KERALAM

റേഷൻ കടകളിലും കിട്ടാനില്ല; ഇങ്ങനെപോയാൽ അപ്പവും പുട്ടും മലയാളികൾക്ക് മറക്കേണ്ടിവരും

തിരുവനന്തപുരം: പച്ചരി വില കുത്തനേ ഉയരുന്നു. കിലോഗ്രാമിന് 30 – 35 രൂപയ്ക്കു ലഭിച്ചിരുന്നത് ചില്ലറ വിപണിയിൽ 56 രൂപ വരെയായി. ശ്രീലങ്കയുൾപ്പെടെ അയൽ രാജ്യങ്ങളിലേക്ക് കയറ്റുമതി കൂടിയതാണ് വില കുതിക്കാൻ കാരണം.

തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചരി കേരളത്തിലെത്തുന്നത്. എഫ്.എസി.ഐ ഗോഡൗണുകളിൽ പച്ചരി സ്റ്റോക്ക് കുറഞ്ഞതോടെ റേഷൻ കടകളിൽ കിട്ടാനില്ല. ചുരുക്കം ചില താലൂക്കുകളിൽ കാർഡ് ഒന്നിന് ഒരു കിലോഗ്രാം പച്ചരി നൽകുന്നുണ്ട്.

പുട്ടുപൊടിക്കും അപ്പം പൊടിക്കും പച്ചരി തന്നെ വേണം. വറുത്ത പുട്ടുപൊടി പായ്ക്കിനും വിലകൂടിത്തുടങ്ങി. കിലോയ്ക്ക് 65നുള്ളിൽ കിട്ടിയിരുന്നത് 70ലേക്ക് കടന്നു. പച്ചരി വില വർദ്ധന തുടർന്നാൽ ഇനിയും കൂട്ടേണ്ടി വരുമെന്നാണ് ഉൽപ്പാദകർ നൽകുന്ന സൂചന. അതേസമയം,​ മറ്റിനം അരികൾക്ക് വില കൂടിയിട്ടില്ല. സംസ്ഥാനത്തെ മികച്ച വിളവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കൂടിയതുമാണ് കാരണം.

സപ്ലൈകോയിലും വില കൂടി

നോൺ സബ്സിഡി പച്ചരിയുടെ വില 44 രൂപയാണ്. 33ൽ നിന്നാണ് 44ലെത്തിയത്. സബ്സിഡി അരിക്ക് 29 രൂപയാണ്. പക്ഷേ മിക്കവാറും ഔട്ട്ലെറ്റുകളിൽ സബ്സിഡി പച്ചരിയില്ല.

മറ്റ് ഇനം അരി വില (ചാലമാർക്കറ്റ്)

മട്ട വടി- ₹45- 59

മട്ട ഉണ്ട-₹39- 43

ആന്ധ്രവെള്ള (ജയ)- ₹39 – 42

സുരേഖ- ₹42- 46


Source link

Related Articles

Back to top button