വി.ഡി.സതീശൻ അഹങ്കാരിയെന്ന് വെള്ളാപ്പള്ളി

ചേർത്തല: വി.ഡി.സതീശൻ അഹങ്കാരിയായ നേതാവാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സതീശന് പക്വതയും മാന്യതയുമില്ല.സതീശൻ പ്രതിപക്ഷ നേതാവായതോടെ പാർട്ടിയിൽ ഗ്രൂപ്പുകൾ കൂടി.കോൺഗ്രസിൽ ഇപ്പോൾ എ,ഐ ഗ്രൂപ്പുകളില്ല. വ്യക്തികളുടെ ഗ്രൂപ്പാണുള്ളത്.

വി.ഡി.സതീശനാണ് നേതൃത്വം നൽകുന്നതെങ്കിൽ 2026 ൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കേണ്ട. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ ഇനിയും അധികാരത്തിൽ വരും. എൽ.ഡി.എഫിന് കിട്ടുന്ന ഗുണം യു.ഡി.എഫിന്റെ ബലഹീനതയാണ്.

മുസ്ലിം ലീഗിന്റെ മുന്നണി മാറ്റത്തിനുള്ള സാദ്ധ്യത കാണുന്നില്ല. ലീഗ് എൽ.ഡി.എഫിലേക്ക് വരില്ല. ലീഗ് വന്നാൽ എൽ.ഡി.എഫിന്റെ മുഖച്ഛായയും മതിപ്പും നഷ്ടമാകും.ലീഗും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ആശയപരമായി നിരവധി വ്യത്യാസങ്ങളുണ്ട്. ഭരണത്തിന് വേണ്ടി മാത്രം അവർ ഒന്നിക്കുമെന്ന് കരുതുന്നില്ല. എന്നും എപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ലീഗ്.അങ്ങനെയുള്ളവരെ കൂട്ടത്തിൽ ചേർക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.


Source link
Exit mobile version