ശിവഗിരി: ശ്രീനാരായണഗുരുവിന്റെ ഉപദേശമനുസരിച്ച് സസ്യാഹാരത്തിലേക്ക് നീങ്ങുകയും ഒരു പീഡ എറുമ്പിനും വരുത്താതിരിക്കുന്നതിനു ശ്രമിക്കുകയും ചെയ്താൽ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുമെന്ന് നേച്ചർ ലൈഫ് ഇന്റർനാഷണൽ ചെയർമാൻ ഡോ. ജേക്കബ് വടക്കഞ്ചേരി പറഞ്ഞു.
92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന പ്രകൃതിയും മനുഷ്യനും ചർച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായി വരേണമെന്നാണ് ഗുരു ഉദ്ബോധിപ്പിച്ചത്. നിത്യേന കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ കൊണ്ട് സംരക്ഷിക്കപ്പെടുന്നതാണ് മനുഷ്യശരീരം. പുതിയ നല്ല ഭക്ഷണപാനീയങ്ങളിലൂടെ നല്ല കോശങ്ങളെ നിർമ്മിക്കാൻ ശരീരത്തെ സഹായിക്കുന്നതിലൂടെ രോഗബാധിതമായ അവയവത്തെ മാറ്റി നല്ല ആരോഗ്യമുള്ള ശരീരമുണ്ടാക്കാൻ സാധിക്കും. കേരളത്തിലെ പരമ്പരാഗത ചികിത്സകരെയും പ്രകൃതി ചികിത്സകരെയും മരുന്നു മാഫിയയുടെ വേട്ടയാടലിൽ നിന്നും സംരക്ഷിക്കുന്നതിനും പരമ്പരാഗത വൈദ്യന്മാരുടെ അപൂർവ്വ ചികിത്സാവിധികളെ നഷ്ടപ്പെടാതെ ശേഖരിക്കുന്നതിന് ശിവഗിരി മഠം മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ.ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവനും പരിസ്ഥിതിയും എന്ന വിഷയത്തിൽ ഗുരുദർശന രഘന പ്രഭാഷണം നടത്തി. മോഹനൻ മാന്നാനം, ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ കെ. ടി. സുകുമാരൻ, അജയൻ എസ്. കരുനാഗപള്ളി എന്നിവർ സംസാരിച്ചു. ജയശ്രീ കെ. ബി, സരള ഭാസ്ക്കർ, ഷീന. എസ്. ശിവൻ, ഗിരിജ ശിശുപാലൻ (മാതൃസഭ തിരുവനന്തപുരം) എന്നിവർ ഗുരുദേവകൃതിപാരായണം നടത്തി.
ഗുരു ധർമ്മപ്രചാരണ യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, കൺവീനർ അഡ്വ. സുബിത്ത് .എസ്. ദാസ് എന്നിവരുടെ നേതൃത്വത്തിൽ ഗുരുധർമ്മ പ്രചാരണ സഭ അംഗത്വ ഫോം വിതരണവും നടന്നു.
Source link