ന്യൂഡൽഹി ∙ ഇന്ത്യയുടെ സുരക്ഷാ–നയതന്ത്ര ചരിത്രത്തിൽ ഏറ്റവും മാനക്കേടുണ്ടാക്കിയ കാണ്ടഹാർ വിമാനറാഞ്ചലിന് ഇന്നു കാൽനൂറ്റാണ്ട്. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വിമാനത്തെയും അതിലെ യാത്രക്കാരെയും രക്ഷപ്പെടുത്താൻ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും ഉപയോഗപ്പെടുത്താതെ ഭീകരരുടെ ആവശ്യങ്ങൾക്കു വഴങ്ങേണ്ടി വന്നതാണു മാനക്കേടുണ്ടാക്കിയത്.
(Photo by SAEED KHAN / AFP)
1999 ഡിസംബർ 24നു നേപ്പാളിലെ കഠ്മണ്ഡുവിൽനിന്നു ഡൽഹിയിലേക്കു 179 യാത്രക്കാരും 11 ജീവനക്കാരുമായി ഐസി 814 എന്ന ഇന്ത്യൻ എയർലൈൻസ് വിമാനം പറന്നുയർന്ന ഉടൻ ഭീകരർ വിമാനം നിയന്ത്രണത്തിലാക്കി പാക്കിസ്ഥാനിലേക്കു പറക്കാനാവശ്യപ്പെട്ടു. പാക്ക് അധികൃതർ അനുമതി നിഷേധിച്ചപ്പോൾ ഇന്ധനം നിറയ്ക്കാൻ പഞ്ചാബിലെ അമൃത്സറിൽ ഇറക്കി. ഇന്ത്യൻ അധികൃതരുടെ ആദ്യത്തെ പിഴവ് ഇവിടെയായിരുന്നു.
(Photo by AFP)
അമൃത്സറിൽ വിമാനം എന്തെങ്കിലും കാരണം പറഞ്ഞു പിടിച്ചിട്ടു റാഞ്ചികളുമായി സംസാരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. വിമാനം റാഞ്ചിയ കാര്യം അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെയോ ആഭ്യന്തരമന്ത്രി എൽ.കെ.അഡ്വാനിയെയോ അറിയിക്കാൻ വൈകിയതാണു പ്രധാനകാരണമായി പറയപ്പെടുന്നത്. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് പോലും വേണ്ടത്ര വേഗത്തിൽ യോഗം ചേർന്നില്ല.
(Photos by BANARAS KHAN, SAEED KHAN / AFP)
ഡൽഹിക്കടുത്തുള്ള മനേസറിൽനിന്ന് അമൃത്സറിലേക്കു രക്ഷാദൗത്യവുമായി പറക്കാൻ തയാറായിരുന്ന എൻഎസ്ജി കമാൻഡോകൾക്ക് അനുമതി ലഭിക്കാതിരുന്നതാണ് മറ്റൊരു പാളിച്ച. അമൃത്സറിലെ വിമാനത്താവള അധികൃതർ ഇന്ധനം നിറയ്ക്കുന്നതു കഴിയുന്നത്ര വൈകിച്ചതുപോലും മുതലാക്കാൻ കേന്ദ്രത്തിലെ അധികൃതർക്കായില്ല. അതിനിടെ റാഞ്ചികൾ യാത്രക്കാരെ ദേഹോപദ്രവമേൽപിച്ചു തുടങ്ങിയതോടെ അധികൃതർ കൂടുതൽ സമ്മർദത്തിലായി.
(Photo by SAEED KHAN / AFP)
റാഞ്ചികളുടെ നിർബന്ധത്തിനു വഴങ്ങി പൈലറ്റ് ദേവി ശരൺ വിമാനം ലഹോറിലേക്കു കൊണ്ടുപോയെങ്കിലും പാക്ക് അധികൃതരുടെ നിസ്സഹകരണത്തെത്തുടർന്നു ദുബായിലേക്കു പറന്നു. യുഎഇ അധികൃതരുടെ സഹകരണത്തോടെ, മുറിവേറ്റ യാത്രക്കാരെയും കൊല്ലപ്പെട്ട ഒരുയാത്രക്കാരന്റെ മൃതദേഹവും റാഞ്ചികൾ വിട്ടുനൽകി.
(Photo by SAEED KHAN / AFP)
ദുബായിലേക്കു കമാൻഡോകളെ അയച്ച് രക്ഷാദൗത്യത്തിനു ശ്രമിക്കാൻ ഇന്ത്യൻ അധികൃതർ ശ്രമിച്ചിരുന്നു. അതനുവദിക്കാൻ യുഎഇ തയാറായില്ല. യാത്രക്കാർക്കു ഭക്ഷണവുമായി പോകുന്ന ട്രക്കുകൾ ഉപയോഗിച്ചു വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് താമസിപ്പിക്കാം, ആ സമയത്തു ചർച്ചകൾ നടത്തി മോചനത്തിനു ശ്രമിക്കാനാണു ദുബായ് ആവശ്യപ്പെട്ടത്. ഇതിന് ഇന്ത്യൻ അധികൃതർ തയാറായില്ലെന്നാണ് പറയപ്പെടുന്നത്.
(Photo by SAEED KHAN / AFP)
ഒടുവിൽ, വിമാനം താലിബാൻ ഭരണത്തിലായിരുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലെത്തിയതോടെ ഇന്ത്യ തികച്ചും നിസ്സഹായാവസ്ഥയിലായി. കശ്മീരിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന മസൂദ് അസ്ഹർ, ഒമർ ഷെയ്ഖ്, മുഷ്താഖ് സർഗർ എന്നിവരെ വിട്ടുകൊടുത്താണ് വിമാനത്തെയും യാത്രക്കാരെയും മടക്കിക്കൊണ്ടുവന്നത്. മാത്രമല്ല, അവസാന ചർച്ചകൾക്കായി ഇന്ത്യൻ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്, ഇന്റലിജൻസ് ബ്യൂറോ മേധാവി അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിവേക് കട്ജു എന്നിവരുമായി പോയ വിമാനത്തിൽത്തന്നെ റാഞ്ചികൾ ആവശ്യപ്പെട്ട 3 ഭീകരരെയും കൊണ്ടുപോകേണ്ടി വന്നതും നാണക്കേടുണ്ടാക്കി.
മസൂദ് അസ്ഹർ (Photo: AAMIR QURESHI/AFP)
സുരക്ഷാ പ്രതിസന്ധി ഉണ്ടാകുമ്പോൾ അതിനെ എങ്ങനെയെല്ലാം നേരിടാൻ പാടില്ല എന്നതിന് ഉത്തമ ഉദാഹരണമായാണ് കാണ്ടഹാർ സംഭവത്തെ ഇന്നു കാണുന്നത്. അന്നു മോചിപ്പിക്കപ്പെട്ട മസൂദ് അസ്ഹറാണ് പിന്നീടു ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിച്ചത്. 2001 ലെ പാർലമെന്റ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പ്രധാനസംഘം ഇതായിരുന്നുവെന്നാണു കരുതുന്നത്.
ജസ്വന്ത് സിങ് (Photo by AFP)
പലരും പ്രതീക്ഷിച്ചിരുന്നതിനു വിപരീതമായി ഏതാനും പേരുടെ മേൽ പഴിചാരി അവരെ ബലിയാടുകളാക്കി മുഖം രക്ഷിക്കാൻ വാജ്പേയി ഭരണകൂടം ശ്രമിച്ചില്ല. പകരം സംഭവത്തിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് അതേ ഉദ്യോഗസ്ഥരെക്കൊണ്ടു ക്രൈസിസ് മാനേജ്മെന്റ് സംവിധാനം പരിഷ്കരിക്കാനാണ് അദ്ദേഹം മുതിർന്നത്. അതിനാൽ 2001 ലെ പാർലമെന്റ് ആക്രമണമുണ്ടായപ്പോൾ തികഞ്ഞ സമചിത്തതയോടെ അതിനെ നേരിടാൻ ഭരണകൂടത്തിനു കഴിഞ്ഞു.
(Photo by AFP)
ഭീകരർ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിച്ചപ്പോൾ. (Photo by AFP)
Source link