സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി; ജീവനക്കാർ ചേർന്ന് തല്ലിക്കൊന്നു

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പ് കയറിയത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു സംഭവം. ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചുകൊന്നു.

രണ്ട് ദിവസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു. ദർബാർ ഹാളിന് പിന്നിലെ ഇടനാഴിയിലായിരുന്നു അന്ന് പാമ്പിനെ കണ്ടത്. സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന ഭാഗത്ത് വച്ച് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. എന്നാൽ, ആളുകൂടിയതോടെ പാമ്പ് ഇടനാഴിയിൽ നിന്ന് കാർഡ്‌ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങി.

ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പാമ്പ് വിഷമുള്ളതല്ലെന്നും ചുരുട്ടയാണെന്നുമായിരുന്നു ജീവനക്കാരുടെ നിഗമനം. ഈ ബ്ലോക്കിലെ ഹോളുകളെല്ലാം പി.ഡബ്ല്യു .ഡി സിവിൽ എ.ഇയുടെ നേതൃത്വത്തിൽ അടിയന്തരമായി അടയ്ക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.


Source link
Exit mobile version