മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു
വെഞ്ഞാറമൂട്:മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. ഇത് രണ്ടാം തവണയാണ് വെഞ്ഞാറമൂട് മേഖലയിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിക്കുന്നത്.
കാരേറ്റുമുതൽ അനുഗമിക്കുകയായിരുന്ന പള്ളിക്കൽ സ്റ്റേഷനിലെ പൊലീസ് ജീപ്പ് കമാൻഡോകൾ സഞ്ചരിച്ചിരുന്ന കറുത്ത ഇന്നോവ വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
കമാൻഡോകളുടെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതാണ് കാരണം.
പൊലീസ് ജീപ്പിന്റെ മുൻഭാഗത്ത് സാരമായി കേടു സംഭവിച്ചു. .ഇന്നലെ ഉച്ചക്ക് 12ന് എം.സി. റോഡിൽ വെഞ്ഞാറമൂട് ജംഗ്ഷന് സമീപം ഗവ. യു.പി.എസിന് മുന്നിൽ വച്ചായിരുന്നു അപകടം. കമാൻഡോകളുടെ വാഹനം തുടർന്നും മുഖ്യമന്ത്രിയുടെ വാഹനത്തെ അനുഗമിച്ചു.
കടയ്ക്കൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. ഒക്ടോബർ 28 നും വെഞ്ഞാറമൂടിന് സമീപം വച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽ പെട്ടിരുന്നു. മുൻപേ പോയ സ്‌കൂട്ടർ യാത്രിക റോഡിന് മറുവശത്തേക്ക് തിരിഞ്ഞതോടെ മുഖ്യമന്ത്രിയുടെ വാഹനം പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. പിന്നാലെ വന്ന വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
Source link