ചെയ്തില്ല. എഴുതും, ഏതെങ്കിലും പത്രാധിപർക്ക് അയയ്ക്കും, അവർ അത് തിരസ്കരിക്കും. അതൊരു സ്വകാര്യമായ എക്സർസൈസ് ആയി മാറി. എന്റെ രചനകൾ തിരസ്കരിക്കുന്നത് അവർക്കൊരു പതിവായി.

എന്റേതായി ആദ്യമായി അച്ചടിച്ച് വന്നത് ഒരു ലേഖനമാണ്. എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള പത്രികയിലായിരുന്നു അത് അച്ചടിച്ച് വന്നത്. ആദ്യമായി എഴുതുന്നത് അച്ചടി മഷി പുരളുമ്പോഴുള്ള സന്തോഷം, അതിനായിട്ടാണ് എഴുതുന്നത്. നമ്മളോട് വാത്സല്യമുള്ള ചേട്ടത്തിയമ്മയെ പോലെയുള്ള ആളുകളോട് പറയും ഞാൻ എഴുതിയത് അച്ചടിച്ച് വന്നിട്ടുണ്ടെന്ന്. നമ്മുടെ പേരൊക്കെ അച്ചടിച്ചു കാണുമ്പോൾ അവർക്ക് വലിയ അദ്ഭുതമാണ്. അതായിരുന്നു തുടക്കം.

നാട്ടുമ്പുറത്ത് താമസിക്കുമ്പോൾ അന്ന് മാസികയുടെ വിലാസം കിട്ടാൻ വലിയ പാടാണ്. അങ്ങനെയിരിക്കയാണ് ഏതോ ഒരു മാസിക വരുന്നു എന്നുള്ള ഒരു പരസ്യം കണ്ടത്. അപ്പോൾ എനിക്ക് തോന്നി ഇതിലൊന്ന് അയച്ചാലോ. ഞാനൊരു ലേഖനം എഴുതി അയച്ചു. അയച്ചത് വി.എൻ. തെക്കേപാട്ട് എന്ന പേരിലാണ്. പേരിന്റെ പ്രചോദനം വന്നത് എസ്.കെ. പൊറ്റക്കാടിൽ നിന്ന് ആയിരുന്നു. പിന്നീട് കവിത അയച്ചു തുടങ്ങിയപ്പോൾ തകഴി ശിവശങ്കരപ്പിള്ള, കാരൂർ നീലാണ്ട പിള്ള എന്നിങ്ങനെയുള്ള പേര് കണ്ടിട്ട് ഗൂഡല്ലൂർ വാസുദേവൻ നായർ എന്ന പേര് വയ്ക്കാം എന്ന് വിചാരിച്ചു. 
പിന്നെ ഇതേ മാസികയിൽ ഒരു കഥ അയച്ചു, അതിലാണ് ആദ്യമായി എം.ടി. വാസുദേവൻ നായർ എന്ന് ഉപയോഗിച്ചത്. ചിത്ര കേരളം എന്നായിരുന്നു ആ മാസികയുടെ പേര്. ആ മാസികയിൽ ഞാൻ എഴുതിയത് മൂന്നും അച്ചടിച്ചു വന്നു. പക്ഷേ അത് വന്നത് ഈ മൂന്ന് പേരിൽ ആയിരുന്നു. ഒരേ ലക്കത്തിൽ തന്നെ മൂന്ന് പേരിൽ എന്റെ രചനകൾ വന്നു. അന്ന് എന്ത് എഴുതുന്നു എന്നല്ല ഇവിടെ ഈ കുഗ്രാമത്തിൽ ഈ പേരിൽ ഒരാൾ ജീവിച്ചിരിക്കുന്നു, ഞാനൊരു എഴുത്തുകാരനാണ് എന്ന് ലോകത്തോട് വിളിച്ചു പറയാൻ ആയിരുന്നു എഴുതിയിരുന്നത്.’’

7rmhshc601rd4u1rlqhkve1umi-list 66haf4s0q1tamp1il8t66rvgfk mo-literature-authors-mtvasudevannair mo-entertainment-movie-mammootty mo-literature-authors-mtvasudevannair-mtat90 f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button