എന്താ ഇപ്പൊ ഇവിടെ നടന്നേ? ചീറിപ്പായുന്ന ട്രെയിനിനടിയിൽ കിടക്കുന്നു, ശേഷം ഒന്നുമറിയാത്ത പോലൊരു നടത്തവും

കണ്ണൂർ: ട്രെയിൻ കടന്നുപോകുന്നതിനിടെ റെയിൽവേ ട്രാക്കിൽ കിടന്ന മദ്ധ്യവയസ്‌കന് രണ്ടാം ജന്മം. കണ്ണൂർ പന്നിയൻപാറ റെയിൽവേ ട്രാക്കിലാണ് സംഭവമുണ്ടായത്. ട്രെയിൻ കടന്നുപോകുന്നതിനിടെ ഒരാൾ ട്രാക്കിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പന്നിയൻപാറ സ്വദേശി പവിത്രനാണ് വളരെ അത്ഭുതകരമായി ട്രെയിനിനടിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇപ്പോഴും സംഭവത്തിന്റെ ഞെട്ടൽ പവിത്രനുണ്ട്.

‘സ്ഥിരം നടക്കുന്ന വഴിയാണ്. ഫോണിൽ സംസാരിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ടില്ല. ശബ്‌ദം പോലും കേട്ടില്ല. അപ്പുറത്തേക്ക് ചാടാൻ കഴിയില്ലെന്ന് മനസിലായി. അതാണ് ട്രെയിൻ മുന്നിലെത്തിയപ്പോൾ പെട്ടെന്ന് അവിടെ കിടന്നത്. വണ്ടി പോകുന്നതുവരെ അനങ്ങാതെ കിടന്നു. അതിനുശേഷം എഴുന്നേറ്റ് നടന്ന് വീട്ടിലേക്ക് വന്നു. ആ പേടിയും ഞെട്ടലും ഇപ്പോഴുമുണ്ട്. അത് മാറിയിട്ടില്ല. മദ്യപിച്ചിട്ടാണെന്ന് പലരും പറയുന്നുണ്ട്. ഞാൻ മദ്യപിക്കുന്ന ആളല്ല. അറിയാതെ പെട്ടുപോയതാണ്. ആ വീഡിയോ കണ്ടപ്പോൾ പേടി തോന്നി. ഇതെങ്ങനെയാ സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല ‘ – പവിത്രൻ പറഞ്ഞു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സമീപത്തുള്ള ഒരു സ്‌കൂളിലെ ബസിലാണ് പവിത്രൻ ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ആയിരുന്നു സംഭവം.


Source link
Exit mobile version