വീട്ടിലെത്തിയ പാഴ്‌സൽ തുറന്നപ്പോൾ പുരുഷന്റെ മൃതദേഹം, ഒപ്പം ഒരു കോടി ആവശ്യപ്പെട്ടുള്ള കുറിപ്പും; ഭയന്ന് യുവതി

അമരാവതി: പാഴ്‌സൽ തുറന്നപ്പോൾ പുരുഷന്റെ മൃതദേഹം കണ്ട് ഞെട്ടി യുവതി. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. അജ്ഞാത മൃതദേഹത്തോടൊപ്പം വൻതുക ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പും ഉണ്ടായിരുന്നു. ആന്ധ്രാ സ്വദേശി നാഗതുളസി എന്ന സ്‌ത്രീയുടെ പേരിലാണ് മൃതദേഹമടങ്ങിയ പാഴ്‌സൽ വന്നത്.

വീട് നിർമാണത്തിനായി നാഗതുളസി ക്ഷത്രിയ സേവാ സമിതിയോട് ധനസഹായം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തറയിൽ പാകുന്നതിനായി സമിതി ടൈൽ എത്തിച്ചു. വീണ്ടും സഹായം തേടിയ ഇവർക്ക് വീട്ടിലേക്കാവശ്യമായ വൈദ്യുതോപകരണങ്ങൾ നൽകാമെന്ന് സമിതി ഉറപ്പ് നൽകി. വീട്ടിലേക്ക് വേണ്ട ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയവ എത്തിക്കുമെന്നുള്ള വാട്‌സാപ്പ് സന്ദേശവും നാഗതുളസിക്ക് ലഭിച്ചു.

തുടർന്ന് ഇന്നലെ രാത്രി പെട്ടിയുമായി ഒരാൾ നാഗതുളസിയുടെ വീട്ടിലെത്തി. പെട്ടിയിൽ വൈദ്യുതോപകരണങ്ങളാണെന്ന് അയാൾ അറിയിച്ചു. പിന്നീട് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഇതോടെ നാഗതുളസിയും കുടുംബവും പരിഭ്രാന്തരായി. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം പരിശോധനയ്‌ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു കോടി 30 ലക്ഷം രൂപയാണ് പെട്ടിക്കുള്ളിലുണ്ടായിരുന്ന കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ക്ഷത്രിയ സേവ സമിതി പ്രതിനിധികളെ പൊലീസ് ചോദ്യം ചെയ്യും. 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് പെട്ടിയിലുണ്ടായിരുന്നത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു. കാണാതായതായി പരാതി ലഭിച്ച വ്യക്തികളെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.


Source link
Exit mobile version