ന്യൂഡൽഹി: മാസപ്പടിക്കേസിൽ സിഎംആർഎല്ലിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയിൽ. സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്കും മാദ്ധ്യമങ്ങൾക്കും പണം നൽകിയത് അഴിമതി മറയ്ക്കാനാണെന്ന് എസ്എഫ്ഐഒ ആരോപിച്ചു. എസ്എഫ്ഐഒയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിൽ വാദം തുടരവേയാണ് ആരോപണം.
സിഎംആർഎല്ലിന്റെ ഹർജി നിലനിൽക്കില്ലെന്നും എസ്എഫ്ഐഒ ചൂണ്ടിക്കാട്ടുന്നു. എസ്എഫ്ഐഒയുടെ അന്വേഷണത്തെ ന്യായീകരിച്ച് ആദായ നികുതി വകുപ്പും രംഗത്തെത്തി. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് അന്തിമമല്ല. രേഖകൾ കൈമാറാൻ ഐടി വകുപ്പിന് അധികാരമുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായി നിയമങ്ങൾ ഉണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.
ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്ക് സിഎംആർഎൽ പണം നൽകിയോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതായും എസ്എഫ്ഐഒ കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എക്സാലോജിക് സിഎംആർഎൽ ഇടപാടുകളിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ കോടതിയോട് വ്യക്തമാക്കിയിരുന്നു. സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവെയാണ് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്രസർക്കാർ അഭിഭാഷകൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കാലിത്തീറ്റ കുംഭകോണ കേസിലേത് പോലെ വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാദങ്ങൾ ഒരാഴ്‌ചയ്ക്കുള്ളിൽ എഴുതി നൽകാൻ കക്ഷികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് കോടതി. ഹർജി വിധി പറയാൻ മാറ്റി.
Source link