കട്ടപ്പന: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ കേസിൽ കുറ്റവിമുക്തനാക്കിയ ചുരക്കുളം എസ്റ്റേറ്റിലെ അർജുൻ (25) കട്ടപ്പന കോടതിയിൽ കീഴടങ്ങി. ഇയാളെ ജാമ്യത്തിൽ വിട്ടു. ഹൈക്കോടതി നിർദേശപ്രകാരമാണ് കീഴടങ്ങൽ. പ്രതിയെ വെറുതെവിട്ട കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലായിരുന്നു നിർദേശം. പ്രതി വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇയാളുടെ പാസ്പോർട്ടും ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവമാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അന്ന് പ്രതിചേർത്ത അർജുനെ തെളിവുകളുടെ അഭാവത്തിൽ കട്ടപ്പന അതിവേഗ പോക്‌സോകോടതി കഴിഞ്ഞ വർഷം ഡിസംബർ 14നാണ് വെറുതെ വിട്ടത്. 2021 ജൂൺ 30ന് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് മൂന്ന് വയസുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 78 ദിവസങ്ങൾ കൊണ്ടാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി വന്നത്. വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നായിരുന്നു കോടതി അന്ന് പറഞ്ഞത്. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് ഇക്കാര്യം പറഞ്ഞത്. തെളിവ് ശേഖരിച്ചതിൽ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്നും കോടതി വിധി പറഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
Source link