ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കണമെന്ന ആവശ്യം; ഇന്ത്യയ്ക്ക് വിഷമസന്ധി | മനോരമ ഓൺലൈൻ ന്യൂസ് – Sheikh Hasina extradition: Sheikh Hasina’s extradition request from Bangladesh tests India-Bangladesh relations and potentially jeopardizes regional stability | India News Malayalam | Malayala Manorama Online News
ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കണമെന്ന ആവശ്യം: ഇന്ത്യയ്ക്ക് വിഷമസന്ധി
ആർ. പ്രസന്നൻ
Published: December 25 , 2024 03:00 AM IST
1 minute Read
ഉഭയകക്ഷി ഉടമ്പടി പ്രകാരം വിട്ടുകൊടുക്കാതെ വയ്യ, മറ്റൊരു രാജ്യത്തേക്കു വിടാനും അവസരമില്ല
ഷെയ്ഖ് ഹസീന (Photo by Ludovic MARIN / AFP)
ന്യൂഡൽഹി ∙ ജനകീയ പ്രക്ഷോഭത്തെത്തുടർന്നു കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ അഭയം പ്രാപിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ ആവശ്യപ്പെട്ടത് ഇന്ത്യയെ വിഷമത്തിലാക്കി. ഇരുരാജ്യങ്ങളും തമ്മിൽ 2013 ൽ ഒപ്പിട്ടതും 2016 ൽ ഭേദഗതി ചെയ്തതുമായ കൈമാറ്റ ഉടമ്പടി പ്രകാരമാണ് ഔദ്യോഗികമായ അഭ്യർഥന. നടപടി വച്ചുതാമസിപ്പിക്കാമെങ്കിലും ബംഗ്ലദേശിലെ ഏതെങ്കിലും ക്രിമിനൽക്കോടതിയുടെ വാറന്റുമായി വീണ്ടുമയച്ചാൽ കേന്ദ്രസർക്കാരിനുമേൽ സമ്മർദമേറും.
രാഷ്ട്രീയോദ്ദേശ്യത്തോടെയുള്ള അഭ്യർഥനയാണെങ്കിൽ നിരസിക്കാമെന്ന് ഉടമ്പടിയിലുണ്ടെങ്കിലും ഹസീനയുടെമേൽ ഒന്നിലധികം കൊലപാതകക്കുറ്റങ്ങൾ നിലനിൽക്കെ ഈ വാദം ഉയർത്താൻ വിഷമമാകും. 2013 ൽ ഒപ്പിട്ട ഉടമ്പടിയനുസരിച്ചു വിട്ടുകിട്ടൽ അഭ്യർഥനയോടൊപ്പം ആരോപിക്കപ്പെടുന്ന കുറ്റം സംബന്ധിച്ച തെളിവുകൂടി നൽകണമായിരുന്നു. 2016 ൽ ഭേദഗതി ചെയ്തതോടെ തെളിവ് നൽകണമെന്നില്ലെന്നായി.
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കലാപം നയിച്ച സായുധസംഘടനകളുടെ ഒട്ടേറെ നേതാക്കളെ കൈമാറ്റ ഉടമ്പടിപ്രകാരം ബംഗ്ലദേശ് വിട്ടുനൽകിയിട്ടുണ്ട്. ഇതിൽ 2020 ൽ അസമിലെ ഉൾഫ നേതാവ് അനൂപ് ചേട്ടിയയെ വിട്ടുകിട്ടിയതാണ് ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത്. ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ള മിക്ക വിഘടനവാദി നേതാക്കളെയും ബംഗ്ലദേശ് വിട്ടുതന്നിട്ടുണ്ട്.
ഹസീനയെ മടക്കി അയക്കാതിരുന്നാൽ അത് ഇന്ത്യ–ബംഗ്ലദേശ് ബന്ധങ്ങളെ സാരമായി ബാധിക്കുമെന്നു മാത്രമല്ല, വടക്കുകിഴക്കൻ പ്രദേശങ്ങളുടെ ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയായേക്കും. ഇന്ത്യയിലെ തീവ്രവാദസംഘങ്ങൾക്കു ആയുധങ്ങൾ ബംഗ്ലദേശിലെ കോക്സ് ബസാർ വഴി എത്തിയിരുന്നതു തടഞ്ഞതും ബംഗ്ലദേശ് അധികൃതരുടെ സഹായത്തോടെയായിരുന്നു.
ഹസീനയെ ഒരു മൂന്നാം രാജ്യത്തേക്ക് അയയ്ക്കുകയാണ് ഇന്ത്യയ്ക്ക് ആലോചിക്കാവുന്ന ഒരു നടപടി. എവിടേക്ക് എന്നതാണു പ്രശ്നം. പുറത്താക്കപ്പെട്ട ഭരണാധികാരികളുടെ അഭയകേന്ദ്രമായി അറിയപ്പെടുന്നതു ലണ്ടനാണ്. എന്നാൽ, ബ്രിട്ടിഷ് നിയമമനുസരിച്ച് അവിടെയെത്തിയശേഷം അഭയം ആവശ്യപ്പെട്ടാലേ നൽകാനാവൂ.
മറ്റൊരു രാജ്യത്തുനിന്ന് അപേക്ഷ നൽകാനാവില്ല. എന്നാൽ ഇക്കാര്യത്തിൽ നയതന്ത്ര തലത്തിൽ നീക്കുപോക്കുണ്ടാക്കാനാവും. ഇതിനു ബ്രിട്ടിഷ് ഭരണകൂടം കനിയണം. അങ്ങനെയൊരു കനിവ് കാട്ടാനുള്ള ഊഷ്മളത നിലവിൽ ഇന്ത്യ–ബ്രിട്ടിഷ് ബന്ധത്തിൽ കാണുന്നുമില്ല.
English Summary:
Sheikh Hasina extradition: Sheikh Hasina’s extradition request from Bangladesh tests India-Bangladesh relations and potentially jeopardizes regional stability
mo-news-common-malayalamnews r-prasannan 40oksopiu7f7i7uq42v99dodk2-list 5cgvh16qhakomorjqlk212jik5 mo-politics-leaders-internationalleaders-sheikhhasina mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-bangladesh mo-legislature-centralgovernment
Source link