തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ ചെയ്യണമെന്നും ഫയലുകൾ കെട്ടിക്കിടക്കുന്ന സ്ഥിതി അവസാനിപ്പിക്കാൻ സർക്കാർ വലിയ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമൺസ് കോളേജിൽ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കരുതലും കൈത്താങ്ങും കേരളത്തിലെ ജനങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. നേരത്തെയും സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലയിൽ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയണം. ജനങ്ങൾ എന്നുപറയുമ്പോൾ പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരും പാവപ്പെട്ടവരും സാധാരണക്കാരെയായ ആളുകളെയാണ് പ്രത്യേക കരുതലോടെ കാണേണ്ടത്. അതിനാലാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോൾ ഓരോ ഫയലിന് പിന്നിലും ഓരോ ജീവിതമുണ്ടെന്ന് കണക്കാക്കണമെന്ന് പറഞ്ഞത്.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഓഫീസുകളിൽ കയറിയിറങ്ങേണ്ടി വരുമായിരുന്നു. ഉദ്യോഗസ്ഥർക്ക് മുന്നിൽ ഭവ്യതയോടെ നിൽക്കേണ്ട ഗതികേട് ജനങ്ങൾക്കുണ്ടായിരുന്നു. ഇത് മാറേണ്ടതിനാണ് സർക്കാർ ഊന്നൽ നൽകിയത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങൾ ബുദ്ധിമുട്ടാൻ പാടില്ല. പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. സർക്കാരിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് തലംവരെയുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്.
കഴിഞ്ഞ എട്ടുവർഷവും നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്ന രീതി തുടരും. ഫയലുകൾ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള വലിയ ശ്രമം തുടരും. സെക്രട്ടറിയേറ്റിലും മറ്റ് ഓഫീസുകളിലും ഇതിനായി ഇടപെടലുകളുണ്ടാവും. കരുതലും കൈത്താങ്ങും എന്ന പരിപാടിക്കായി ജനങ്ങൾ മുന്നോട്ട് വരുന്നു. പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിക്കാൻ കഴിയുന്നുണ്ട്’- മുഖ്യമന്ത്രി വ്യക്തമാക്കി.
Source link