KERALAM

പുതിയ സ്റ്റോപ്പിൽ മെമുവിനെ സ്വീകരിക്കാൻ കാത്തുനിന്ന് കൊടിക്കുന്നിൽ സുരേഷും സംഘവും, ട്രെയിൻ നിർത്താതെ പോയി

ആലപ്പുഴ: ഇന്ത്യൻ റെയിൽവേ കൊല്ലം- എറണാകുളം മെമുവിന് അനുവദിച്ച പുതിയ സ്റ്റോപ്പായ ചെറിയനാട്ടിൽ ട്രെയിൻ നിർത്തിയില്ല. ഇന്നുരാവിലെ മുതൽ സ്റ്റോപ്പ് പ്രവർത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ 7.14ഓടുകൂടി കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും യാത്രക്കാരും മെമുവിനെ സ്വീകരിക്കുന്നതിനായി കാത്തുനിന്നെങ്കിലും ട്രെയിൻ നിർത്താതെ പോവുകയായിരുന്നു.

പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി. ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. 11.50ന് തിരികെ വരുമ്പോൾ മുതൽ ട്രെയിൻ ചെറിയനാട്ടിൽ നിർത്തുമെന്നും അധികൃതർ പറഞ്ഞു.

മെമുവിന്റെ സർവീസ് ആറുമാസത്തേയ്ക്ക് നീട്ടിയപ്പോൾ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

പാലരുവി എക്‌സ്‌പ്രസ്, വേണാട് എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് പരിഗണിച്ചാണ് മെമുവിന്റെ കാലാവധി നീട്ടിയത്.

ചെറിയനാടിനുള്ള ക്രിസ്‌മസ് – ന്യൂ ഇയർ സമ്മാനമാണ് പുതിയ സ്റ്റോപ്പ് എന്നാണ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞത്. ചെറിയനാട്ടിൽ മെമുവിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി റെയിൽവേ ബോർഡ് ചെയർമാൻ, ചീഫ് പാസഞ്ചർ ട്രാഫിക് മാനേജർ,കേന്ദ്ര റെയിൽവേ മന്ത്രി എന്നിവർക്ക് കൊടിക്കുന്നിൽ സുരേഷ് എം പി നിവേദനം നൽകിയിരുന്നു.

ഡിസംബർ 23 തിങ്കളാഴ്‌ച മുതൽ 06169/70 കൊല്ലം – എറണാകുളം മെമു സ്‌പെഷ്യൽ ചെറിയനാട് സ്‌റ്റോപ്പ് പ്രവർത്തിച്ചുതുടങ്ങുമെന്നായിരുന്നു റെയിൽവേ അറിയിച്ചിരുന്നത്. മാവേലിക്കര മണ്ഡലത്തിൽ മെമുവിന് സ്റ്റോപ്പ് ഇല്ലാതിരുന്നത് ചെറിയനാട് സ്റ്റേഷന് മാത്രമായിരുന്നു. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലാണ് ചെറിയനാട് സ്റ്റേഷൻ.


Source link

Related Articles

Back to top button