എണ്ണമറ്റ വ്യക്തികളെ എന്നും പ്രചോദിപ്പിക്കുന്ന രാഷ്ട്രതന്ത്രജ്ഞനായി അടൽ ബിഹാരി വാജ്പേയി ഇന്നും നിറഞ്ഞു നിൽക്കുന്നു. 21–ാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന്റെ ശിൽപിയായതിനു രാജ്യം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. 1998 ൽ വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ രാജ്യം രാഷ്ട്രീയ അസ്ഥിരതയുടെ കാലഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. സുസ്ഥിരവും ഫലപ്രദവുമായ ഭരണം നൽകി ഈ ചാഞ്ചാട്ടം അവസാനിപ്പിച്ചത് അദ്ദേഹമാണ്.
ഐടി, ടെലികോം, കമ്യൂണിക്കേഷൻസ് എന്നീ രംഗങ്ങളിൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായി. പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പോലുള്ള സംരംഭങ്ങളിലൂടെ പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കാനുള്ള വാജ്‌പേയി സർക്കാരിന്റെ ശ്രമങ്ങളും ശ്രദ്ധേയമാണ്. ഡൽഹി മെട്രോ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് മെട്രോ കണക്ടിവിറ്റിക്കു പ്രോത്സാഹനം നൽകി.
1998 ലെ വേനൽക്കാലം വാജ്‌പേയിയുടെ നേതൃത്വത്തിന്റെ അദ്ഭുതകരമായ ഉദാഹരണമാണ്. മേയ് 11ന് ഓപ്പറേഷൻ ശക്തി എന്നറിയപ്പെടുന്ന പൊഖ്റാൻ പരീക്ഷണം ഇന്ത്യ നടത്തി. ലോകം ആശ്ചര്യപ്പെടുകയും അനിശ്ചിതത്വത്തിന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഏതൊരു നേതാവും പ്രതിസന്ധി നേരിടുമായിരുന്ന സാഹചര്യം. എന്നാൽ വാജ്പേയി വ്യത്യസ്തമായി പ്രതികരിച്ചു.
2 ദിവസത്തിനു ശേഷം മറ്റൊരു പരീക്ഷണം കൂടി ഇന്ത്യ നടത്തി. വിദേശരാജ്യങ്ങളുടെ ഉപരോധം നേരിടേണ്ടി വന്നിട്ടും അന്നത്തെ എൻഡിഎ സർക്കാർ ഉറച്ചുനിന്നു. പരമാധികാരം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ അവകാശം വ്യക്തമാക്കിക്കൊണ്ട്, അതേ സമയം ലോകസമാധാനത്തിന്റെ ശക്തമായ വക്താവായി ഇന്ത്യ നിലകൊണ്ടു.
അവസരവാദ മാർഗങ്ങളിലൂടെ അധികാരത്തിൽ മുറുകെപ്പിടിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. കുതിരക്കച്ചവടത്തിന്റെ പാത പിന്തുടരുന്നതിനു പകരം 1996 ൽ രാജിവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. 1999 ൽ അദ്ദേഹത്തിന്റെ സർക്കാർ ഒരു വോട്ടിനു പരാജയപ്പെട്ടു. ഒടുവിൽ, ശക്തമായ ജനവിധിയുമായാണ് അദ്ദേഹം തിരിച്ചെത്തിയത്.
നമ്മുടെ ഭരണഘടന സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും അടൽ ബിഹാരി വാജ്പേയി തലയുയർത്തി നിന്നു. ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വം അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. വർഷങ്ങൾക്കു ശേഷം, അദ്ദേഹം അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിന്റെ നെടുംതൂണായി.
അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 1977 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി, സ്വന്തം പാർട്ടിയെ (ജനസംഘം) ജനതാ പാർട്ടിയിൽ ലയിപ്പിക്കാൻ അദ്ദേഹം സമ്മതിച്ചു. അതു പക്ഷേ അദ്ദേഹത്തിനും മറ്റുള്ളവർക്കും വേദനാജനകമായ തീരുമാനമായിരുന്നിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഭരണഘടന സംരക്ഷിക്കുക എന്നതിനു മാത്രമായിരുന്നു അദ്ദേഹം പ്രാധാന്യം നൽകിയത്.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായ ശേഷം, യുഎന്നിൽ ഹിന്ദിയിൽ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യൻ നേതാവായി അദ്ദേഹം മാറി. ഇത് ഇന്ത്യയുടെ പൈതൃകത്തിലും സ്വത്വത്തിലുമുള്ള അദ്ദേഹത്തിന്റെ അപാരമായ അഭിമാനം പ്രകടമാക്കി. ആഗോള വേദിയിൽ മായാത്ത മുദ്ര പതിപ്പിച്ചു. പ്രഗല്‌ഭനായ എഴുത്തുകാരനും കവിയും കൂടിയായിരുന്നു അദ്ദേഹം.
എൽ.കെ.അഡ്വാനി, ഡോ.മുരളി മനോഹർ ജോഷി തുടങ്ങിയവർക്കൊപ്പം പാർട്ടിയെ അദ്ദേഹം വളർത്തിയെടുത്തു. പ്രത്യയശാസ്ത്രമോ അധികാരമോ എന്ന തിരഞ്ഞെടുപ്പു വന്നപ്പോഴെല്ലാം അദ്ദേഹം പ്രത്യയശാസ്ത്രത്തിനൊപ്പം നിന്നു.
കോൺഗ്രസ് അല്ലാതെ ഒരു ബദൽ ലോകവീക്ഷണം സാധ്യമാണെന്നു രാജ്യത്തെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 100–ാം ജയന്തി ദിനത്തിൽ, അദ്ദേഹത്തിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കാനും ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് നിറവേറ്റാനും നമുക്കു സ്വയം സമർപ്പിക്കാം. അദ്ദേഹത്തിന്റെ സദ്ഭരണം, ഐക്യം, പുരോഗതി എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്കു പരിശ്രമിക്കാം.
നാണയം പുറത്തിറക്കുംന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയുടെ 100–ാം ജന്മവാർഷികത്തിന്റെ ഭാഗമായി 100 രൂപയുടെ പ്രത്യേക നാണയം കേന്ദ്രസർക്കാർ പുറത്തിറക്കും. indiagovtmint.in എന്ന വെബ്സൈറ്റിലൂടെയാണു നാണയങ്ങളുടെ വിൽപന.
∙ അടൽ ബിഹാരി വാജ്‍പേയിജനനം: 1924 ഡിസംബർ 25, ഗ്വാളിയർ, മരണം: 2018 ഓഗസ്റ്റ് 16 മാതാപിതാക്കൾ: കൃഷ്ണ ബിഹാരി വാജ്പേയി– കൃഷ്ണദേവി
പാർലമെന്ററി ജീവിതംലോക്സഭ (10 തവണ വിജയം) രാജ്യസഭ (2 തവണ വിജയം)
പ്രധാനമന്ത്രി6 വർഷം 80 ദിവസം1996 (16 ദിവസം)1998 (573 ദിവസം)1999 (1683 ദിവസം)
മറ്റു ചുമതലകൾ: പ്രതിപക്ഷ നേതാവ്, വിദേശകാര്യമന്ത്രിപാർട്ടി ചുമതലകൾ: ഭാരതീയ ജനസംഘം പ്രസിഡന്റ്, ബിജെപി പ്രസിഡന്റ്പുരസ്കാരങ്ങൾ: ഭാരതരത്നം, പത്മവിഭൂഷൺ
Source link