KERALAM

പന്തളം നഗരസഭയിൽ വീണ്ടും ബിജെപി; പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തു

പത്തനംതിട്ട: പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം നിലനിർത്തി. കൗൺസിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. ഇടഞ്ഞ് നിന്ന മൂന്ന് ബിജെപി കൗൺസിലർമാരും അച്ചൻകുഞ്ഞ് ജോണിന് തന്നെ വോട്ട് ചെയ്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

ബിജെപി ഭരിച്ചിരുന്ന നഗരസഭയിലെ ചെയർപേഴ്സണും വെെസ് ചെയർപേഴ്സണും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ബിജെപി വിമതന്റെ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്നതിന് തലേന്നാണ് നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു രമ്യയും രാജിവച്ചത്. ഇതോടെ അവിശ്വാസം ചർച്ച ചെയ്യാൻ വിളിച്ച യോഗം റദ്ദാക്കി. ബിജെപിയിലെ മൂന്ന് കൗൺസിലർമാർ മറുകണ്ടം ചാടുമെന്ന് സൂചന ലഭിച്ചതോടെയാണ് അപ്രതീക്ഷിത രാജി.

ബിജെപി : 18, എൽഡിഎഫ് : 9, യുഡിഎഫ് : 5, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. 33 അംഗ കൗൺസിലി​ൽ സസ്പെൻഡ് ചെയ്യപ്പെട്ട ഒരംഗം ഉൾപ്പെടെ ബിജെപിയിൽ നിന്ന് മൂന്നുപേർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. അവിശ്വാസം വോട്ടിനിട്ടാൽ ബിജെപിയുടെ അംഗസംഖ്യ 15 ആയി കുറഞ്ഞേക്കുമെന്നും ഭരണം നഷ്ടപ്പെടുമെന്നും ആശങ്കയെ തുടർന്ന് നേതൃത്വം ഇടപെട്ട് രാജിവയ്പ്പിക്കുകയായിരുന്നെന്നും സൂചനയുണ്ട്.

അതേസമയം, പന്തളം നഗരസഭ കൗൺസിലർ കെ വി പ്രഭയുടെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് പാലക്കാടിന് പുറമേ ബിജെപി അധികാരത്തിലുളള നഗരസഭയാണ് പന്തളം. ചെയർപേഴ്സണായി സുശീല സന്തോഷിനെ തിരഞ്ഞെടുത്തത് മുതൽ ബിജെപിയിൽ പടലപ്പിണക്കങ്ങളായിരുന്നു. ചെയർമാനാകുമെന്ന് കരുതപ്പെട്ട മുതിർന്ന അംഗം കെ വി പ്രഭയുടെ നേതൃത്വത്തി​ൽ മറുചേരി ചെയർപേഴ്സണെതിരെ ഒളിഞ്ഞും തെളിഞ്ഞും കരുനീക്കങ്ങൾ നടത്തി. കൗൺസിൽ യോഗത്തിൽ പ്രഭയും ചെയർപേഴ്സണും തമ്മിലുള്ള പോർവിളിയുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. 2018ലെ ശബരിമല പ്രക്ഷോഭമാണ് ബിജെപിയെ പന്തളത്ത് അധികാരത്തിലെത്തിച്ചത്. എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചെട‌ുക്കുകയായിരുന്നു.


Source link

Related Articles

Back to top button