പൂരം അട്ടിമറിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, സംസ്ഥാന സർക്കാരിനെതിരെ വികാരം സൃഷ്‌ടിക്കാൻ ശ്രമിച്ചു, എഡിജിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്
തൃശൂർ: പൂരം അട്ടിമറിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. പൂരം അലങ്കോലമായത് അന്വേഷിച്ച് അദ്ദേഹം ഡിജിപിയ്‌ക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് പുറത്തുവന്നത്. എന്നാൽ ഈ റിപ്പോർട്ട് ഡിജിപി ഷേഖ് ദർവേഷ് സാഹെബ് തള്ളിയിരുന്നു. റിപ്പോർട്ടിൽ ആർക്ക് രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയാണ് തൃശൂർ പൂരം കലക്കുന്നതെന്ന് പറഞ്ഞിട്ടില്ല. എന്നാൽ ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ്, ഒരു ഉന്നത ആർഎസ്‌എസ് നേതാവ് എന്നിവരുടെ പേരുകൾ മൊഴിയിൽ നൽകിയിട്ടുണ്ട്. തിരുവമ്പാടി ദേവസ്വത്തിനെതിരെയും അജിത് കുമാർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പേരെടുത്ത് പറഞ്ഞാണ് കുറ്റപ്പെടുത്തുന്നത്. നിയമവിരുദ്ധമായ ആവശ്യങ്ങൾ മുന്നോട്ടുവച്ച് തിരുവമ്പാടി ദേവസ്വത്തിലെ ചിലർ കുഴപ്പമുണ്ടാക്കി, ഇവർ തൽപ്പര കക്ഷികളുമായി ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചു എന്നാണ് അജിത്‌കുമാർ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പൂരം അട്ടിമറിക്കണം എന്ന തീരുമാനം മുൻപേ എടുത്തിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
പൂരം നിർത്തിവയ്‌പ്പിച്ച് സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനും എതിരെ വികാരം സൃഷ്‌ടിക്കാൻ ശ്രമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിഷയം രാഷ്‌ട്രീയ ലാഭത്തിന് തൽപര കക്ഷികൾ ഉപയോഗിച്ചു എന്നെല്ലാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കമ്മിഷണർ അങ്കിത് അശോകിന്റെ പ്രവർത്തനത്തിൽ നീരസമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരും പൂരക്കാര്യം ഉപയോഗപ്പെടുത്തിയെന്നും പറയുന്നു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പൂരം അട്ടിമറി സൂചനയൊന്നും നൽകിയില്ല.
എന്നാൽ ഈ റിപ്പോർട്ട് തള്ളിയ ഡിജിപി പൂരം സുരക്ഷയിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ പരിശോധിക്കണം എന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി ആവശ്യപ്പെട്ടു. തുടർന്ന് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോഴും തുടരുന്നുണ്ട്.
Source link