കാരവാനിൽ രണ്ടുപേർ മരിച്ച സംഭവം; സംശയാസ്‌പദമായി  ഒന്നും  കണ്ടെത്തിയില്ല, പരിശോധന തുടരുന്നു

കോഴിക്കോട് : വടകര കരിമ്പനപാലത്ത് റോഡരികിൽ നിറുത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഫോറൻസിക് സംഘം, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവർ പരിശോധന നടത്തുന്നുണ്ട്. സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂവെന്നും ഡിവെെഎസ്‌പി പറഞ്ഞു. കാരവാൻ ഉടമയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് സംഭവം സംബന്ധിച്ച് ഒന്നുമറിയില്ലെന്നും ഡിവെെഎസ്‌പി കൂട്ടിച്ചേർത്തു.

മലപ്പുറം എടപ്പാളിലെ ലൈഫ്‌ലൈൻ ഹോസ്‌പിറ്റാലിറ്റി കമ്പനിയിലെ ജീവനക്കാരായ മനോജ്, ജോയൽ എന്നിവരാണ് മരിച്ചത്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശിയാണ് മനോജ്. ജോയൽ കണ്ണൂർ പറശേരി സ്വദേശിയും. കുന്നംകുളത്തുകാരായ ഒരു കുടുംബത്തെ ഞായറാഴ്‌ച ഒരു കല്യാണത്തിൽ പങ്കെടുക്കുന്നതിലേക്കായി കാരവാനിൽ കണ്ണൂരിലെത്തിച്ചിരുന്നു. ശേഷം അന്നുരാത്രി പതിനൊന്നരയോടെ ജോയലും മനോജും കണ്ണൂരിൽ നിന്ന് തിരിക്കുകയും ചെയ്തു.

പന്ത്രണ്ടരയോടെയാണ് കരിമ്പനപാലത്ത് റോഡരികിൽ വാഹനം നിറുത്തിയിട്ടത്. തിങ്കളാഴ്‌ച ഉച്ചയോടെ വാഹനം മലപ്പുറത്ത് എത്തേണ്ടതായിരുന്നു. കാരവാൻ എത്താത്തതിനെത്തുടർന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് കരിമ്പനപാലത്ത് നിർത്തിയിട്ടിരിക്കുന്നതായി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തിയത്. പിന്നാലെ പ്രദേശവാസികളിൽ ഒരാളെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

കാരവാന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. കാരവാനിൽ വാതിലിനോട് ചേർന്നായിരുന്നു മനോജിന്റെ മൃതദേഹം കിടന്നിരുന്നത്. മനോജിന്റെ കയ്യിൽ വണ്ടിയുടെ താക്കോൽ ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക് ആകാം മരണകാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ഉടൻ പൂർത്തിയാക്കി. മൃതദേഹം ക്യാരവാനിൽ നിന്ന് മാറ്റി.


Source link
Exit mobile version