തിരുവനന്തപുരം : ആഭ്യന്തരവകുപ്പിന് കീഴിലുള്ള അതീവസുരക്ഷാ കേന്ദ്രമായ രാസപരിശോധനാലാബിൽ പരിശീലനത്തിന് വിദ്യാർത്ഥികളുടെ വൻതിരക്ക്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പരിശീലനത്തിന് അവസരമൊരുക്കുന്നത്. അപേക്ഷ ക്ഷണിച്ച് രണ്ടു ദിവസത്തിനുള്ളിൽ അപേക്ഷകർ 200 കടന്നു. ഒരു ബാച്ചിൽ 10 പേർക്ക് പരമാവധി മൂന്നു മാസമാണ് പരിശീലനം. മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം ലാബുകളിൽ പരിശീലനത്തിന് പതിനായിരങ്ങളാണ് ഫീസ് വാങ്ങുന്നത്. ഇവിടെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കുപോലും 2000 രൂപ മതി ഒരു മാസത്തേക്ക്. സംസ്ഥാനത്തുള്ളവർക്ക് 1000രൂപയും. മുൻഗണനാ വിഭാഗക്കാർക്കും എസ്.സി,എസ്.ടി വിഭാഗങ്ങൾക്കും സൗജന്യമാണ്. കേരള നോളജ് എക്കോണമി മിഷനുമായി ചേർന്നാണ് പദ്ധതി. ടോക്‌സിക്കോളജി,സീറോളജി,എക്‌സൈസ്,നാർക്കോട്ടിക്‌സ്,ജനറൽ കെമിസ്ട്രി വിഭാഗങ്ങളിൽ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർമാർ മേൽനോട്ടംവഹിക്കും. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് ലാബുകളിലാണ് പരിശീലനം നൽകുന്നത്.
പ്രവേശനം കിട്ടാൻ
1. ഫോറൻസിക്,രസതന്ത്രം,ബയോകെമിസ്ട്രി കോഴ്സുകളിൽ പി.ജി പഠിക്കുന്നവർക്കാണ് അവസരം
2. അഭിമുഖം നടത്തി പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കിയാണ് തിരഞ്ഞെടുക്കുന്നത്
3. കേസുകളിൽ ഉൾപ്പെട്ടവരെ ഒഴിവാക്കും.സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം
4. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ചീഫ് കെമിക്കൽ എക്‌സാമിനർ ഒപ്പിട്ട സർട്ടിഫിക്കറ്റ് നൽകും
കേസുകളുടെ ചുരുളഴിക്കുന്നു
കുറ്റകൃത്യങ്ങളുടെ തൊണ്ടി മുതലുകൾ പരിശോധന നടത്തി കേസുകളുടെ ചുരുളഴിക്കുന്നതിനാൽ രാസപരിശോധന ലാബുകളിലേക്കുള്ള പ്രവേശനം നിയന്ത്രിതമാണ്. കൊലപാതകം, മനുഷ്യർക്കും മൃഗങ്ങൾക്കുമുണ്ടാകുന്ന വിഷബാധ, മയക്കുമരുന്നുകൾ, സ്‌ഫോടക വസ്തുക്കൾ, പെട്രോളിയം ഉത്പന്നങ്ങൾ, അബ്കാരി കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ സാമ്പിൾ പരിശോധന ടോക്‌സിക്കോളജി, നാർക്കോട്ടിക്‌സ്, ജനറൽ കെമിസ്ട്രി, എക്‌സൈസ് വിഭാഗങ്ങളിലാണ്. കൊലപാതകങ്ങളുടെയും ലൈംഗിക കുറ്റകൃത്യങ്ങളിലെയും ശരീരസ്രവങ്ങളുടെ പരിശോധന സീറോളജി വിഭാഗത്തിലാണ് നടക്കുക.
.
വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ഫീസിൽ മെച്ചപ്പെട്ട പരിശീലന അവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം.
-എൻ.കെ.രഞ്ജിത്ത്
ചീഫ് കെമിക്കൽ എക്‌സാമിനർ
Source link