തെരുവുനായ്ക്കൾ വൃദ്ധയെ കടിച്ചു കൊന്നു
ഹരിപ്പാട് /അമ്പലപ്പുഴ : മകന്റെ വീട്ടിൽ വച്ച് വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. തകഴി സ്വദേശി കാർത്യായനിക്കാണ് (81) ദാരുണാന്ത്യം. കായംകുളം വലിയഴീക്കൽ അഴീക്കോടൻ നഗറിൽ മകൻ പ്രകാശന്റെ വീട്ടിലെ ചായ്പിൽ വച്ചാണ് ഇന്നലെ വൈകിട്ട് നായ്ക്കൾ ആക്രമിച്ചത്. മുഖമാകെ കടിച്ചുപറിച്ച നിലയിലായിരുന്നു.
സംഭവസമയം കാർത്യായനി വീട്ടിൽ തനിച്ചായിരുന്നു. കോട്ടയത്ത് പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ പോയിരുന്ന പ്രകാശനും ഭാര്യ ജൂലിയയും വൈകിട്ട് നാലരയോടെ മടങ്ങിയെത്തിയപ്പോഴാണ് മുഖത്താകെ പരിക്കുമായി അബോധാവസ്ഥയിൽ കാർത്യായനിയെ കണ്ടത്. കായംകുളം താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുഖത്ത് ചോരപ്പാടുകളുമായി ഏതാനും നായ്ക്കളെ പ്രദേശത്ത് കണ്ടതായി നാട്ടുകാർ പറഞ്ഞു. നടക്കാൻ ബുദ്ധിമുട്ടുള്ള കാർത്യായനിക്ക് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ വന്നതാണെന്ന് കരുതുന്നു. സമീപവാസികളും വലിയ ശബ്ദങ്ങൾ കേട്ടിരുന്നില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
കാർത്യായനിയുടെ ഭർത്താവ് ശ്രീധരൻ 20 വർഷം മുമ്പ് മരിച്ചു. തകഴിയിലെ കുടുംബവീട് വാടകയ്ക്ക് കൊടുത്ത ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മക്കളുടെ വീടുകളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു കാർത്യായനി. മൂന്നുമാസം മുമ്പാണ് ഇളയമകനായ പ്രകാശന്റെ വീട്ടിലെത്തിയത്. കൊല്ലത്ത് സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ ജീവനക്കാരനാണ് പ്രകാശൻ.
മറ്റു മക്കൾ : പരേതനായ സുകുമാരൻ, നന്ദഗോപൻ, പങ്കജാക്ഷൻ, സന്തോഷ്. മറ്റ് മരുമക്കൾ: പെണ്ണമ്മ, തങ്കച്ചി,ദീപ, അജിത. പോസ്റ്റുമോർട്ടത്തിനുശേഷം തകഴിയിലെ വീട്ടുവളപ്പിൽ ഇന്ന് സംസ്കാരം നടക്കും.
Source link