തൃശൂർ: സംഘടനയുടെ ഘടന ആർ.എസ്.എസ് മാതൃകയിൽ പൊളിച്ചെഴുതിയതോടെ, ബി.ജെ.പിക്ക് 14 ജില്ലകളിലായി മുപ്പത് ജില്ലാ പ്രസിഡന്റുമാർ വരും. ഇതുസംബന്ധിച്ച നടപടി പൂർത്തിയായതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ മൂന്ന് ജില്ലാകമ്മിറ്റികൾ നിലവിൽവരും. കൊല്ലം, ആലപ്പുഴ, പാലക്കാട്, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ട് ജില്ലാ കമ്മിറ്റികളാകും ഉണ്ടാകുക. പത്തനംതിട്ട, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ വിഭജനമുണ്ടാകില്ല.
താഴെത്തട്ടിലുള്ള പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപന, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇത് പെട്ടെന്ന് നടപ്പാക്കുന്നതെന്നാണ് സൂചന. ഏതാനും വർഷം മുമ്പ് നിയോജക മണ്ഡലങ്ങൾ ബി.ജെ.പി രണ്ടാക്കി വിഭജിച്ചിരുന്നു. ഇതോടെ കൂടുതൽ സമരങ്ങൾ സംഘടിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും സാധിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തുക, തിരുവനന്തപുരം, തൃശൂർ കോർപ്പറേഷൻ ഭരണം പിടിക്കുക, നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്.
Source link