നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസെെറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസെെറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
20നാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു.
കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ബാങ്ക് മുൻ പ്രസിഡന്റും സി.പി.എം മുൻ ഏരിയ സെക്രട്ടറിയുമായ വി.ആർ. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നത്. ഇതോടെയാണ് സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നത്.
സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസിൽ ആരോപണ വിധേയർക്കെതിരെ അന്വേഷണ സംഘം ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറൽ സഹകരണ സൊസെെറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. വി.ആർ. സജിയുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. സംഭവത്തിൽ കട്ടപ്പന എ.എസ്.പി രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ രണ്ട് സി.ഐമാരുൾപ്പെടെയുള്ള ഒമ്പതംഗ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തുമെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു.
Source link