വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ അന്തരിച്ചു

സംവിധായകൻ‌ ശ്യാം ബെനഗൽ അന്തരിച്ചു | മനോരമ ഓൺലൈൻ ന്യൂസ്- Shyam Benegal | Film director | Manorama Online News

വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ അന്തരിച്ചു

ഓൺലൈൻ ഡെസ്ക്

Published: December 23 , 2024 08:16 PM IST

Updated: December 23, 2024 08:56 PM IST

1 minute Read

ശ്യാം ബെനഗൽ (File Photo:PTI /Shashank Parade)(PTI06_14_2024_000362A)

മുംബൈ ∙ വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു. ഈ മാസം 14 നാണ് ബെനഗൽ 90 ാം പിറന്നാൾ ആഘോഷിച്ചത്.
ഇന്ത്യൻ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ‌ ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. പത്മശ്രീ (1976), പത്മഭൂഷൺ (1991) ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2005 ൽ‌ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി 17 വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നീര ബെനഗൽ.

പ്രശസ്ത ഫൊട്ടോഗ്രഫറായിരുന്ന ശ്രീധർ ബി, ബെനഗലിന്റെ മകനായി 1934 ഡിസംബർ 14 ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ശ്യാം ജനിച്ചത്. കർണാടക സ്വദേശിയായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ ക്യാമറ ഉപയോഗിച്ച് 12ാം വയസ്സിലാണ് ശ്യാം ബെനഗൽ ആദ്യത്തെ ചലച്ചിത്രസൃഷ്ടി നടത്തിയത്. ഉസ്മാനിയ സർ‌വകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്ററായി ജോലി ചെയ്തു. 1962 ൽ ആദ്യത്തെ ഡോക്യുമെന്ററി എ‍ടുത്തു.
1973 ലാണ് ആദ്യ സിനിമ അങ്കുർ എടുത്തത്. പിന്നീട് നിഷാന്ത്, മന്ഥൻ, ഭൂമിക എന്നീ ചിത്രങ്ങളും പുറത്തു വന്നതോടെ അക്കാലത്ത് ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി ബെനഗൽ കണക്കാക്കപ്പെട്ടു. 1966 മുതൽ 1973 വരെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായിരുന്നു. രണ്ടു തവണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായിരുന്നു. നാഷനൽ ഫിലിം ഡവലപ്മെന്റ് കോർപറേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാൻ, ബർലിൻ അടക്കമുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിൽ ബെനഗൽ‌ ചിത്രങ്ങൾ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.  അനന്ത് നാഗ്, അമരീഷ് പുരി, ഓം പുരി, നസറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിതാ പാട്ടീൽ, രജിത് കപൂർ തുടങ്ങി ഒട്ടേറെ താരങ്ങൾ ബെനഗൽ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

അങ്കുർ, നിശാന്ത്, മന്ഥൻ, ഭൂമിക, സർദാരി ബീഗം, ജുനൂൻ, കലിയുഗ്, കൊണ്ടൂറാ, ആരോഹൺ, വെൽഡൺ അബ്ബ തുടങ്ങിയവയാണ് പ്രധാന ചലച്ചിത്രങ്ങൾ.

English Summary:
Shyam Benegal death news: Renowned film director Shyam Benegal passes away at 90

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-entertainment-common-indiancinema mo-news-common-obituary mo-health-death 60e6oijioqs2e2h0lss69t0nai


Source link
Exit mobile version